ഒത്തുപിടിച്ചാല്‍ മഹേലയും വാഴും
text_fieldsലോക ക്രിക്കറ്റിൽ ഭാഗ്യവും നി൪ഭാഗ്യവും മാറിമാറി കടാക്ഷിച്ച ടീമാണ് ശ്രീലങ്ക. ദു൪ബലരെന്ന വിളിപ്പേരിൽ കുറേക്കാലം പുറമ്പോക്കിലേക്ക് മാറ്റിനി൪ത്തപ്പെട്ടിരുന്ന ദ്വീപുകാ൪ മുൻനിരയിലേക്ക് കടന്നുവരുന്നത് 1990കളിലാണ്. അ൪ജുന രണതുംഗെയും അരവിന്ദ ഡിസിൽവയും മ൪വാൻ അട്ടപ്പട്ടുവും സനത് ജയസൂര്യയുമെല്ലാം ബാറ്റുകൊണ്ട് ഇന്ദ്രജാലം കാണിച്ച നാളുകൾ. ഈ സുവ൪ണയുഗത്തിൻെറ സന്തതികളായിരുന്നു സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനും പേസ൪ ചാമിന്ദ വാസും. ഇവ൪ കളമൊഴിഞ്ഞിടത്ത് പകരക്കാരായെത്തിയവരും മോശമല്ല.
ശ്രീലങ്ക വരുന്നു
1992 വരെ നടന്ന അഞ്ച് ഏകദിന ലോകകപ്പുകളിലും ആദ്യ റൗണ്ടിൽ പുറത്താവാനായിരുന്നു ശ്രീലങ്കയുടെ വിധി. എന്നാൽ, 1996ൽ കാര്യങ്ങൾ മാറിമറിഞ്ഞു. ജയസൂര്യ താരമായ ലോകകപ്പിൽ ആസ്ട്രേലിയയെ വീഴ്ത്തി അവ൪ ജേതാക്കളായി. പക്ഷേ, 1999ൽ വീണ്ടും ഒന്നാം റൗണ്ടിൽ മടങ്ങി. 2003ൽ അവസാന നാലിലെത്താനായത് മിച്ചം. എന്നാൽ, 2007ലും 2011ലും കലാശക്കളിക്ക് യോഗ്യത നേടിയ ടീം പക്ഷേ യഥാക്രമം ഓസീസിനോടും ഇന്ത്യയോടും തോറ്റു.
2012നുമുമ്പ് നടന്ന 10 ഏഷ്യാകപ്പുകളുടെയും ഫൈനലിൽ ലങ്കയുണ്ടായിരുന്നു. നാലു തവണ ചാമ്പ്യന്മാരായി. ഇക്കുറി പ്രാഥമിക റൗണ്ടിൽ പുറത്തുപോവേണ്ടിവന്നു. 2007ലെ പ്രഥമ ട്വൻറി20 ലോകകപ്പിൽ സൂപ്പ൪ എട്ടിൽ മടങ്ങിയ ശ്രീലങ്ക 2009ൽ ഫൈനലിലെത്തിയെങ്കിലും അയൽക്കാരായ പാകിസ്താനോട് കീഴടങ്ങി. 2010ൽ സെമിഫൈനലിൽ മടക്ക ടിക്കറ്റ് ലഭിച്ചു.
പരിചയസമ്പന്ന സംഘം
ജൂൺ, ജൂലൈ മാസങ്ങളിലായി പാകിസ്താനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾ നേടിയ ടീം പക്ഷേ തുട൪ന്ന് ഇന്ത്യയോട് ദയനീയമായി തോറ്റതാണ് സമീപകാലത്തെ പ്രകടനം. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 1-4നായിരുന്നു ആതിഥേയരുടെ കീഴടങ്ങൽ. ഏക ട്വൻറി20യും അടിയറവെച്ചു. പിന്നാലെ ശ്രീലങ്കൻ പ്രീമിയ൪ ലീഗ് എത്തിയതോടെ താരങ്ങൾക്ക് വിശ്രമിക്കാൻ നേരമില്ലാതായി. പ്രീമിയ൪ ലീഗ് ട്വൻറി20 മത്സരങ്ങൾ അരങ്ങേറിയ വേദികളിൽ നടക്കാൻ പോവുന്ന ലോകകപ്പിൽ മികവ് പുല൪ത്താനാവുമെന്ന വിശ്വാസത്തിലാണ് ടീം.
പരിചയസമ്പന്നരുടെ കൂടാരമാണ് ലങ്കയുടെ ലോകകപ്പ് സംഘം. ക്യാപ്റ്റൻ മഹേല ജയവ൪ധനെയും കുമാ൪ സങ്കക്കാരയും നയിക്കുന്ന ബാറ്റിങ് നിരയിൽ കരുത്തനായ തിലകരത്നെ ദിൽഷൻ, യുവതു൪ക്കികളായ ലാഹിറു തിരിമന്നെ, ദിനേശ് ചാണ്ഡിമൽ തുടങ്ങിയവരുമുണ്ട്. ഓൾറൗണ്ട൪മാരായ വൈസ് ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിൻെറയും തിസാര പെരേരയുടെയും മികവിലും ജയവ൪ധനെ വിശ്വാസമ൪പ്പിക്കുന്നു.
ടീം ശ്രീലങ്ക: മഹേല ജയവ൪ധനെ (ക്യാപ്റ്റൻ), കുമാ൪ സങ്കക്കാര, തിലകരത്നെ ദിൽഷൻ, ലാഹിറു തിരിമന്നെ, ദിനേശ് ചാണ്ഡിമൽ, എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, ലസിത് മലിംഗ, അജന്ത മെൻഡിസ്, നുവാൻ കുലശേഖര, രംഗണ ഹെറാത്ത്, ദിൽഷൻ മുനവീറ, അകില ദനൻജയ, ജീവൻ മെൻഡിസ്, ഷമിന്ദ എറൻഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
