തിരുവല്ല: ഡി.വൈ.എഫ്.ഐ -ആ൪.എസ്.എസ് സംഘ൪ഷം നിലനിൽക്കുന്ന നിരണത്ത് ഹ൪ത്താൽ ദിനത്തിലും സംഘ൪ഷം. വെള്ളിയാഴ്ച രാത്രി എൽ.ഡി.എഫ്, ആ൪.എസ്.എസ് അനുഭാവികളുടെ ഓരോ വീടുകൾക്കുനേരെ ആക്രമണമുണ്ടായി. രണ്ടുപേ൪ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എൽ.ഡി.എഫ് അനുഭാവി നിരണം വടക്കുംഭാഗം പന്തക്കാട്ട് അമ്പിളിമാലിൽ കെ.ജി. മോഹനൻ (56), ഭാര്യ വത്സമ്മ (50) എന്നിവരെയാണ് പരിക്കുകളോടെ പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുല൪ച്ചെ രണ്ടിന് കോടാലി ഉപയോഗിച്ച് വീടിൻെറ മുൻഭാഗത്തെ കതക് വെട്ടിപ്പൊളിച്ച് വീടിനുള്ളിൽ കയറി മുളകുപൊടി വിതറിയായിരുന്നു ആക്രമണം. മോഹനൻെറ മകൻ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനായ ഷിജുവിനെ അപായപ്പെടുത്താൻ എത്തിയ കണ്ടാലറിയാവുന്ന 25ഓളം വരുന്ന സംഘത്തിനെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.
ബി.ജെ.പി അനുഭാവിയായ നിരണം വടക്കുഭാഗം വടക്കേപറമ്പിൽ രാമകൃഷ്ണപിള്ളയുടെ (68) വീടും പുല൪ച്ചെ 1.30 ന് ആക്രമിക്കപ്പെട്ടു. വീടിൻെറ കതകും ജനൽച്ചില്ലുകളും തക൪ത്തിട്ടുണ്ട്. ഇവിടെയും കണ്ടാലറിയാവുന്ന 25 പേ൪ക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.
നിരണം വടക്കുംഭാഗത്ത് നാലുദിവസമായി അക്രമം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലുണ്ടായതുൾപ്പെടെ നാല് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. തിരുവല്ല ഡിവൈ.എസ്.പി സാബു പി. ഇടിക്കുളയുടെ നേതൃത്വത്തിൽ 200ഓളം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സമീപത്തെ നാല് പൊലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ട൪മാരുടെ നേതൃത്വത്തിൽ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 11 ന് തിരുവല്ല-മാന്നാ൪ റൂട്ടിൽ നിരണം സൈക്കിൾമുക്ക് ജങ്ഷനിൽ ഹ൪ത്താൽ അനുകൂലികൾ ഇരുചക്രവാഹനങ്ങൾ നിരത്തിവെച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചത് പുളിക്കീഴ് എസ്.ഐ ആസാദ് അബ്ദുൽകലാം മാറ്റിയിരുന്നു. അതിനിടെ, അതുവഴി എത്തിയ സ്വകാര്യ ജീപ്പ് ഹ൪ത്താൽ അനുകൂലികൾ തടഞ്ഞുനി൪ത്തുകയും എസ്.ഐയുടെ മുന്നിൽവച്ച് ജീപ്പിൻെറ ചില്ല് തക൪ക്കുകയും ചെയ്തു. പൊലീസ് രണ്ടുപേരെ പിടികൂടിയെങ്കിലും മറ്റുള്ളവ൪ ഓടി രക്ഷപ്പെട്ടു. സ്റ്റേഷനിലെത്തിച്ച പ്രതികളെ വൈകുന്നേരം വിട്ടയച്ചു.
തിരുവല്ലയിൽ എം.സി റോഡിൽ ടൗണിലും പരിസരങ്ങളിലും കടകൾ പൂ൪ണമായും അടഞ്ഞുകിടന്നു. സ൪ക്കാ൪ ഓഫിസുകളിൽ ഹാജ൪നില കുറവായിരുന്നു. കേന്ദ്ര-സംസ്ഥാന സ൪ക്കാ൪ ഓഫിസുകൾ മിക്കതും തുറന്നില്ല.
ദേശസാത്കൃത ബാങ്കുകളും പെട്രോൾ പമ്പുകളും മെഡിക്കൽ സ്റ്റോറുകളും തുറന്നു പ്രവ൪ത്തിച്ചില്ല. ഉച്ചക്ക് രണ്ടോടെ ഇരുചക്രവാഹനങ്ങൾ ഓടിത്തുടങ്ങി. വൈകുന്നേരം നാലോടെ മറ്റ് വാഹനങ്ങളും ആറ് മണിയോടെ ബസുകളും ഓട്ടം പുനരാരംഭിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2012 11:40 AM GMT Updated On
date_range 2012-09-16T17:10:42+05:30ഡി.വൈ.എഫ്.ഐ -ആര്‍.എസ്.എസ് സംഘര്‍ഷം: നിരണത്ത് രണ്ട് വീടുകള്‍ക്കുനേരെ ആക്രമണം
text_fieldsNext Story