Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനിശാസ്വപ്നജീവി

നിശാസ്വപ്നജീവി

text_fields
bookmark_border
നിശാസ്വപ്നജീവി
cancel

ഈ കേരളത്തിൽ ജനിച്ചതാണ് പ്രശ്നമായത്. വേറെ വല്ല നാട്ടിലുമായിരുന്നെങ്കിൽ ആളുകൾ നെഞ്ചേറ്റി നടക്കുമായിരുന്നു. ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രതിഭ വെച്ചുനോക്കുമ്പോൾ നവകേരള ശിൽപിയായി ചരിത്രത്തിൽ ഇടംപിടിക്കേണ്ടയാളാണ് ടി.ബാലകൃഷ്ണൻ. സുന്ദര സുരഭില കേരളത്തെ വാ൪ത്തെടുക്കാൻ ബാലകൃഷ്ണൻ കണ്ട നിശാസ്വപ്നങ്ങൾക്ക് കൈയും കണക്കുമില്ല. അക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേതാണ് നിശാനൃത്തശാല. മലയാളികൾക്കുള്ള ഒരു കുഴപ്പം അവ൪ വല്ലാതെ മസിലുപിടിക്കുന്നു എന്നതാണ്. ഉപ്പുതൊട്ട് ക൪പ്പൂരം വരെ എല്ലാറ്റിലും രാഷ്ട്രീയം കാണുന്നു. ആനന്ദാതിരേകത്തിൽ ഒരു നൃത്തച്ചുവടുവെക്കാനുള്ള അയവില്ലായ്മ മലയാളിയുടെ ജനിതകത്തിലുള്ളതാണ്. അത് മാറ്റിയെടുത്താൽതന്നെ ഒരുവിധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും. അതിനായി മുന്നോട്ടുവെച്ച സ്വപ്നപദ്ധതിയാണ് നിശാനൃത്തശാല.
നിശാനൃത്തശാല എന്ന പേരുകേൾക്കുമ്പോൾ അതിൽ അധാ൪മികമായി എന്തെങ്കിലുമുണ്ടെന്നു കരുതി സദാചാര ഗുണ്ടകൾ ബാലകൃഷ്ണനെ ദ്രോഹിക്കാൻ പാടില്ല. അതിൽ അശ്ളീലം ലവലേശമില്ല. കുടുംബ ഉല്ലാസകേന്ദ്രം എന്ന ഉദാത്തമായ പദ്ധതിയാണ് അത്. കുടുംബത്തിന് ഒരുമിച്ചുപോയി സോമരസം കഴിക്കാനും അമൃതത്തേിനുശേഷം വിറക്കുന്ന ചുവടുകളോടെ അൽപനേരം ആടിത്തിമി൪ക്കാനും അങ്ങനെ, ഈ കെട്ട ലോകത്തിൻെറ മാനസികസമ്മ൪ദങ്ങളിൽനിന്ന് തെല്ലുനേരമെങ്കിലും പലായനംചെയ്യാനും പാവം മലയാളിക്ക് അവസരം നൽകുന്ന ഉല്ലാസകേന്ദ്രമായാണ് ഈ നവകേരളശിൽപി അതിനെ വിഭാവനം ചെയ്തിരുന്നത്. പതിനെട്ട് ഏക്കറിൽ കാബറേ തിയറ്ററുകളും ഡിസ്കോതെക്കും മദ്യശാലകളും തുടങ്ങിയാൽ വികസനമുരടിപ്പുനേരിടുന്ന കേരളത്തിന് അതൊരു ആശ്വാസമായേനെ. മലയാളികളുടെ നിശാജീവിതം പ്രോൽസാഹിപ്പിക്കുക എന്ന വിപ്ളവകരമായ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു ഇതിനു പിന്നിൽ. പാശ്ചാത്യനാടുകളിലൊക്കെ നൈറ്റ്ലൈഫ് ആഘോഷിക്കാനുള്ള അവസരങ്ങളുണ്ട്; അതിനുള്ള വേദികളുണ്ട്. മലയാളികളുടെ നിശാജീവിതം രാത്രി പത്തുമണിക്ക് അവസാനിക്കും. അതുകൊണ്ട് അവ൪ ജീവിതം ആസ്വദിക്കുന്നില്ല. അതുകൊണ്ടാണ് അവരുടെ മനസ്സ് ഇങ്ങനെ മുരടിച്ചുപോവുന്നതും ഏതൊരു വികസനപ്രവ൪ത്തനത്തിനു പദ്ധതിയിടുമ്പോഴും രാഷ്ട്രീയം പറഞ്ഞ് ഇടങ്കോലിടാൻ വരുന്നതും. ഇൻഡോ൪ നീന്തൽകുളത്തിൽ ജലകേളി നടത്തിയാൽതന്നെ മലയാളിയുടെ തല തണുക്കും. അനാവശ്യമായ വികസനവിരുദ്ധ ചിന്തകൾ അവിടെ ചൂടുപിടിക്കില്ല. കേരളീയവികസനത്തിൻെറയും മലയാളിയുടെ സ൪വതോന്മുഖമായ ഉന്നമനത്തിൻെറയും ഉദാത്തമാതൃകകൾ മുന്നോട്ടുവെച്ച ദീ൪ഘദ൪ശിയായ ഒരു ഐ.എ.എസുകാരനെ വേണ്ടവിധം നമ്മൾ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ‘വിദ്വാൻ’ എന്ന് വി.എസ് വിളിച്ചത് മാത്രമാണ് ആ പാണ്ഡിത്യത്തിനു ലഭിച്ച ഏക ബഹുമതി.
ഇൻഫ്രാസ്ട്രക്ച൪ കേരള ലിമിറ്റഡ് അഥവാ ഇൻകൽ എന്ന സ്ഥാപനത്തിൻെറ മാനേജിങ് ഡയറക്ടറാണിപ്പോൾ. എമ൪ജിങ് കേരളയിൽ പദ്ധതികൾ ഉൾപ്പെടുത്തുന്നതിനു നേതൃത്വം കൊടുത്തവരിൽ പ്രധാനിയാണ്. വേളിയിൽ നിശാക്ളബ് സ്ഥാപിക്കാനുള്ള പദ്ധതി എമ൪ജിങ് കേരളയിൽ ഉൾപ്പെടുത്തിയതിൻെറ പേരിൽ സ൪ക്കാ൪ ഈ നവകേരളശിൽപിയെ ബലിയാടാക്കുന്നത് കണ്ടിട്ടും ഇവിടത്തെ സാംസ്കാരിക നായക൪ പ്രതികരിച്ചുകാണുന്നില്ല. ബാലകൃഷ്ണന് സത്യത്തിൽ തോന്നിയിട്ടുണ്ടാവും തൻെറ ഈ സവിശേഷമസ്തിഷ്കം കേരളം അ൪ഹിക്കുന്നില്ലെന്ന്. വ്യവസായമന്ത്രി വിശദീകരണം ചോദിച്ചത് അതിന് മറ്റൊരു കാരണം കൂടിയായി.
വിഷനറി എന്നൊക്കെ ഇംഗ്ളീഷിൽ വിളിക്കുന്നത് ബാലകൃഷ്ണനെപ്പോലുള്ളവരെയാണ്. ദീ൪ഘദ൪ശിയായ ഈ മുൻ ബ്യൂറോക്രാറ്റ് ഈയിടെ കേരളത്തിൻെറ സമഗ്രമായ വികസനത്തിന് ഒരു പദ്ധതി കൂടി മുന്നോട്ടുവെച്ചു. അതിവേഗ റെയിൽവേ ഇടനാഴി എന്നാണ് അതിനു പേര്.1,18,000 കോടിയാണ് നി൪മാണച്ചെലവ്. 142 മിനിറ്റ് കൊണ്ട് ഒരാൾക്ക് തിരുവനന്തപുരത്തുനിന്ന് കാസ൪കോട് എത്താം. കേരളത്തിൻെറ നെഞ്ചിലൂടെ ബുള്ളറ്റ് ട്രെയിൻ ഓടിച്ചിട്ട് ഈ നി൪മാണച്ചെലവ് തിരിച്ചുപിടിക്കാനൊന്നും പറ്റില്ലെന്ന് നിശ്ചയമില്ലാത്തയാളല്ല ബാലകൃഷ്ണൻ. അത്രയെങ്കിലും ബുദ്ധി അദ്ദേഹത്തിനുണ്ടെന്ന് നമ്മൾ സമ്മതിച്ചുകൊടുക്കണം. കേരളത്തിന് സാമ്പത്തിക വള൪ച്ചയുണ്ടാക്കാനാണ് ഈ ഇടനാഴി. ആ ദീ൪ഘവീക്ഷണം കാണാനുള്ള കണ്ണ് നമുക്കില്ലാത്തതിൽ ലജ്ജിക്കുക. എക്സ്പ്രസ്വേയായിരുന്നു ഒരു കാലത്ത് മനസ്സിൽ കൊണ്ടുനടന്നിരുന്ന സ്വപ്നം. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുമ്പോഴൊക്ക സ്വപ്നത്തിൽ അതുമാത്രമായിരുന്നു. അതു നടക്കാതെ പോയതിലുള്ള വേദന ആ൪ക്കും പറഞ്ഞാൽ മനസ്സിലാവില്ല.
വ്യവസായ വകുപ്പിൻെറ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലത്താണ് ബാലകൃഷ്ണനിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ മാലോക൪ അറിഞ്ഞത്. ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടുവെന്ന വിപ്ളവകരമായ അഭിപ്രായപ്രകടനത്തിലൂടെ അദ്ദേഹം പ്രബുദ്ധകേരളത്തിൻെറ രാഷ്ട്രീയ മന$സാക്ഷിയെ ഉണ൪ത്തുകയായിരുന്നു. നിയമം മൂലം കൃഷിഭൂമി ശകലീകരിക്കപ്പെട്ടതുകൊണ്ട് ഉൽപാദനം കുറഞ്ഞുവെന്ന തിയറിയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഭൂപരിഷ്കരണം മൂലം ക൪ഷക൪ക്ക് അഭിമാനം നഷ്ടമായി. കൃഷി അവ൪ക്കൊരു ഹോബിയായി എന്നൊക്കെയാണ് കാതലായ മറ്റു ചിന്തകൾ. എത്രയോ ഇടതുപക്ഷ ചിന്തകരും പണ്ഡിതരും സൈദ്ധാന്തികരുമുള്ള കേരളത്തിൽ ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ ഒരു ബ്യൂറോക്രാറ്റ് തന്നെ വേണ്ടിവന്നു എന്നത് നമ്മുടെ ബൗദ്ധികവിഭവശേഷിയുടെ ശോഷണത്തെയാണ് കാണിക്കുന്നത്. ബാലകൃഷ്ണൻെറ ബുദ്ധിയും നിരീക്ഷണപാടവവും സമഗ്രമേഖലകളിലേക്കും വികസിപ്പിച്ചിരുന്നെങ്കിൽ കേരളത്തിൻെറ ഗതി തന്നെ മാറിയേനെ.
മുതലാളിമാരോടൊക്കെ ഈ കേരളം കാട്ടുന്ന ക്രൂരതകൾ കാണുമ്പോൾ കണ്ണുനിറയുന്ന പിഞ്ചു മനസ്സാണ്. എല്ലാവരും കൂടി ശ്രമിച്ചിരുന്നെങ്കിൽ മാവൂ൪ ഗ്വാളിയോ൪ റയോൺസ് ഫാക്ടറി പൂട്ടുമായിരുന്നോ? ടാറ്റക്ക് കേരളത്തിൽമാത്രമെന്തിനാണ് അയിത്തം? കുട്ടിക്കാറുണ്ടാക്കാൻ ടാറ്റയെ എല്ലാ സംസ്ഥാനങ്ങളും മാടിവിളിച്ചപ്പോൾ മുഖം തിരിക്കുകയായിരുന്നില്ലേ കേരളം? അഡിഡാസ് കമ്പനിയുടെ ആൾക്കാ൪ നല്ല ആഡംബര കാറിൽ കേരളത്തിലൊന്നു കറങ്ങിയപ്പോൾ കുണ്ടിലും കുഴിയിലും വീണ് നിരാശരായി മടങ്ങി. റോഡില്ലാത്തതുകൊണ്ടാണ് അവ൪ വ്യവസായ പാ൪ക്കിൽ നിക്ഷേപം നടത്താതെ പോയത്്. ഹേമമാലിനിയുടെ കവിൾത്തടം പോലുള്ള റോഡ് ഇവിടെയുണ്ടായിരുന്നെങ്കിൽ അഡിഡാസ് കമ്പനി ചെരിപ്പും ഷൂസും ഉണ്ടാക്കുമായിരുന്നില്ലേ? ചിലരുടെ വിചാരം കേരളം കേരവൃക്ഷങ്ങളുടെ നാടാണ്, അത് മാത്രമേ ഇവിടെ വിളയുകയുള്ളൂ എന്നാണ്. അത്തരക്കാരെക്കൊണ്ട് പൊറുതിമുട്ടി വൃഥാവിലായ ഒരു കരിയ൪ഗ്രാഫാണ് ബാലകൃഷ്ണൻേറത്. അല്ലെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു കേരളത്തിൻെറ വികസനക്കുതിപ്പ്. പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലെത്തിച്ചേനെ.
ടാറ്റയും ബി൪ളയും അഡിഡാസും മാത്രമല്ല കൺകണ്ട ദൈവങ്ങൾ, കൊക്കക്കോളയുമുണ്ട്. കോളമുതലാളിയെ മനസ്സിൽ പൂവിട്ട് പൂജിക്കാറുണ്ട്. വികസനവിരുദ്ധ൪ പുതുശ്ശേരിയിലെ പെപ്സി ഫാക്ടറി പൂട്ടാൻ നോക്കി. പൂട്ടാതെ രക്ഷിക്കാൻ സാധിച്ചത് അഭിമാനകരം. ഒരുപക്ഷേ, ഇത്തരം ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ കൊക്കകോള ഫാക്ടറിയെയും രക്ഷിക്കാമായിരുന്നു.ലോകമൊട്ടാകെ സംരംഭമുള്ള കമ്പനിയാണ് കൊക്കകോള. എന്നാൽ, പ്രശ്നമുണ്ടായത് കേരളത്തിൽ മാത്രമാണ്. ഒരു നാടിൻെറ കുടിവെള്ളമൂറ്റിയെന്നതു ശരിതന്നെ. അവ൪ക്ക് ദാഹമകറ്റാൻ കോള കുടിക്കാമായിരുന്നല്ലോ. കുറച്ച് കീടനാശിനിയും കള൪വെള്ളവും ചേ൪ത്ത ലായനി കുടിച്ച് ആരോഗ്യം മെച്ചപ്പെടുത്താമായിരുന്നില്ലേ ആ പട്ടിക്കാട്ടുകാ൪ക്ക്? ഇതാണ് പറയുന്നത് മലയാളിക്ക് പ്രായോഗിക ബുദ്ധിയില്ലെന്ന്. എന്നാൽപിന്നെ ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിമാൻമാരെ കണ്ട് പഠിക്കുമോ? അതുമില്ല. ഈ ജനതക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ, അവ൪ ഇത്രയേ അ൪ഹിക്കുന്നുള്ളൂ എന്നു കരുതി സമാധാനിക്കാം.
ബാലകൃഷ്ണപിള്ളയുടെ മരുമകനാണ്. സ൪വീസിൽനിന്ന് വിരമിച്ചതിനുശേഷമാണ് പൊതു,സ്വകാര്യ പങ്കാളിത്ത സംരംഭമായ ഇൻകലിൽ ചേ൪ന്നത്. ഔദ്യാഗികജീവിതത്തിൽനിന്ന് അടുത്തൂൺപറ്റി പിരിഞ്ഞാലും എത്രതന്നെ പിന്തിരിപ്പൻമാ൪ തുരങ്കംവെച്ചാലും കേരളത്തെ വികസിപ്പിച്ചേ അടങ്ങൂ എന്ന ആ നിശ്ചയദാ൪ഢ്യത്തിനുകൊടുക്കണം മില്യൻ ഡോള൪ സമ്മാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story