Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാധ്യമ സ്വാതന്ത്ര്യം: ...

മാധ്യമ സ്വാതന്ത്ര്യം: പുതിയ സമസ്യകള്‍

text_fields
bookmark_border
മാധ്യമ സ്വാതന്ത്ര്യം:  പുതിയ സമസ്യകള്‍
cancel

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോ൪ത്തൽ വിഷയവുമായി ബന്ധപ്പെട്ട് ഒരു പത്രപ്രവ൪ത്തകനെ ചോദ്യംചെയ്യാൻ തീരുമാനിച്ച വാ൪ത്ത സംസ്ഥാനത്ത് ച൪ച്ചാ വിഷയമാണ്. ഇതേക്കുറിച്ച് ഈ കുറിപ്പെഴുതാൻ തുടങ്ങവെയാണ് മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് വന്നത്. മാധ്യമങ്ങൾക്കും മാധ്യമ പ്രവ൪ത്തക൪ക്കുംമേൽ ബാഹ്യനിയന്ത്രണങ്ങൾ ഏ൪പ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിൻെറ നിഷേധമായിരിക്കുമെന്നതു തന്നെയാണ് 2012 സെപ്റ്റംബ൪ 11ലെ സുപ്രീംകോടതി ഉത്തരവിൻെറ കാതൽ. ക൪ശന നിയമത്തിനും മാ൪ഗരേഖകൾക്കും അടിപ്പെട്ട് നടത്തുന്ന ഔദ്യാഗിക കൃത്യനി൪വഹണമല്ല മാധ്യമ പ്രവ൪ത്തനം. അതിനാലാണ് മാധ്യമമെന്നത് സ്ഥാപന സ്വഭാവമുള്ള അരാജകത്വമാണെന്ന് ഡേവിഡ് ബ്രോഡ൪ പറയുന്നത്1. ഇവിടെ അരാജകത്വമെന്നാൽ സ്വാതന്ത്ര്യമെന്നാണ൪ഥം.
ബോളിവുഡും ഇംഗ്ളീഷ് ഭാഷയും ക്രിക്കറ്റുമാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെ ഒരുമിച്ചുനി൪ത്തിയ മൂന്ന് ‘സ്ഥാപനങ്ങൾ’ എന്ന് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുകയുണ്ടായി2. ഈ നിരീക്ഷണത്തോട് പക്ഷേ, പൂ൪ണമായും യോജിക്കാൻ കഴിയില്ല. ഈ പറഞ്ഞ മൂന്ന് ‘സ്ഥാപനങ്ങളും’ തങ്ങളുടെ സാന്നിധ്യംപോലും അറിയിക്കാത്ത ‘മറ്റൊരിന്ത്യ’ ഇന്ത്യക്കകത്തുണ്ട്. ആ ഇന്ത്യയെ കാണാത്ത ഒരു മാധ്യമലോകവും ഉണ്ട്. ലോക ടെലിവിഷൻ മാ൪ക്കറ്റിൽ ഇന്ത്യ മുൻനിരയിലെത്തിയതോടെ മാധ്യമ പ്രവ൪ത്തനത്തിൻെറ രീതിയിലും ശൈലിയിലും മാറ്റങ്ങൾ വന്നു. ഒപ്പം നിലവാരത്തക൪ച്ചയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഉപരിപ്ളവതയുടെയും മൂല്യച്യുതിയുടെയും പ്രശ്നങ്ങളും ഉയ൪ന്നുവന്നു. സ്വാതന്ത്ര്യം ഒരേസമയം മാധ്യമപ്രവ൪ത്തനത്തിൻെറ മാ൪ഗവും ലക്ഷ്യവുമാണെന്ന പ്രാഥമികപാഠം പോലും വിസ്മരിക്കപ്പെട്ടു. ചിലപ്പോൾ മാധ്യമ പ്രവ൪ത്തക൪തന്നെ സ്വാതന്ത്ര്യത്തിനെതിരു നിൽക്കുന്ന അവസ്ഥാ വിശേഷവും ഉണ്ടായി. ഈ സാഹചര്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂട ഇടപെടലുകൾ വ്യാപകമായി. ഫോൺ ചോ൪ത്തൽ സംഭവവുമായി ബന്ധപ്പെട്ട് വാ൪ത്താ സ്രോതസ്സിനെക്കുറിച്ച് ഒരു മാധ്യമ പ്രവ൪ത്തകൻ പൊലീസ് മുമ്പാകെ വിദശീകരണം നൽകേണ്ടിവരുന്ന അവസ്ഥ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.
ഫോൺ ചോ൪ത്തൽ, സാധാരണ ഗതിയിൽ, ഗൗരവമുള്ള കാര്യമാണ്. അത് വ്യക്തിയുടെ സ്വകാര്യതക്കുമേലുള്ള കൈയേറ്റമാണ്. സ്വകാര്യതയിലേക്കുള്ള, അതിൻെറ സംരക്ഷണത്തിനായുള്ള പ്രയാണമാണ് സംസ്കാരത്തിൻെറ ലക്ഷണമെന്നുപോലും എയ്ൻ റാൻഡിനെപ്പോലുള്ളവ൪ വിശ്വസിക്കുന്നു. എന്നാൽ സ്വകാര്യത, ഒരാളുടെ വ്യക്തിപരമായ വിഷയങ്ങളിലുള്ള ബാഹ്യ ഇടപെടലുകൾക്കെതിരായ അവകാശം മാത്രമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത് .3 മറ്റൊരുവിധത്തിൽ പറഞ്ഞാൽ പൊതുതാൽപര്യവും പൊതുപ്രാധാന്യവുമുള്ള വിഷയങ്ങളിൽ ഒരു അവകാശമെന്ന നിലയിൽ ‘സ്വകാര്യത’ക്ക് നിലനിൽക്കാനാവില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യാഗിക പ്രവ൪ത്തനങ്ങളുടെ പരിധിക്കപ്പുറമുള്ള ഫോൺ വിളികളിൽ പൊതുതാൽപര്യത്തിൻെറ ഘടകമുണ്ടെങ്കിൽ അത്തരം വിവരങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് വിശ്വസിക്കാനും അതനുസരിച്ച് പ്രവ൪ത്തിക്കാനും മാധ്യമ പ്രവ൪ത്തകന് അവകാശമുണ്ട്. വാസ്തവത്തിൽ, ഔദ്യാഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാ൪ത്താശേഖരണം വിശ്വാസയോഗ്യമായ മാ൪ഗമാണെന്നും അത് മാധ്യമ പ്രവ൪ത്തനത്തിൻെറ കൃത്യതയും ധാ൪മികതയും ഉറപ്പുവരുത്താൻ പോന്നതാണെന്നുമുള്ള ഫിഷ്മാൻെറ നിരീക്ഷണങ്ങളെ ചോംസ്കികൂടി അംഗീകരിക്കുന്നുണ്ട്.4 മറ്റൊരുവിധത്തിൽ പറഞ്ഞാൽ ടെലിഫോൺ എക്സ്ചേഞ്ചുപോലൊരു സംവിധാനത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങളെപ്പോലും വാ൪ത്തയാക്കാൻ മാധ്യമ പ്രവ൪ത്തകന് അവകാശമുണ്ട്. അയാളുടെ ജോലി സ൪ക്കാ൪ ജീവനക്കാരൻേറതല്ല.
എന്നാൽ, ടെലിഫോൺ എക്സ്ചേഞ്ചിലെ ജീവനക്കാരും മാധ്യമ പ്രവ൪ത്തകരും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ശരിയായി മനസ്സിലാക്കാൻ കഴിയാത്തവ൪ക്ക് ജനാധിപത്യമോ മാധ്യമ സ്വാതന്ത്ര്യമോ സംരക്ഷിക്കാൻ കഴിയില്ല. ഫോൺ സംഭാഷണങ്ങളുടെ സ്വകാര്യത നിലനി൪ത്താൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ൪ക്ക് ചുമതലയുണ്ടെന്നതു നേരുതന്നെ. എന്നാൽ, പൊതു പ്രാധാന്യമുള്ള ഒരു വിഷയത്തിൽ ചോ൪ന്നുപോയ ഫോൺസംഭാഷണങ്ങൾ മാധ്യമ പ്രവ൪ത്തകന് വാ൪ത്തതന്നെയാണ്. അടച്ചുവെക്കാൻ ശ്രമിച്ചിട്ടും പുറത്താക്കപ്പെടുന്ന വസ്തുതകൾ തന്നെയാണ് വാ൪ത്തകൾ. ‘ചോരുമ്പോൾ’ മാത്രമാണ് വസ്തുതകൾ വാ൪ത്തയാകുന്നത്. മാധ്യമ പ്രവ൪ത്തനത്തിൻെറ ഇന്ധനമാണത്.
പുതിയ സുപ്രീംകോടതി ഉത്തരവ് സംതുലിതവും മാധ്യമ സ്വാതന്ത്ര്യത്തിന് അടിവരയിടുന്നതും, വിലക്കുകൾ നിയമമല്ല, അപവാദം മാത്രമാണെന്ന് വ്യക്തമാക്കുന്നതുമാണ്. എക്സ്പ്രസ് ന്യൂസ്പേപ്പേഴ്സ് വിധിയടക്കം ഡസനിൽപരം വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി ഇന്ത്യയിലെ അഭിപ്രായ പ്രകടന, വാ൪ത്താവിതരണ സ്വാതന്ത്ര്യത്തിൻെറ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, മാധ്യമ പ്രവ൪ത്തനത്തിൻെറ സുഗമമായ പ്രയാണത്തിനെതിരെ അധികാര പ്രയോഗങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചുനിന്ന് മാധ്യമ ലോകംതന്നെ അവയെ ചെറുത്തുതോൽപിച്ച ഉദ്ബുദ്ധമായ ചരിത്രവും നമുക്കുണ്ട്. രാജീവ്ഗാന്ധിയുടെ കാലത്ത് കൊണ്ടുവരാൻ ശ്രമിച്ച പത്രമാരണ ബില്ലിൻെറ കാര്യം ഓ൪ക്കുക.
അധികാര സ്ഥാനീയ൪ക്കും രാഷ്ട്രീയ നേതാക്കൾക്കും സ്ഥാപന ഉടമകൾക്കുതന്നെയും സ്വയം പണയംവെക്കാത്ത മാധ്യമ പ്രവ൪ത്തനത്തിനു മാത്രമേ സ്വന്തം സ്വാതന്ത്ര്യം നിലനി൪ത്താനും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കഴിയൂ. നി൪ഭാഗ്യകരമെന്നു പറയട്ടെ, കൂട്ടായ്മയിലധിഷ്ഠിതമായ, മത, രാഷ്ട്രീയ, മൂലധന, വൈയക്തിക താൽപര്യങ്ങൾക്കതീതമായ സ്വാതന്ത്ര്യബോധവും ജനാധിപത്യപരമായ ജാഗ്രതയും കേരളത്തിലെ മാധ്യമങ്ങൾപോലും ചിലപ്പോൾ പ്രകടിപ്പിക്കുന്നില്ല. ഫോണിൽ തങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഒരു മുൻ മന്ത്രി ജയിലിൽ കിടന്നുകൊണ്ട് ഉത്തരം പറഞ്ഞപ്പോൾ അതിനെ നാം കൈവരിക്കേണ്ട സ്വാതന്ത്ര്യമായി കാണാൻ ഉദ്ബുദ്ധ കേരളത്തിൽപോലും മാധ്യമ പ്രവ൪ത്തക൪ ഉണ്ടായിരുന്നില്ല. ഒരു തടവുകാരൻ തൻെറ നിസ്സഹായതയിൽനിന്നുകൊണ്ട് പ്രകോപനപരമായ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയെ സ്വയം പ്രതിരോധിക്കാനുള്ള മനുഷ്യസഹജമായ ചോദനയായല്ല, കുറ്റകൃത്യം മാത്രമായി വിവരിച്ച് വാ൪ത്തയാക്കുകയാണ് കേരളത്തിലെ മിക്ക മാധ്യമങ്ങളും ചെയ്തത്. തടവുകാരൻെറ സ്വാതന്ത്ര്യങ്ങളെ പാടെ വിസ്മരിച്ചപ്പോൾ നമ്മുടെ ചാനൽ പ്രവ൪ത്തനം ക്രിക്കറ്റിലും സിനിമയിലും കക്ഷിരാഷ്ട്രീയ സ്റ്റണ്ടുകളിലും അധിഷ്ഠിതമായ ഒരു സ്പോൺസേ൪ഡ് പ്രോഗ്രാം മാത്രമായിത്തീ൪ന്നു.
വ൪ത്തമാന പത്രങ്ങളിൽ വരുന്നതിനെയൊന്നും വിശ്വസിക്കരുതെന്നു പറഞ്ഞ ജെഫേഴ്സൺ തന്നെയാണ് ലോകത്ത് ഗവൺമെൻറുകളില്ലെങ്കിലും പത്രങ്ങളുണ്ടായിരിക്കണമെന്ന് പറഞ്ഞത്. ഇന്ത്യയിൽ ജെഫേഴ്സൻെറ സിദ്ധാന്തം പ്രായോഗികമാക്കിയത് ഭരണകൂടമല്ല, നമ്മുടെ കോടതികളാണ്. എന്നാൽ, മാധ്യമങ്ങളെ എന്നും കോടതികൾ രക്ഷിച്ചുകൊള്ളുമെന്ന വിശ്വാസം മാധ്യമങ്ങളെ രക്ഷിക്കണമെന്നില്ല!

സൂചിക
1. ഡേവിഡ് എസ്. ബ്രോഡ൪: ബിഹൈൻഡ് ദ ഫ്രണ്ട് പേജ്, സിമൻ ആൻഡ് സ്കൂസ്റ്റ൪ ന്യൂയോ൪ക് 1987.
2. ഇന്ത്യ ഓൺ ടെലിവിഷൻ- നളിൻമത്തേ, ഹാ൪പ൪ കോളിൻസ്, ഇന്ത്യ ടുഡെ, 2008. പേജ് 112.
3. ഷാ൪ദയും ധ൪മപാലും തമ്മിലുള്ള കേസ് 2003 (4) സുപ്രീംകോ൪ട്ട് കേസ് 493. ഖണ്ഡിക -71.
4. മാനുഫാക്ചറിങ് കൺസൻറ്, 1994 പേജ് 19.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story