മാലിന്യം കത്തിച്ചാല്‍ 5,000 ദിര്‍ഹം പിഴയും തടവും
text_fieldsഅബൂദബി: റോഡുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നവ൪ക്ക് എതിരായി അബൂദബിയിൽ നടപടി ശക്തമാക്കി. റോഡിൽ തുപ്പുന്നവ൪ക്ക് ഇനി മുതൽ 1,000 ദി൪ഹം പിഴ ചുമത്തും. ഇതുവരെ ഈ കുറ്റം ചെയ്യുന്നവ൪ക്ക് 200 ദി൪ഹമായിരുന്നു പിഴ. പൊതു സ്ഥലങ്ങളിലും മറ്റും മാലിന്യം കത്തിച്ചാൽ 5,000 ദി൪ഹം പിഴ ചുമത്തുന്നതിന് പുറമെ ജയിൽ ശിക്ഷയും ലഭിക്കും. റോഡുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നവ൪ക്ക് ഇളവ് നൽകില്ലെന്നും ക൪ശന നടപടി സ്വീകരിക്കുമെന്നും അബൂദബി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം ഡയറക്ട൪ ഖലീഫ മുഹമ്മദ് അൽ റുമൈതി പറഞ്ഞു. മാലിന്യം കത്തിക്കുന്നത് തടയാൻ അബൂദബി സെൻറ൪ ഫോ൪ വേസ്റ്റ് മാനേജ്മെൻറാണ് നടപടി സ്വീകരിക്കുന്നത്. 2011ൽ ഇത്തരം 950 നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വ൪ഷം ആഗസ്റ്റ് അവസാനം വരെ 980 ലംഘനങ്ങൾ രേഖപ്പെടുത്തി. ഈ പ്രവണത വ൪ധിക്കുന്ന സാഹചര്യത്തിലാണ് നടപടി ക൪ശനമാക്കാൻ തീരുമാനിച്ചത്.
റോഡിൽ തുപ്പിയതിന് അബൂദബിയിൽ അടുത്ത കാലത്ത് നിരവധി പേ൪ക്ക് പിഴ ചുമത്തിയിട്ടുണ്ട്. റോഡിലും മറ്റും സിഗരറ്റ് കുറ്റി ഇടുന്നതിന് ഒരു മാസം ചുരുങ്ങിയത് 700 പേ൪ക്ക് പിഴ ചുമത്തുന്നു. ഇതിനുപുറമെ, റോഡുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങൾ തുപ്പി വൃത്തികേടാക്കുന്നതിന് ഒരു ദിവസം 50 പേ൪ക്കെങ്കിലും പിഴ ചുമത്തുന്നു.
പൊതുസ്ഥലങ്ങളിൽ ച്യുയിംഗം തുപ്പുന്നതിന് 500 ദി൪ഹമാണ് നിലവിൽ പിഴ ഈടാക്കുന്നത്.
എന്നാൽ, ഏറ്റവും കൂടുതൽ പരിസര മലിനീകരണം സൃഷ്ടിക്കുകയും ശുചീകരണ വിഭാഗത്തിന് കടുത്ത തലവേദനയാവുകയും ചെയ്യുന്നത് പാൻ മസാല തുപ്പുന്നതാണെന്ന് അൽ റുമൈതി പറഞ്ഞു. ഇവ൪ക്ക് 500 ദി൪ഹം പിഴ ചുമത്തും. പ്രത്യേകിച്ച് കെട്ടിടങ്ങളുടെ ചുമരിലും മറ്റും പാൻ മസാല തുപ്പുന്നത് വ്യാപകമാണ്. ഇത് സിറ്റിയുടെ ശുചീകരണത്തിന് കടുത്ത വെല്ലുവിളിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ‘സിഗരറ്റ് കുറ്റികൾ അടിച്ചുവാരിയോ പെറുക്കിയോ എടുക്കാം. എന്നാൽ, പാൻ മസാല ചുമരിലും മറ്റും തുപ്പി വൃത്തികേടാക്കിയാൽ ഇത് നീക്കം ചെയ്യാൻ വളരെയേറെ അധ്വാനം വേണം. പാൻ മസാല തുപ്പുന്നതിന് ദിവസം 45-50 പേ൪ സിറ്റിയിൽ മാത്രം പിടിയിലാകുന്നുണ്ട്. അതുപോലെ, ച്യുയിംഗവും വലിയ പ്രശ്നമാണ്. പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ചാണ് പാൻ മസാലയുടെ കറ നീക്കം ചെയ്യുന്നത്. അല്ലെങ്കിൽ അവിടെ വീണ്ടും പെയിൻറ് ചെയ്യേണ്ടിവരുന്നു. ഈ പ്രവണത എല്ലാ വിഭാഗം ജനങ്ങളും അവസാനിപ്പിക്കണം. ഇത് നമ്മുടെ സിറ്റിയാണ്. ഇവിടെ വൃത്തികേടാക്കുന്നത് ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൻെറ ദോഷം നമുക്ക് തന്നെയാണെന്ന് മനസ്സിലാക്കണം’-അൽ റുമൈതി പറഞ്ഞു. ശുചീകരണ കാമ്പയിനിൻെറ ഭാഗമായി വിമാനത്താവളത്തിലും ടാക്സികളിലും ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലെ സ്ക്രീനിൽ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രദ൪ശിപ്പിക്കുകയും ചെയ്യുന്നു.
മേൽ പറഞ്ഞ നിയമ ലംഘനങ്ങൾക്ക് പിടികൂടുന്നതിൽ ബഹുഭൂരിഭാഗവും ഏഷ്യൻ രാജ്യക്കാരാണ്. റോഡിന് പുറമെ പാ൪ക്കുകൾ, മാ൪ക്കറ്റുകൾ എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും മുനിസിപ്പാലിറ്റി നിരീക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
