സുല്‍ത്താന്‍ ബത്തേരി മത്സ്യ മാര്‍ക്കറ്റ്: സ്റ്റാളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
text_fieldsസുൽത്താൻ ബത്തേരി: മത്സ്യ മാ൪ക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സ്റ്റാളുകൾ അടച്ചുപൂട്ടാൻ പഞ്ചായത്തിൻെറ ഉത്തരവ്. സെപ്റ്റംബ൪ 15ന് രാവിലെ 10ന് നടക്കുന്ന ഭരണ സമിതി യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മുറികൾ വാടകക്കെടുത്തവ൪ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
മാ൪ക്കറ്റിനെചൊല്ലി ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുമെന്നും മുറികൾ ലേലം വിളിച്ചെടുത്തവ൪ നേരിട്ട് കച്ചവടം ചെയ്യാൻ തയാറാവാത്തപക്ഷം മുറികൾ തിരിച്ചുപിടിച്ച് പുന൪ലേലം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.പി. അയ്യൂബ് പറഞ്ഞു. ഇടത്തട്ടുകാരുടെ ചൂഷണം ഒരു കാരണവശാലും അനുവദിക്കില്ല.
മുഴുവൻ മുറികളും കൈവശപ്പെടുത്തി മറ്റുള്ളവ൪ക്ക് അവസരം നിഷേധിച്ച ശേഷം രണ്ടോ മൂന്നോ മുറികൾ മാത്രം തുറന്ന് യഥേഷ്ടം കച്ചവടംചെയ്യുന്ന രീതി അവസാനിപ്പിക്കും.
മുഴുവൻ മുറികളും തുറന്നു പ്രവ൪ത്തിപ്പിക്കാനും വിൽപനക്കെത്തിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരവും വിലയും പരിശോധിക്കാനും സംവിധാനമുണ്ടാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.
ജില്ലയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സുൽത്താൻ ബത്തേരിയിലെ പഞ്ചായത്ത് മാ൪ക്കറ്റിൽ അമിത വില ഈടാക്കുന്നതായും ഉപയോഗശൂന്യമായ മത്സ്യം വിൽക്കുന്നതായും വ്യാപക പരാതിയുയ൪ന്നിരുന്നു. അവശിഷ്ടങ്ങൾ ചീഞ്ഞുനാറി മാ൪ക്കറ്റും പരിസരവും വൃത്തിഹീനമായിരുന്നു.
മാ൪ക്കറ്റിലെ മുറികൾ ചില ‘സ്വന്ത’ക്കാ൪ ചുരുങ്ങിയ വാടകക്ക് ബിനാമി പേരുകളിൽ കൈവശപ്പെടുത്തിയശേഷം താങ്ങാനാവാത്ത ദിവസ വാടകയിൽ മറ്റുള്ളവ൪ക്ക് നൽകുകയായിരുന്നുവെന്ന് പരാതിയുണ്ടായിരുന്നു.
മുറികൾ കൈവശപ്പെടുത്തിയവ൪ രണ്ടു മൂന്നു മുറികളിൽ മാത്രം കച്ചവടം നടത്തുകയും ബാക്കിയുള്ളവ അടച്ചിട്ട് മറ്റുള്ളവ൪ക്ക് അവസരം നിഷേധിക്കുകയുമായിരുന്നു. മത്സ്യ വിൽപനക്ക് മറ്റെവിടെയും ലൈസൻസ് നൽകാത്തതിനാൽ, പറയുന്ന വിലക്ക് കിട്ടുന്ന മത്സ്യം വാങ്ങിപ്പോകേണ്ട നിസ്സഹായതയിലായിരുന്നു നാട്ടുകാ൪. ഇടക്കാലത്ത് ചില പ്രക്ഷോഭങ്ങളും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ചില നടപടികളും ഉണ്ടായെങ്കിലും മാ൪ക്കറ്റിലെ ഇടപാടുകൾ വ൪ഷങ്ങളായി മാറ്റമില്ലാതെ തുട൪ന്നു.
മത്സ്യ മാ൪ക്കറ്റിലെ ചൂഷണത്തിന് ഒത്താശചെയ്യുന്ന വിധത്തിൽ അധികൃത൪ തുടരുന്ന മൗനത്തിനെതിരെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കടുത്ത വിമ൪ശമുയ൪ന്നിരുന്നു.
ജനങ്ങളുടെ പരാതികൾ പരിഹരിക്കാനും മാ൪ക്കറ്റിലെ നടപടികൾ നേരെയാക്കാനും ഭരണസമിതി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
മാലിന്യമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റാളുകൾ അടച്ചിടാനാണ് ഉത്തരവ്.
15ൻെറ ഭരണ സമിതി യോഗത്തിലേക്ക് വാടകക്കാരെ വിളിപ്പിച്ചത് മുഴുവൻ സ്റ്റാളുകളും പ്രവ൪ത്തിപ്പിക്കാനുള്ള നീക്കത്തിൻെറ ഭാഗമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
