സ്കൂള്‍ ബസിനും കെട്ടിടത്തിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ഥിനി ചതഞ്ഞ് മരിച്ചു
text_fieldsകൽപകഞ്ചേരി: സ്കൂൾ ബസിടിച്ച് ബസിനും സ്കൂൾ മതിലിനും ഇടയിൽ കുടുങ്ങിയ വിദ്യാ൪ഥിനി ചതഞ്ഞ് മരിച്ചു. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയ൪സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. എട്ടാം ക്ളാസ് വിദ്യാ൪ഥിനി കുറുകത്താണി കോഴിച്ചെന കല്ലൻ മുഹമ്മദ് ബഷീറിൻെറ മകൾ തസ്രീഫ (13)യാണ് ദാരുണമായി മരിച്ചത്.
സംഭവത്തെ തുട൪ന്ന് നാട്ടുകാ൪ എട്ട് സ്കൂൾ ബസുകൾ തക൪ത്തു. സ്കൂൾ പരിസരത്ത് മണിക്കൂറുകളോളം സംഘ൪ഷമുണ്ടായി.
ക്ളാസിൽ പുസ്തകം വെച്ച് ഗ്രൗണ്ടിലേക്ക് വരുന്നതിനിടെയാണ് തസ്രീഫ അപകടത്തിൽ പെട്ടത്. ബസ് വരുന്നതു കണ്ട് മതിലിനോട് ചേ൪ന്നു നിന്നതിനിടെ ബസിടിക്കുകയും തസ്രീഫ ബസിനും മതിലിനും ഇടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞതോടെ തടിച്ചു കൂടിയ നാട്ടുകാ൪ എട്ട് ബസുകൾ അടിച്ചു തക൪ത്തു.
ഒരു ബസ് മറിച്ചിട്ടു. സ്കൂൾ ഓഫിസിലും അതിക്രമമുണ്ടായി. വളാഞ്ചേരി സി.ഐ കെ.എം. സിദ്ദീഖ്, എസ്.ഐമാരായ ശെൽവരാജ് (കൽപ്പകഞ്ചേരി), തിലകൻ (വളാഞ്ചേരി), പി. ജ്യോതീന്ദ്രകുമാ൪ (തിരൂ൪) എന്നിവ൪ ഏറെ പ്രയത്നിച്ചാണ് സംഘ൪ഷം നിയന്ത്രിച്ചത്. സംഘ൪ഷം ഉച്ചക്ക് രണ്ടര വരെയും നീണ്ടു. ബസ് ഡ്രൈവ൪ പുത്തനത്താണി മൂസയെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
മൂസയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാളുടെ ലൈസൻസ് ഒരു വ൪ഷത്തേക്ക് സസ്പെൻഡ് ചെയ്തതായി തിരൂ൪ ജോയിൻറ് ആ൪.ടി.ഒ എം.കെ. അജിത്കുമാ൪ അറിയിച്ചു.
ഒമാനിലുള്ള പിതാവ് മുഹമ്മദ് ബഷീ൪ നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ കുറുക ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ ഖബറടക്കും. മാതാവ്: റാബിയ. സഹോദരങ്ങൾ: ജുമാന, സഹ്ല, അമീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
