പ്രതീക്ഷയോടെ പ്രവാസികളും
text_fieldsകൊച്ചി: എമ൪ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ പ്രവാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. 51 രാജ്യങ്ങളിൽ നിന്നായി 1893 പ്രതിനിധികളാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച മരട് ലെ മെറിഡിയൻ കൺവെൻഷൻ സെൻററിലെത്തിയത്. ദുബൈ, ബഹ്റൈൻ, ഖത്ത൪, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രതിനിധികൾ ഏറെയും. അനുയോജ്യ പദ്ധതികൾ ഉറപ്പുവരുത്തിയാൽ കോടികൾ നിക്ഷേപിക്കാൻ ഇവരിൽ ബഹുഭൂരിപക്ഷവും തയാറായിട്ടുമുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള സാധ്യതകൾ ആദ്യദിനത്തിൽ പ്രകടമാക്കാൻ സംഘാടക൪ക്ക് കഴിഞ്ഞിട്ടുമില്ല.
ദുരൂഹതകളും പദ്ധതികൾ സംബന്ധിച്ച വ്യക്തത ഇല്ലായ്മയും പ്രവാസികളിലും സംശയത്തിന് ഇട നൽകുന്നുണ്ട്. എയ൪ കേരള, കണ്ണൂ൪ വിമാനത്താവളം, വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ പദ്ധതികൾ, ടൂറിസം എന്നിവയിലാണ് പ്രവാസികൾക്ക് നോട്ടം.എത്രയും വേഗം എയ൪ കേരള വിമാന കമ്പനി രൂപവത്കരിക്കണമെന്ന് ബഹുഭൂരിപക്ഷം പ്രവാസികളും സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെട്ടു. വിമാനക്കമ്പനി തുടങ്ങുന്നതിന് നിയമങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾ മുതൽമുടക്കാൻ സന്നദ്ധത അറിയിച്ച പത്ത് പദ്ധതികൾക്ക് അനുമതി തേടി സ൪ക്കാ൪ മറ്റൊരു നിവേദനവും പ്രധാനമന്ത്രിക്ക് നൽകും.
കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറിലേക്ക് കൂടുതൽ വിമാന സ൪വീസുകൾ വേണമെന്നും ഇവ൪ ആവശ്യപ്പെടുന്നുണ്ട്. അമിത നിരക്ക് കുറക്കാൻ നടപടി എടുക്കണം. യൂറോപ്യൻ രാജ്യങ്ങളിലേക്കും കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സ൪വീസ് വേണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. 51 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപക സംഗമത്തെ വിലയിരുത്തുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂ൪, കണ്ണൂ൪, കാസ൪കോട്, ജില്ലകളിൽ സ൪ക്കാ൪ പ്രഖ്യാപിച്ച 60 ഓളം പദ്ധതികളെക്കുറിച്ച് ആകാംക്ഷയോടെയാണ് പ്രവാസികൾ വിവരങ്ങൾ ശേഖരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ പദ്ധതികളെല്ലാം പൊതുസ്വകാര്യ മേഖലയിൽ വേണമെന്നാവശ്യപ്പെട്ട് സ൪ക്കാറിന് നിവേദനം നൽകാനും പ്രവാസി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കൻ അംബാസഡ൪ നാൻസി പവൽ അടക്കമുള്ള നയതന്ത്രപ്രതിനിധികൾക്ക് പുറമേ വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, ഗൾഫാ൪ മുഹമ്മദലി, ഡോ. ആസാദ് മൂപ്പൻ, സി.ബി. മേനോൻ എന്നിവരെല്ലാം സംഗമത്തിൽ സജീവ സാന്നിധ്യമായി രംഗത്തുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
