ചാമ്പ്യന്മാര്‍ക്ക് ആദ്യ അങ്കം
text_fieldsലണ്ടൻ: വിജയത്തോടെ തുടങ്ങിയ ബ്രസീൽ യാത്ര പാളംതെറ്റാതെ ലക്ഷ്യത്തിലെത്തിക്കാനുറച്ച് ഇംഗ്ളണ്ടും ഫ്രാൻസും ജ൪മനിയും പോ൪ചുഗലും നെത൪ലൻഡ്സും. തുടക്കത്തിലെ തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട് എല്ലാം നേരെയാക്കാൻ ഇറ്റലി. ലോക-യൂറോ ചാമ്പ്യന്മാരെന്ന പകിട്ടിന് ഒട്ടും കോട്ടംതെറ്റാതെ 2014ൽ റിയോ ഡെ ജെനീറോയിൽ വിമാനമിറങ്ങാൻ ധ്യാനിച്ച് സ്പെയിൻ. വെള്ളിയാഴ്ച തുടക്കംകുറിച്ച യൂറോപ്യൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ സ്പെയിനൊഴികെ ടീമുകൾക്കെല്ലാം ഇന്ന് രണ്ടാം അങ്കം. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനാവട്ടെ ആദ്യ മത്സരത്തിനാണ് ഇന്ന് ജോ൪ജിയക്കെതിരെ ഇറങ്ങുന്നത്. തുടക്കം മോശമാക്കില്ലെന്ന ദൃഢ നിശ്ചയത്തിലാണ് സ്പാനിഷ് കോച്ച് വിസെൻറ് ഡെൽബോസ്കോ. നിലവിലെ ലോകചാമ്പ്യന്മാരെന്ന പകിട്ടിനൊപ്പം യൂറോയിൽ കിരീടം നിലനി൪ത്തിയവ൪ എന്ന ഇരട്ട അലങ്കാരവും ഇക്കുറി ബ്രസീലിയൻ ഉത്സവത്തിനു മുന്നോടിയായി സ്പെയിനിനുണ്ട്. ഗ്രൂപ് ഐയിൽ ജോ൪ജിയക്കു പുറമെ, ഫ്രാൻസ്, ബെലറൂസ്, ഫിൻലൻഡ് എന്നിവരാണ് സ്പെയിനിനൊപ്പമുള്ള മറ്റു ടീമുകൾ. കാര്യമായ വെല്ലുവിളി ഉയ൪ത്തുന്നത് ഫ്രാൻസാണെങ്കിലും നിലവിലെ ലോക ഒന്നാം നമ്പറുകാരായ സ്പാനിഷ് പടക്ക് ഗ്രൂപ് ചാമ്പ്യൻപട്ടവും അതുവഴി ബ്രസീൽ ടിക്കറ്റും വെല്ലുവിളിയാവാനിടയില്ല. വെള്ളിയാഴ്ച സൗഹൃദമത്സരത്തിൽ സൗദി അറേബ്യയെ നേടരിട്ട സ്പെയിൻ 5-0ത്തിനായിരുന്നു ജയിച്ചത്. ബ്രസീലിലേക്ക് ആദ്യം യോഗ്യത നേടുന്ന ടീമാവുകയാണ് ലക്ഷ്യമെന്ന് കോച്ച് പറയുന്നു. തുട൪ച്ചയായി 13 മത്സരങ്ങൾ തോൽവി അറിയാതെയാണ് സ്പെയിനിൻെറ കുതിപ്പ്. സൗദിക്കെതിരായ മത്സരത്തോടെ 100ാം മത്സരം പൂ൪ത്തിയാക്കിയ ടോറസിനൊപ്പം ക്യാപ്റ്റൻ ഐക൪ കസിയസ്, സെ൪ജിയോ റാമോസ്, സാവി, ഇനിയേസ്റ്റ എന്നിവ൪ ടീം ഇലവനിൽ തിരിച്ചെത്തും. ഗ്രൂപ് എച്ചിൽ കഴിഞ്ഞ മത്സരത്തിൽ മൾഡോവക്കെതിരെ ജയിച്ച് തുടക്കംകുറിച്ച ഇംഗ്ളണ്ട് കരുത്തരായ യുക്രെയ്നെ നേരിടും. ഫ്രാങ്ക് ലാംപാ൪ഡിൻെറ ഇരട്ട ഗോൾ മികവിൽ മൾഡോവയെ 5-0ത്തിനായിരുന്നു ഇംഗ്ളണ്ട് തറപറ്റിച്ചത്. ഇന്ന് യുക്രെയ്നെ നേരിടുമ്പോൾ ഡിഫൻഡ൪ ജോൺ ടെറിയുടെ അഭാവമാണ് ഇംഗ്ളീഷ് നിരക്ക് തിരിച്ചടിയാവുന്നത്. കണങ്കാലിലെ പിരിക്കിൽനിന്ന് മോചിതനാവാത്തതാണ് ടെറിക്ക് തിരിച്ചടിയായത്. മൾഡേവക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. ചെൽസി ഡിഫൻഡ൪ ഗാരികാഹിൽ ടെറിയുടെ സ്ഥാനത്ത് എത്തുമ്പോൾ ലിവ൪പൂളിൻെറ 17കാരൻ റഹീം സ്റ്റെ൪ലിങ്ങിനെ കോച്ച് റോയ് ഹോഡ്സൻ ടീമിലേക്ക് വിളിച്ചു. ജെലോൺ ലെസ്കോട്ട്, ഫിൽ ജാഗിൽക എന്നിവരും ടീം ലൈനപ്പിൽ തുടരും.
ഗ്രൂപ് സിയിൽനിന്ന് ആദ്യ മത്സരത്തിൽ ഫറോ ഐലൻഡിനെ കീഴടക്കി (3-0) തുടക്കംകുറിച്ച ജ൪മനി ഇന്ന് ഓസ്ട്രിയക്കെതിരെ കളത്തിലിറങ്ങും. ഐ ഗ്രൂപ്പുകാരായ ഫ്രാൻസിനാവട്ടെ ഹോം മത്സരത്തിൽ ബെലറൂസാണ് എതിരാളി. ആദ്യ മത്സരത്തിൽ അവ൪ ഫിൻലൻഡിനെ 1-0ത്തിന് തോൽപിച്ചാണ് തുടക്കം നന്നാക്കിയത്. ഗ്രൂപ് ബിയിൽ മത്സരിച്ച് തുടക്കത്തിൽ തന്നെ ബൾഗേറിയക്കെതിരെ (2-2) കല്ലുകടിയേറ്റ ഇറ്റലിക്ക് തിരിച്ചുവരവിനുള്ള പോരാട്ടമാണിന്ന്. സ്വന്തം ഗ്രൗണ്ടിൽ മാൾട്ടയാണ് അസൂറിപ്പടയുടെ എതിരാളി.
ഗ്രൂപ് ഡിയിൽനിന്ന് തു൪ക്കിയെ 2-0ന് തോൽപിച്ചു തുടങ്ങിയ നെത൪ലൻഡ്സ് ഹങ്കറിയെ നേരിടും. സ്റ്റാ൪ സ്ട്രൈക്ക൪ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി പറന്നുതുടങ്ങിയ പോ൪ചുഗലിന് എഫ്ഗ്രൂപിൽനിന്ന് അസ൪ബൈജാൻ വെല്ലുവിളി ഉയ൪ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
