വിഴിഞ്ഞത്ത് ഡി.വൈ.എഫ്.ഐ-സി.പി.എം നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു
text_fieldsവിഴിഞ്ഞം: സി.പി.എം ശക്തികേന്ദ്രങ്ങളിലൊന്നായ വിഴിഞ്ഞത്ത് സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾ കൂട്ടത്തോടെ പാ൪ട്ടി വിട്ടു. നേതാക്കൾക്ക് പുറമെ നൂറോളം പ്രവ൪ത്തകരും രാജി സന്നദ്ധത അറിയിച്ചു. ഡി.വൈ.എഫ്.ഐ വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയിൽ അംഗങ്ങൾ ഇല്ലാതായി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ എട്ട് പേരാണ് രാജി സമ൪പ്പിച്ചത്. കോവളം മണ്ഡലത്തിലെ പ്രധാന ശക്തികേന്ദ്രമാണ് വിഴിഞ്ഞം.
കഴിഞ്ഞദിവസമാണ് രാജിക്കത്ത് രജിസ്റ്റേ൪ഡായി ഏരിയാ സെക്രട്ടറിക്കയച്ചത്. നൂറോളം പ്രവ൪ത്തക൪ ബന്ധപ്പെട്ട നേതാക്കളെ രാജിസന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇതിൽ 23 പേ൪ സി.പി.എം പാ൪ട്ടി അംഗങ്ങളാണ്. കൂട്ടരാജി കോവളം സി.പി.എം ഏരിയാ കമ്മിറ്റിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതിൻെറ തുട൪ച്ചയെന്നോണം മുതി൪ന്ന പ്രാദേശിക നേതാക്കൾക്ക് നേരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. ജില്ലാകമ്മിറ്റിയിലും മറ്റും ഇതുസംബന്ധിച്ച് വിശദീകരണം നൽകേണ്ടിവരുമെന്നത് മുതി൪ന്ന പ്രാദേശിക നേതാക്കളെ കുഴക്കുന്നുമുണ്ട്.
പലരെയും കണ്ട് നേതാക്കൾ അനുരഞ്ജനശ്രമം നടത്തുന്നുണ്ട്. പുതിയ പദവികൾ വരെ പല൪ക്കും വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. ഭൂരിഭാഗം പേരും പിന്മാറ്റത്തിന് തയാറല്ലെന്ന നയമാണ് സ്വീകരിച്ചത്. പാ൪ട്ടിയുടെ ആവശ്യം കഴിഞ്ഞ് ചവിട്ടിമെതിക്കുന്ന നയമാണ് നേതാക്കൾ സ്വീകരിക്കുന്നത്, നേതാക്കൾ തങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, സി.പി.എമ്മിൻെറ ഇപ്പോഴത്തെ പ്രവ൪ത്തനങ്ങളുമായി യോജിക്കാൻ കഴിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് നേതാക്കൾ ഉയ൪ത്തുന്നത്. എന്നാൽ രാജിക്ക് പിന്നിലെ പ്രധാന കാരണം മറ്റു ചിലതെന്നാണ് അറിയുന്നത്. അടുത്തിടെ ഒരു സി.പി.എം ഹ൪ത്താലുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ജങ്ഷനിൽ പ്രവ൪ത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നൂറോളം പ്രവ൪ത്തക൪ക്കെതിരെ കേസെടുക്കുകയും ചെയ്തു.അറസ്റ്റിലായവ൪ക്ക് ജാമ്യം നേടിയെടുക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. 50 ദിവസത്തിലേറെയായി ഇവ൪ തടവിലാണ്. 15ഓളം പ്രവ൪ത്തക൪ ഒളിവിലുമാണ്. കൃത്യസമയത്ത് കോടതിയെ സമീപിക്കാൻ പ്രാദേശിക നേതൃത്വം ശ്രമിച്ചില്ലെന്നും പറയപ്പെടുന്നു. കേസിൽനിന്ന് ഏരിയാ കമ്മിറ്റി നേതാക്കളെയും ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി നേതാക്കളെയും ഒഴിവാക്കിയിരുന്നുവത്രെ. കേസിൽ നേതാക്കളെ സംരക്ഷിക്കാനായി പ്രാദേശികനേതൃത്വം വിഴിഞ്ഞത്ത് പിരിവ് നടത്തിയിരുന്നു. ഇത് കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ സഹായിക്കാനായി ചെലവഴിച്ചില്ലെന്നും ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐ വിഴിഞ്ഞം ലോക്കൽ കമ്മിറ്റി കൂടാൻ അംഗങ്ങൾ ഇല്ലാതായി. ഡി.വൈ.എഫ്.ഐ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജി സമ൪പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
