കോലങ്ങള്‍ എഴുന്നള്ളി; പടയണിരാവ് പുലര്‍ന്നു
text_fieldsകോട്ടയം: പതിനാറ് രാവുകൾ നിഷ്ഠയോടെ കാത്തിരുന്ന പടയണിരാവിൽ നീലംപേരൂരിൽ പടയണിക്കോലങ്ങൾ എഴുന്നള്ളിയെത്തി. പുത്തനന്നങ്ങൾക്ക് പിറകെ കുടംപൂജകളിയും തോത്താകളിയും കഴിഞ്ഞ് വല്യന്നങ്ങൾ, രാവണൻ, ഭീമൻ, യക്ഷി തുടങ്ങിയ കെട്ടുകാഴ്ചകൾ ഒന്നൊന്നായി കുഴഞ്ഞ മണ്ണിലേക്ക് വന്നിറങ്ങി. താമരയിലയും വാഴപ്പോളയും ചെത്തിപ്പൂവും കൊണ്ട് തീ൪ത്ത ശിൽപ്പവിസ്മയങ്ങളാണ് കെട്ടുകാഴ്ചക്കായി അവതരിച്ചത്. രാവിലെ ഭഗവതിക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിച്ചു.
രാത്രി എട്ടോടെ പുത്തനന്നങ്ങളുടെ തേങ്ങമുറിക്കൽ ചടങ്ങ് നടന്നു. തുട൪ന്ന് അഗ്നിയെ വന്ദിച്ച് കുടംപൂകളി, കുചേലവൃത്തവും സ്യമന്തകവും രാമായണവും ചൊല്ലി ആഴിക്ക് ചുറ്റും താളത്തിൽ ഭക്ത൪ ചുവടുവെച്ചു. ശേഷം തോ൪ത്ത് വീശി തോത്താകളി. ചെണ്ട, കൈമണി, വീക്കൻ എന്നിവ തോത്താകളിയുടെ താളമായി. പിന്നീട് കരക്കാരുടെ തോളിലേറി 90 പുത്തൻ അന്നങ്ങൾ എഴുന്നള്ളി.
രാത്രിവൈകി തേരിൽ പൂട്ടിയ വല്യന്നത്തിൻെറ എഴുന്നള്ളിപ്പോടെ ഭക്തിയുടെ ഉന്മാദം പാരമ്യതയിലെത്തി.
ദേവീ വാഹനമായ സിംഹം നടയിൽ എഴുന്നള്ളിയപ്പോൾ താളമേളങ്ങളുടെ ഉച്ചസ്ഥായിയിൽ ക്ഷേത്രമുറ്റത്തെ അരയാലിന് ചുറ്റും പനങ്കൈയുമായി ഭക്ത൪ പ്രദക്ഷിണം വെച്ചു.
പടയണിക്കളത്തിൽ ഭക്ത൪ പനയോല അടിച്ചതോടെ ഇക്കൊല്ലത്തെ പടയണിക്ക് സമാപനമായി. ഇത്തവണത്തെ വ്രതക്കാരനാകാൻ പുറനാട്ടുചിറ പത്മനാഭപിള്ളക്കായിരുന്നു നിയോഗം. അവിട്ടം നാൾമുതൽ ചൂട്ടുകത്തിച്ചുപിടിച്ച് രാവിനെ പകലാക്കി ആഘോഷമാക്കിമാറ്റിയ നീലംപേരൂരിൻെറ പടയണിക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
