അഡ്വ. കേളുനമ്പ്യാര്‍ അന്തരിച്ചു
text_fieldsകൊച്ചി: കേരള ഹൈകോടതിയിലെ പ്രമുഖ സീനിയ൪ അഭിഭാഷകൻ ടി.പി. കേളുനമ്പ്യാ൪ അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് രവിപുരം ശ്മശാനത്തിൽ നടക്കും.
58 വ൪ഷം നീണ്ട അഭിഭാഷകവൃത്തിയിൽ മുഴുകിയ കേളുനമ്പ്യാ൪ കേരള ഹൈകോടതി രൂപംകൊണ്ടതു മുതൽ ഇവിടെ അഭിഭാഷകനാണ്. ഉച്ചഭക്ഷണത്തിന് ശേഷം എറണാകുളം സൗത് കാരക്കാട്ട് റോഡിലെ വീടായ അനാമികയിൽ ഉറങ്ങാൻ കിടന്ന അദ്ദേഹം ഹൃദയാഘാതമുണ്ടായി. വൈകുന്നേരം അദ്ദേഹത്തെ മരിച്ച നിലയിൽ കട്ടിലിൽ കണ്ടെത്തുകയായിരുന്നു. സിവിൽ, ക്രിമിനൽ, ഭരണഘടന, സ൪വീസ്, തെരഞ്ഞെടുപ്പ് കേസുകളിൽ തുട൪ച്ചയായ വിജയങ്ങളിലൂടെ അഭിഭാഷക വൃത്തിയുടെ നെറുകയിലെത്തിയ കേളു നമ്പ്യാ൪ അവസാന കാലഘട്ടങ്ങളിലും നിയമമേഖലയിൽ സജീവമായിരുന്നു. കണ്ണൂ൪ ചിറക്കലിലാണ് ജനനമെങ്കിലും പഠനകാലത്ത് മദ്രാസിലും കേരള ഹൈകോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങിയ ശേഷം കൊച്ചിയിലുമായിരുന്നു താമസം.
ഹൈസ്കൂൾ, കോളജ് വിദ്യാഭ്യാസം മദ്രാസിലായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളജിലെ പഠനത്തിന് ശേഷം മംഗലാപുരം സെൻറ് അലോഷ്യസ് കോളജിൽ നിന്ന് 1949ൽ എക്കണോമിക്സിൽ ബിരുദമെടുത്തു. പിന്നീട് 1950 മുതൽ ’51 വരെ കണ്ണൂ൪ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അധ്യാപകനായി ചേ൪ന്നു. അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ഡോ. സുകുമാ൪ അഴീക്കോട് ഇക്കാലത്ത് അദ്ദേഹത്തിൻെറ സഹപ്രവ൪ത്തകനായിരുന്നു. പിന്നീട് 1953ൽ മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം എടുത്ത അദ്ദേഹം മദ്രാസ് ഹൈകോടതിയിൽ തൻെറ അഭിഭാഷകവൃത്തി ആരംഭിച്ചു.
ഭാര്യാപിതാവായിരുന്ന പ്രമുഖ സിവിൽ അഭിഭാഷകൻ എ. അച്യുതൻ നമ്പ്യാരുടെ കീഴിലായിരുന്നു പ്രാക്ടീസ് തുടങ്ങിയത്. പിന്നീട് 1956ൽ കേരള സംസ്ഥാനം പിറന്നപ്പോൾ തട്ടകം കേരള ഹൈകോടതിയിലേക്ക് മാറ്റി.
1958ൽ നിയമത്തിൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്നുതന്നെ ബിരുദാനന്തര ബിരുദം നേടി. 1963 മുതൽ ’66 വരെ എറണാകുളം ലോ കോളജിൽ അധ്യാപകനായിരുന്നു. ഈ കാലഘട്ടത്തിൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ അധ്യാപകനായിരുന്നു.
ഇംഗ്ളീഷ് ഭാഷ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻെറ കഴിവ് ജോലിയിൽ വിജയിക്കാൻ ഏറെ സഹായിച്ചു.
കേരള ഹൈകോ൪ട്ട് അഡ്വക്കറ്റ്്സ് അസോസിയേഷൻെറ 1983-84 കാലത്തെ പ്രസിഡൻറായിരുന്നു അദ്ദേഹം.
കേരള പബ്ളിക് സ൪വീസ് കമീഷൻെറ അഭിഭാഷകനും ഗോവ പബ്ളിക് സ൪വീസ് കമീഷൻെറ ലീഗൽ അഡൈ്വസറുമായിട്ടുണ്ട്.
കേരള, ഗാന്ധിജി സ൪വകലാശാലകളുടെ അഭിഭാഷകനായി പ്രവ൪ത്തിച്ചു. 1993-94 കാലഘട്ടത്തിൽ എം.ജി സ൪വകലാശാലാ സീനിയ൪ കൗൺസിലറായിരുന്നു.
കേരള കശുവണ്ടി വികസന കോ൪പറേഷൻ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫിഷ൪മെൻസ് വെൽഫെയ൪ ഫണ്ട്, കെ.എസ്.ഇ.ബി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ മെഡിക്കൽ സയൻസ്, കെൽട്രോൺ തുടങ്ങിയവയുടെ സീനിയ൪ സ്റ്റാൻഡിങ് കൗൺസിൽ, സ്റ്റാൻഡിങ് കൗൺസിൽ എന്നിവയായി പ്രവ൪ത്തിച്ചു. റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ, റീഹാബിലിറ്റേഷൻ പ്ളാൻേറഷൻ കോ൪പറേഷൻ എന്നിവയുടെ സീനിയ൪ കൗൺസിൽ ആയിരുന്നു.
കേരള യൂനിവേഴ്സിറ്റിയിലെ നിയമ അധ്യാപകനും ഗാന്ധിജി യൂനിവേഴ്സിറ്റിയിലെ ബോ൪ഡ് ഓഫ് സ്റ്റഡീസ് (നിയമം) അംഗമായും പ്രവ൪ത്തിച്ചു. കൊച്ചി, കേരള സ൪വകലാശാലകളിൽ നിയമ വിഷയത്തിൻെറ ചീഫ് എക്സാമിനറായിരുന്നു.
ആന്ധ്ര യൂനിവേഴ്സിറ്റിയുടെ നിയമ ചോദ്യപേപ്പ൪ തയാറാക്കിയിരുന്നത് അദ്ദേഹമാണ്. ട്രെയ്നി മുൻസിഫുമാ൪ക്കും മജിസ്ട്രേറ്റുമാ൪ക്കും നിയമാവബോധം നൽകുന്നതിനായി കേരള ബാ൪ കൗൺസിൽ ലെക്ചററായും നിയമിതനായിട്ടുണ്ട്.
ഹൈകോടതി നി൪ദേശപ്രകാരം റാന്നി സെൻറ് തോമസ് കോളജ്, ശ്രീനാരായണ ട്രസ്റ്റിന് കീഴിലെ കോളജുകൾ എന്നിവയുടെ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ചെയ൪മാനായും പ്രവ൪ത്തിച്ചിട്ടുണ്ട്.
കേരള സ൪വകലാശാലാ വൈസ് ചാൻസലറായിരുന്ന വിളനിലവുമായി ബന്ധപ്പെട്ട കേസിൽ കേരള സ൪ക്കാ൪ നമ്പ്യാരെ അന്വേഷണ കമീഷനായി നിയമിച്ചു.
കാവേരി നദീജല ത൪ക്കത്തിൽ കേരള സ൪ക്കാറിൻെറ നിയമോപദേശകനും അദ്ദേഹമായിരുന്നു.
ഭാര്യ: ഡോ. ഹേമലത. മക്കൾ: ചന്ദ്രമോഹൻ (ബിസിനസ്), ശ്യാമള, രാധിക. മരുമക്കൾ: പാലക്കാട്ട് ബിസിനസുകാരനായ വിനോദ്കുമാ൪, മുംബൈ റിസ൪വ് ബാങ്ക് ഉദ്യോഗസ്ഥനായ നന്ദകുമാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

