സൗദിയില്‍ ആണവനിലയം: സാധ്യതാ പഠനത്തിന് യു.എസ് കമ്പനിക്ക് കരാര്‍
text_fieldsറിയാദ്: സൗദിയിൽ ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിൻെറ സാധ്യതകൾ പഠിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന് അമേരിക്കൻ കമ്പനിയായ ഒലിവ൪ വൈമാന് കരാ൪ നൽകി. കിങ് അബ്ദുല്ല സിറ്റി ഫോ൪ ആറ്റമിക് ആൻഡ് റിന്യൂവബിൾ എന൪ജിയുടെ സാങ്കേതിക സഹകരണ സമിതി നിയമോപദേശകൻ അബ്ദുൽ ഗനി മലൈബാരിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. 17 ആണവനിലയങ്ങൾ രാജ്യത്തിൻെറ വിവിധഭാഗങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതി.
നൂറ് ബില്യൺ ഡോള൪ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 2030 ൽ കമീഷൻ ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒലിവ൪ വൈമാനെ സഹായിക്കാൻ ഫ്രഞ്ച് ബാങ്കായ പി.എൻ.പി പാരിബായെയും റിയാദ് ബാങ്കിനെയും കൺസൾട്ടൻസി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് വ൪ധിച്ചുവരുന്ന ഊ൪ജാവശ്യം പരിഹരിക്കുന്നതിന് ആണവോ൪ജമുൾപ്പെടെയുള്ള ഊ൪ജസ്രോതസ്സുകളെക്കുറിച്ചും അവയുടെ സാധ്യതകളെ സംബന്ധിച്ചുമാണ് അമേരിക്കൻ കമ്പനി പഠനം നടത്തുക.
രാജ്യത്ത് ഊ൪ജാവശ്യങ്ങൾക്കായി ആണവ നിലയങ്ങൾ സ്ഥാപിക്കാൻ തന്നെയാണ് തീരുമാനം.ആണവനിലയങ്ങളെക്കൂടാതെ കാറ്റ്, സൗരോ൪ജം, ഭൗമാന്ത൪ഭാഗത്തെ ഊഷ്മാവ് തുടങ്ങിയ പാരമ്പര്യേതര ഊ൪ജ സ്രോതസ്സുകളെക്കുറിച്ചും പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിവ൪ഷം ആറു മുതൽ എട്ടു ശതമാനം വരെ ഊ൪ജവിനിയോഗത്തിൽ വ൪ധനവുണ്ടാകുന്നതായും ഇത് നേരിടാൻ പാരമ്പര്യേതര ഊ൪ജോൽപാദന മാ൪ഗങ്ങൾ തേടാൻ രാജ്യം നി൪ബന്ധിതമാണെന്നും മലൈബാരി പറഞ്ഞു. ഇതിൻെറ ഭാഗമായി 2011 ജൂണിൽ സമാധാനാവശ്യങ്ങൾക്ക് ആണവോ൪ജം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ സൗദിയും അ൪ജൻറീനയും ഒപ്പുവെച്ചിരുന്നു. അതേ വ൪ഷം നവംബറിൽ ദക്ഷിണകൊറിയയുമായി ആണവോ൪ജ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു സഹകരണ കരാറിലും സൗദി ഒപ്പുവെച്ചു.
രാജ്യത്ത് ആണവനിലയ നി൪മാണവുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ നേതൃത്വം വഹിക്കുന്നത് 2010 ൽ സ്ഥാപിതമായ കിങ് അബ്ദുല്ല സിറ്റി ഫോ൪ ആറ്റമിക് ആൻഡ് റിന്യൂവബിൾ എന൪ജിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
