പ്രവാചകനിന്ദക്കെതിരെ സമാധാനപരമായി പ്രതികരിക്കുക: ഖറദാവി
text_fieldsദോഹ: കാ൪ട്ടൂണുകളും ചലച്ചിത്രങ്ങളും വഴി പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കുന്നതിനെതിരെ സമാധാനപരമായും സംസ്കാരം കൈവിടാതെയും പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷൻ ഡോ. യൂസുഫുൽ ഖറദാവി ആഹ്വാനം ചെയ്തു.
മദീന ഖലീഫയിലെ ഉമ൪ബിൻ ഖതാബ് പള്ളിയിൽ നടത്തിയ ജുമുഅ പ്രഭാഷണത്തിനും നമസ്കാരത്തിനും ശേഷം നടന്ന പ്രതിഷേധ പ്രകടനത്തിന് അദ്ദേഹം വാഹനത്തിലിരുന്ന് നേതൃത്വം നൽകി.
ലോകജനസംഖ്യയുടെ നല്ലൊരുശതമാനം വരുന്ന മുസ്ലിംകൾ മനുഷ്യത്വവിരുദ്ധമായ ഒരു പ്രവ൪ത്തനവും നടത്തുന്നില്ല. സ്വന്തമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വ്യാപൃതരാണവ൪. അറബ്വസന്ത കാലത്ത് സ്വാതന്ത്ര്യം നേടിയെടുക്കാനും നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കും വേണ്ടിയാണ് സമരം ചെയ്തത്. എന്നാൽ ജനകോടികളുടെ വികാരം വ്രണപ്പെടുത്തി ഡെൻമാ൪ക്കിലിറങ്ങിയ കാ൪ട്ടൂണിനെതിരെ അവ൪ക്ക് രംഗത്തിറങ്ങേണ്ടിവന്നു. മനുഷ്യരാശിയുടെ ചരിത്രത്തിൽ മഹത്തായ സ്വാധീനം ചെലുത്തിയ പ്രവാചകനെ നിന്ദിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും ഇൻറ൪നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. ഖു൪ആൻ കത്തിക്കാൻ മുൻകൈയ്യെടുത്ത വ്യക്തിക്ക് ഇതിൽ പങ്കുണ്ടെന്ന് പറയപ്പെടുന്നു.
ഈജിപ്തിൽ മുസ്ലിംകൾക്കൊപ്പം സഹവസിച്ച ശേഷം അമേരക്കയിലേക്ക് കുടിയേറിയ കോപ്റ്റിക് വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നറിയുന്നത് ഖേദകരമാണ്. അമേരിക്കൻ ഭരണകൂടത്തിന് ഇതിൽ പങ്കില്ലെങ്കിലും ഇത്തരം പ്രവ൪ത്തനങ്ങൾ തടയാൻ അവ൪ ശ്രമിക്കണം. ആട്ടിടയനായും വ്യാപാരിയായും മധ്യസ്ഥനായും കുടുംബനാഥനായും ഭരണത്തലവനായും ചരിത്രത്തിൽ ശോഭിച്ച പ്രവാചകൻ സ൪വ്വജനവിഭാഗങ്ങളുടെയും ഗുണകാംക്ഷിയായിരുന്നു. ച൪ച്ചുകളും സിനഗോഗുകളും തക൪ക്കുന്നതിനെ പ്രതിരോധിക്കണമെന്ന ഖു൪ആൻെറ ആഹ്വാനം ഇതരമതസ്ഥരോടുള്ള ആദരവിന് ഉദാഹരണമാണ്.
പ്രവാചകനെ ആക്ഷേപിക്കുന്നവ൪ക്കെതിരെ പ്രതിഷേധിക്കുമ്പോഴും മാന്യത കൈവിടരുത്. എംബസികൾ കൈയ്യേറുന്നതും അംബാസഡറെ വധിക്കുന്നതും ഒരിക്കലും നിതീകരിക്കാനാവില്ല. പ്രവാചകസന്ദേശം ജനങ്ങളിലെത്തിക്കാൻ ഒരു സിനിമയുടെ നി൪മാണം ഖത്തറിൽ നടന്നുവരുന്നതായും ഖറദാവി പറഞ്ഞു. മാസങ്ങൾക്ക് ശേഷം ഖറദാവി നടത്തിയ ജുമുഅ പ്രഭാഷണം ശ്രവിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
പള്ളിയിലും പരിസരത്തും റോഡിലും സുരക്ഷാസന്നാഹങ്ങളും ഏ൪പ്പെടുത്തിയിരുന്നു. സിറിയൻ ജനതക്ക് ഭക്ഷണവും മരുന്നും മാത്രമല്ല അറബ് ഭരണകൂടങ്ങൾ ആയുധവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസദ് ഭരണകൂടത്തെ ന്യായീകരിക്കുന്ന പണ്ഡിതരുടെ നിലപാടിനെ ഖറദാവി അപലപിച്ചു. പ്രകടനത്തിന് മുന്നോടിയായി ഡോ. അലി മുഹ്യിദ്ദീൻ ഖുറദാഗിയും പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
