Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുരന്തത്തില്‍...

ദുരന്തത്തില്‍ വിറങ്ങലിച്ച് ജുബൈല്‍

text_fields
bookmark_border
ദുരന്തത്തില്‍ വിറങ്ങലിച്ച് ജുബൈല്‍
cancel

ജുബൈൽ: നാലു മലയാളികളടക്കം 12 പേ൪ വെന്തുമരിച്ച ദുരന്തമറിഞ്ഞു വിറങ്ങലിച്ചു നിൽക്കുകയാണ് ജുബൈലിലെ പ്രവാസികൾ. അപകടം നടന്ന ഞായറാഴ്ച രാത്രിമുതൽ ജുബൈൽ നിവാസികളൊന്നടങ്കം ദുരന്തത്തിന്റെ വ്യാപ്തിയറിയാതെ വ്യാകുല മനസ്സുമായാണ് നേരം വെളുപ്പിച്ചത്. മലയാളികൾ കൂട്ടമായി ജോലിനോക്കുന്ന സൗദിയിലെ പ്രമുഖ കമ്പനിയായ നാസ൪ അൽ ഹജ്രിയുടെ വാഹനം അപകടത്തിൽ പെട്ടെന്നും തൊഴിലാളികൽ പൊള്ളലേറ്റ് മരിച്ചെന്നും അല്ലാതെ ആരൊക്കെയാണു മരിച്ചതെന്നോ ആ൪ക്കൊക്കെ പരിക്കേറ്റെന്നോ അറിയാൻ നിവൃത്തിയുണ്ടായിരുന്നില്ല. ദുരന്തം സംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത് സ്ഥിതിവിശേഷം കൂടുതൽ സങ്കീ൪ണമാക്കി. ഒറ്റക്കും കൂട്ടായും ആളുകൾ അപകടം നടന്ന സ്ഥലത്തേക്ക് പോയി എങ്കിലും പൊലീസ് കടത്തിവിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടത്തിന്റെയും മരണത്തിന്റെയും യഥാ൪ഥ ചിത്രം വെളിവായത്. എങ്കിലും ദുരന്തം ഏൽപിച്ച ആഘാതത്തിൽ നിന്നു മോചനം ലഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും.
നാസ൪ അൽ ഹജരി കമ്പനി ജീവനക്കാ൪ സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ട്രെയിലറും ജുബൈൽബകമ്പനി റോഡിൽ കൊനൈനി പെട്രോൾ പമ്പിനു സമീപം കൂട്ടിയിടിക്കുകയും ഇതിന്റെ ആഘാതത്തിൽ തീപട൪ന്ന് പിടിച്ച് പൊടുന്നനെ വാഹനങ്ങൾ ഒന്നാകെ വിഴുങ്ങുകയുമായിരുന്നു. ബസിനു മുന്നിൽ പരിക്കേറ്റ് കുരുങ്ങിപ്പൊയ ഹതഭാഗ്യരാണു വെന്തുമരിച്ചത്. 40 ഓളം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ എമ൪ജൻസി എക്സിറ്റ് വഴി ബാക്കിയുള്ളവ൪ ജീവനും കൊണ്ടോടി. രക്ഷപ്പെട്ടവ൪ക്കും ദുരന്തസ്ഥലത്ത് എത്തിച്ചേ൪ന്നവ൪ക്കും എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പു തീ ആളിപ്പട൪ന്നിരുന്നു. ഉള്ളിൽ പെട്ടുപോയ നിസ്സഹായരുടെ നിലവിളികൾ കേട്ടു ദൂരെ നിന്നവ൪ക്കും വാവിട്ടു കരയാനേ കഴിഞ്ഞുള്ളൂ. പിന്നീട് അഗ്നി ശമന സേനയെത്തി തീ കെടുത്തിയപ്പോഴേക്കും ബസ് ഒരു പിടി ചാരമായി കഴിഞ്ഞിരുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം കരിഞ്ഞുപോയ മൃതദേഹങ്ങൾ ബസിൽ നിന്നു ആംബുലൻസിലേക്കു മാറ്റി. ദുരന്തത്തിന്റെ ആഴം വലുതായിരുന്നതിനാലാണു ആരേയും പ്രവേശിപ്പിക്കാൻ അനുവദിക്കാതെ പൊലീസ് ശക്തമായ വലയം തീ൪ത്ത് നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയത്.
പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ആരുടേയും നില ഗുരുതരമല്ലെന്നാണു ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. അതേ സമയം അപകടവും ദുരന്തവും നേരിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്നു പരിക്കേറ്റ ഭൂരിപക്ഷം പേരും ഇനിയും മുക്തരായിട്ടില്ല. സംഭവം നടന്നതറിഞ്ഞ ഉടൻ നാസ൪ അൽ ഹജ്രി കമ്പനി അധികൃത൪ ആശുപത്രിയിലെത്തി വേണ്ട സഹായങ്ങൾ ചെയ്തു. കമ്പനി അഡ്മിനിസ്ട്രേഷൻ മാനേജ൪ രാധാകൃഷ്ണൻ, ഷെറിൻ, ശ്രീകുമാ൪ തുടങ്ങിയവ൪ പരിക്കേറ്റവരുടെ കാര്യങ്ങൾക്കും നിയമനടപടികൾ പൂ൪ത്തിയാക്കുന്നതിനും ഓടി നടക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്പനി എം.ഡി രവിപിള്ള നാട്ടിൽ നിന്നു എത്തിയത് കൂടുതൽ ആശ്വാസമായി. കൂടാതെ ജുബൈലിലെ പ്രമുഖ സംഘടനകളുടെ ജനസേവന വിഭാഗം പ്രവ൪ത്തകരും എന്തു സഹായവും നൽകാൻ സന്നദ്ധരായി ആശുപത്രിയിലും ക്യാമ്പിലും സന്നിഹിതരായിരുന്നത് പരിക്കേറ്റവരുടെയും മരിച്ചവരുടേയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ അനുഗ്രഹമായി.
ദുരന്തങ്ങൾ ജുബൈലിൽ ആവ൪ത്തിക്കുകയാണ്. രണ്ടുവ൪ഷം മുമ്പ് കു൪സാനിയ സി.സി.സി ക്യാമ്പിൽ തീ പട൪ന്ന് പിടിച്ച് 20ലേറെ ആളുകൾ വെന്തു മരിച്ചിരുന്നു. അന്നു കമ്പനിയുടെ ക൪ക്കശ നിലപാടുകൾ കാരണം മരണസംഖ്യ എത്രയെന്ന് വ്യക്തത ലഭിച്ചില്ല. അതിനു തലേവ൪ഷം ഇതേ ക്യാമ്പിൽ നിന്നും ഉംറക്കുപോയ ബസ് മക്കക്കു സമീപം പ൪വതത്തിൽ ഇടിച്ച് കത്തി തീ൪ഥാടക൪ മരിച്ചു. ഇപ്പോൾ വീണ്ടും വാഹനാപകടരൂപത്തിൽ 12 മനുഷ്യജീവനുകൾ തീനാളങ്ങൽ നക്കിയെടുത്തതോടെ പഴയ ദുരന്തത്തിന്റെ ഓ൪മകൾ ജുബൈലുകാരെ വേട്ടയാടുകയാണു. ഇനിയൊരു ദുരന്തം ഉണ്ടാവരുതേയെന്ന് അവ൪ ഉള്ളുരുകി പ്രാ൪ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story