ടി.പി കുടുംബ സഹായം: നാലു പേരെക്കൂടി സി.പി.എം പുറത്താക്കി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻെറ കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തിയതിൻെറയും ഒഞ്ചിയത്തെ വസതിയിൽ ഐക്യദാ൪ഢ്യ സമ്മേളനം സംഘടിപ്പിച്ചതിൻെറയും പേരിൽ നാലുപേരെക്കൂടി സി.പി.എം പുറത്താക്കി.
എസ്.എഫ്.ഐ മുൻ ജില്ലാ വൈസ് പ്രസിഡൻറും സി.പി.എം പേരാമ്പ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ സന്തോഷ് സെബാസ്റ്റ്യൻ, എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.എം. ഗിരീഷ്, കോടേരിച്ചാൽ ബ്രാഞ്ച് അംഗവും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. രജീഷ്, മേഞ്ഞാണ്യം ബ്രാഞ്ച് അംഗം കെ.പി. ബിജു എന്നിവരെയാണ് ഇക്കഴിഞ്ഞ് ദിവസം ചേ൪ന്ന പേരാമ്പ്ര ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ഇതോടെ ഈ പ്രശ്നത്തിൻെറ പേരിൽ അച്ചടക്ക നടപടിക്ക് വിധേയരായവരുടെ എണ്ണം പത്തായി. സി.പി.എം എടച്ചേരി ലോക്കൽ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എസ്. ബിമൽ, ടൗൺ നോ൪ത് മുൻ ലോക്കൽ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ട്രഷററുമായ കെ.പി. ചന്ദ്രൻ, ഉള്ള്യേരി ലോക്കൽ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയുമായ സി. ലാൽ കിഷോ൪, കുരുവട്ടൂ൪ ലോക്കൽ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എ. മുഹമ്മദ് സലീം, കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം സാദിഖ് ചേലാട്ട് എന്നിവ൪ക്കെതിരെയും പാ൪ട്ടി നേതൃത്വത്തെ വിമ൪ശിച്ച് അഭിമുഖം നൽകിയതിൻെറ പേരിൽ ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും ടി.പിയുടെ ഭാര്യാപിതാവുമായ കെ.കെ. മാധവനെതിരെയുമാണ് നേരത്തേ നടപടിയെടുത്തത്.
സി.പി.എമ്മിനകത്തുള്ളവ൪ ചേ൪ന്ന് രൂപവത്കരിച്ച ചന്ദ്രശേഖരൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ടി.പിയുടെ കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തിയത്. ടി.പിയോട് ആഭിമുഖ്യം പുല൪ത്തുന്നവരിൽനിന്ന് മാത്രമായി 19 ലക്ഷം രൂപയാണ് സമിതി പിരിച്ചെടുത്തത്.
ഇത് കൈമാറാനും ടി.പി ഉയ൪ത്തിയ രാഷ്ട്രീയത്തോട് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാനുമായി ഒഞ്ചിയത്തെ വസതിയിൽ സാംസ്കാരിക നായകരെ അണിനിരത്തി സമ്മേളനം സംഘടിപ്പിച്ചതും സി.പി.എമ്മിനെ പ്രകോപിപ്പിച്ചു. എന്നാൽ, അച്ചടക്ക നടപടികൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പാ൪ട്ടിയെ തള്ളിവിടുമെന്നാണ് കരുതപ്പെടുന്നത്. കെ.എസ്. ബിമലിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് എടച്ചേരിയിൽ സി.പി.എം അംഗങ്ങളും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളുമുൾപ്പെടെ 150ഓളം പേ൪ പങ്കെടുത്ത പ്രകടനം നടന്നത് ഇതിൻെറ സൂചനയായി വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
