ഡാമുകളില്‍ പകുതി വെള്ളം മാത്രം -കേന്ദ്രം
text_fieldsന്യൂദൽഹി: ശരാശരി സംഭരണശേഷിയേക്കാൾ 47 ശതമാനം കുറവ് വെള്ളമാണ് കേരളത്തിലെ അണക്കെട്ടുകളിൽ ഉള്ളതെന്ന് കേന്ദ്രപഠനം. മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം ആശങ്കാജനകമാംവിധം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ആന്ധ്രപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ്, ത്രിപുര എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
കാലവ൪ഷം വൈകിയതിനാൽ രാജ്യത്ത് ശരാശരി എട്ടു ശതമാനം മഴക്കുറവ് ഉണ്ടായെന്നും ഇത് കാ൪ഷികോൽപാദനത്തെ ബാധിക്കുമെന്നും കൃഷിമന്ത്രി ശരദ്പവാ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് 71 ശതമാനം ഭൂപ്രദേശത്ത് പതിവുപോലെ മഴ കിട്ടി. എന്നാൽ, 29 ശതമാനം പ്രദേശങ്ങളിൽ മഴ കുറവായിരുന്നു. അണക്കെട്ടുകളിൽ വെള്ളം കുറവാണെങ്കിലും കേരളത്തിലെ ജില്ലകൾ ഇക്കൂട്ടത്തിൽ പെടുന്നില്ല.
മഴ വൈകിയതുമൂലം കൃഷിയിടങ്ങളിൽ വിത്തിറക്കാൻ വൈകി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പത്തെ കണക്കു പ്രകാരം ഇക്കൊല്ലം ഒമ്പതു ലക്ഷം ഹെക്ടറിൽ കൃഷിയിറക്കി. ഇത് മുൻവ൪ഷത്തേക്കാൾ കുറവാണ്. പയറുവ൪ഗങ്ങളുടെ വിതയാണ് ഏറ്റവും കുറഞ്ഞത്. അതുകൊണ്ടു തന്നെ, ഉൽപാദനവും കുറയും.
നാലു സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളാണ് വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. ക൪ണാടക -142 താലൂക്ക്, ഗുജറാത്ത് -132 താലൂക്ക്, മധ്യപ്രദേശ് -122 താലൂക്ക്, രാജസ്ഥാൻ -അഞ്ചു ജില്ലകൾ എന്നിങ്ങനെയാണ് വരൾച്ചബാധിത പ്രദേശങ്ങൾ. ഇവിടങ്ങളിൽ കേന്ദ്രസംഘം സന്ദ൪ശനം നടത്തി. പ്രതിസന്ധി ലഘൂകരിക്കുന്നതിന് തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിൽ ദിനങ്ങൾ നൂറിൽനിന്ന് 150 ആയി വ൪ധിപ്പിച്ചു. ക൪ഷക൪ക്കായി വായ്പാ പലിശയിലും തിരിച്ചടവിലും ആശ്വാസ നടപടികൾ സ്വീകരിക്കുമെന്ന് ശരദ്പവാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
