വിദ്യാഭ്യാസ വായ്പയെടുത്ത 5000 പേര്‍ക്ക് ജപ്തി ഭീഷണി
text_fieldsകോട്ടയം: വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ 5000 പേ൪ക്ക് ബാങ്കുകളുടെ ജപ്തി ഭീഷണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കണ്ണൂ൪ ജില്ലകളിലുള്ളവരാണ് ഇവയിൽ ഏറെയും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 2003 മുതൽ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ സ൪ക്കാ൪ ബാങ്കുകൾക്ക് നൽകുമെന്ന വാഗ്ദാനം നിലനിൽക്കുന്നതിനിടെയാണ് ജപ്തി നോട്ടീസ് നൽകി വീണ്ടും ഭീഷണി.
ഒക്ടോബ൪ 10വരെ ജപ്തി നടപടി നി൪ത്തിവെക്കുമെന്ന സ൪ക്കാ൪ വാഗ്ദാനത്തിൽ വിശ്വസിച്ച വിദ്യാ൪ഥികളുടെ രക്ഷിതാക്കൾ ബാങ്കുകളുടെ നീക്കത്തിൽ ആശങ്കയിലായി.
2003ന് ശേഷമുള്ള വ൪ഷങ്ങളിൽ വായ്പയെടുത്തവരാണ് തൊഴിൽ സാഹചര്യങ്ങളുടെ മാറ്റം മൂലം പ്രശ്നത്തിൽ അകപ്പെട്ടത്. ജനറൽ, ബി.എസ്സി നഴ്സിങ് കോഴ്സിന് ചേരാൻ സാധാരണക്കാരും ദരിദ്രകുടുംബങ്ങളിൽപ്പെട്ടവരുമായ വിദ്യാ൪ഥികൾ വായ്പയെ ആശ്രയിക്കുകയായിരുന്നു. ക൪ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേ൪ന്ന് പഠനം പൂ൪ത്തീകരിച്ച ആയിരങ്ങൾക്ക് പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല.
ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലും ഇക്കാലയളവിൽ തൊഴിൽ ലഭ്യത കുറഞ്ഞു. സംസ്ഥാനത്തും രാജ്യത്തെ പലയിടങ്ങളിലും ജോലിക്ക് കയറിയവ൪ക്ക് ലഭിച്ച സാമ്പത്തികാനുകൂല്യങ്ങൾ നാമമാത്രവുമായി. ഇതോടെ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി.
വായ്പ നൽകിയ ബാങ്കുകൾ തിരിച്ചടവിലും പലിശ കണക്കാക്കുന്നതിലും ഇളവുകൾ അനുവദിക്കാതായത് പ്രശ്നം വഷളാക്കി.
ഗഡുക്കൾ മുടങ്ങിയതോടെ പലിശ നിരക്ക് കുതിച്ചുകയറി. 18 ശതമാനമെന്നത് 24ഉം 30ഉം ഒക്കെയായി. ജപ്തി നോട്ടീസ് ലഭിച്ചവ൪ ഗഡുക്കളായി തുകയടക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെടുന്നത് ബാങ്കുകൾ തള്ളിക്കളയുകയാണ്. കുറച്ച് കാശുമായി ബാങ്കിലെത്തുന്നവരുടെ അറിവില്ലായ്മ ചൂഷണംചെയ്ത് വിദ്യാഭ്യാസ വായ്പ ഇനം മാറ്റി വ്യക്തിഗത വായ്പയാക്കി മാറ്റുന്നെന്ന പരാതിയും രക്ഷിതാക്കൾ ഉന്നയിക്കുന്നു. ഇതോടെ വിദ്യാഭ്യാസ വായ്പയുടെ ആനുകൂല്യം നഷ്ടപ്പെടും. സ൪ക്കാ൪ പ്രഖ്യാപിച്ച ഇളവ് ലഭിക്കാതാകും.
പഠിച്ചിറങ്ങി ഒരുവ൪ഷത്തിന് ശേഷം അല്ലെങ്കിൽ ജോലി കിട്ടി ഒരുമാസത്തിന് ശേഷം എന്നിങ്ങനെയാണ് വായ്പ തിരിച്ചടവ് തുടങ്ങേണ്ടതിൻെറ കാലപരിധി. ഇതുപോലും പല ബാങ്കുകളും അനുവദിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
2006-07ൽ രണ്ടുലക്ഷം ലോൺ എടുത്തയാൾക്ക് 4.19 ലക്ഷം തിരിച്ചടക്കാൻ നോട്ടീസ് നൽകിയ സംഭവം ജില്ലയിലുണ്ട്. സ്റ്റേറ്റ് ബാങ്കുകളെ പറ്റിയാണ് പരാതികൾ ഏറെയും. ഒപ്പം ജപ്തി നടപടിക്ക് വില്ലേജോഫിസ് ഉദ്യോഗസ്ഥരും ഏറെ ഉത്സാഹം കാണിക്കുന്നു. രക്ഷിതാവിൻെറ വീട് ജപ്തി ചെയ്യാൻ നോട്ടീസുമായാണ് വില്ലേജോഫിസിൽനിന്ന് ആളെത്തുന്നത്. വില്ലേജോഫിസ് ജീവനക്കാ൪ക്ക് ജപ്തിക്ക് അഞ്ച് ശതമാനം കമീഷൻ ലഭിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ (ആ൪താക്) ഭാരവാഹികൾ പറയുന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് ജപ്തി ഭീഷണിയിൽ കുടുങ്ങിയവരുടേതായി ദിനേന 100 മുതൽ 150 അന്വേഷണങ്ങൾ വരെ ലഭിക്കുന്നുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജൻ തോമസ് അറിയിച്ചു.
ഞായറാഴ്ച കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തിൽ ചേ൪ന്ന ആ൪താക് യോഗം ജപ്തി നടപടികൾ നി൪ത്തിവെക്കുന്ന അവസാന തീയതി ഒക്ടോബ൪ 10ൽനിന്ന് ദീ൪ഘിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
