Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘എമര്‍ജിങ് കേരള’...

‘എമര്‍ജിങ് കേരള’ കുത്തകകള്‍ക്ക്

text_fields
bookmark_border
‘എമര്‍ജിങ് കേരള’ കുത്തകകള്‍ക്ക്
cancel

നാടും റോഡും കാടും കായലും കടലുപോലും ബഹുരാഷ്ട്ര കോ൪പറേറ്റ് ഭീമന്മാ൪ക്ക് തീറെഴുതിക്കൊടുക്കാൻ ആ൪ത്തിപൂണ്ടു നടക്കുന്ന ഭരണാധികാരികൾക്ക് മനുഷ്യരുടെ ജീവന് ഈയാംപാറ്റകളുടെ വിലപോലുമില്ലെന്നതിൻെറ ദൃഷ്ടാന്തമാണ് കണ്ണൂ൪ ചാല ദുരന്തം. ആ ജങ്ഷനിലെ അശാസ്ത്രീയമായി നി൪മിക്കപ്പെട്ട ഡിവൈഡ൪ നിരവധി വാഹനാപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അവിടെയുള്ളവ൪ക്കൊക്കെ അറിയാം. അത് മാറ്റി അപകടരഹിതമായ സംവിധാനമൊരുക്കണമെന്ന് അധികൃത൪ക്ക് നിരവധി നിവേദനങ്ങൾ നൽകിയതാണ്. പക്ഷേ, അതൊക്കെ അവഗണിക്കപ്പെട്ടതിൻെറ ഫലമാണ് നാം കണ്ടത്.
ഇതിപ്പോൾ ഓ൪ക്കാൻ കാരണം, കേരളത്തെ പുനരുദ്ധരിക്കാൻ വൻപദ്ധതികളുമായി യു.ഡി.എഫ് ഗവൺമെൻറിലെ ശക്തൻതമ്പുരാക്കൾ രംഗത്തുവന്നതാണ്. നവ കേരള സൃഷ്ടിക്കായി മഴുവെടുത്ത ആ പരശുരാമന്മാരുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കേരളമെന്ന, അറബിക്കടലിൻെറയും പശ്ചിമഘട്ട സാനുക്കളുടെയും ഇടയിൽ ഞെരിഞ്ഞമ൪ന്നുകിടക്കുന്ന 38,863 ച.കി. മീറ്റ൪ ഭൂപ്രദേശത്ത് 9400 ച.കി. മീറ്റ൪ വനഭൂമിയും 1941 ച.കി. മീറ്റ൪ ചതുപ്പുനിലവും ജലപ്രദേശവും കഴിച്ച് 27,522 ച.കി.മീറ്റ൪ ഭൂമിയാണ് മൂന്നേമുക്കാൽ കോടി ജനങ്ങൾക്ക് അധിവസിക്കാനായി അവശേഷിക്കുന്നത്. ഈ ഭൂമിയിൽതന്നെ വൻകിട വ്യവസായങ്ങൾക്കും ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാര വാണിജ്യ കേന്ദ്രങ്ങൾക്കും നഗരങ്ങൾക്കും ഭക്ഷ്യ, നാണയ വിളകൾ ഉൽപാദിപ്പിക്കുന്ന വൻ തോട്ടങ്ങൾക്കുമായി മാറ്റിവെക്കപ്പെട്ടത് കഴിച്ച് ബാക്കിയാണ് താമസത്തിനുള്ള ഭവനങ്ങൾക്കായി ഉപയോഗിക്കേണ്ടത്. ഭവനരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഒരു സെൻറ് ഭൂമിക്കുവേണ്ടി നെട്ടോട്ടമോടുമ്പോഴാണ് പതിനായിരക്കണക്കിന് ഏക്ക൪ ഭൂമി ആവശ്യമായി വരുന്ന വൻപദ്ധതികളുമായി ‘എമ൪ജിങ് കേരള’ മാമാങ്കത്തിന് വ്യവസായ വകുപ്പും മറ്റു സ൪ക്കാ൪ സംവിധാനങ്ങളും ഒരുങ്ങിയിരിക്കുന്നത്.
നാടും നഗരവും വികസിക്കണമെന്ന് ആഗ്രഹിക്കുന്നവ൪ പോലും ഈ ദുരൂഹപദ്ധതികളുടെ പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുകയാണ്. യു.ഡി.എഫിൻെറ മുൻവാഴ്ചക്കാലത്ത് കൊട്ടിഘോഷിച്ച് ‘ജിം’ എട്ടുനിലയിൽ പൊട്ടാനുണ്ടായ കാരണം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ജനപക്ഷചിന്തയില്ലാത്ത ഉട്ടോപ്യൻ പദ്ധതികളായിരുന്നു അന്ന് അവതരിപ്പിക്കപ്പെട്ട പദ്ധതികളിൽ പലതും. അതിൻെറ പേരിൽ ഭൂമാഫിയക്ക് സ൪ക്കാ൪ ഭൂമി കൈവശപ്പെടുത്താനും കൃഷിഭൂമി നികത്താനും അവസരമൊരുങ്ങിയെന്നത് മാത്രമായിരുന്നു ഫലം. ഇപ്പോഴത്തെ എമ൪ജിങ് പദ്ധതികളും അതേ ലക്ഷ്യം വെച്ചുള്ളതാണെന്ന് ജനം സംശയിച്ചുപോകുന്നത് അതിനാലാണ്.
മൊത്തം പദ്ധതികൾക്കാവശ്യമായ ഭൂമി എവിടെനിന്ന് കണ്ടെത്തും എന്നത് മുഖ്യപ്രശ്നമായി പലരും ഉന്നയിച്ചുകാണുന്നു. വനഭൂമി വിട്ടുകൊടുക്കാൻ സാധ്യതയില്ലെന്നുതന്നെ കരുതാം. റവന്യൂഭൂമിയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. നെല്ലിയാമ്പതിയും ടാറ്റാ ടീ എസ്റ്റേറ്റും വൻ വിവാദവിഷയങ്ങളായി നിലനിൽക്കുമ്പോഴാണ് ഈ ‘വെടിക്കെട്ട്’ വഴിപാടെന്ന് ഓ൪ക്കണം. പാട്ടക്കാലാവധി കഴിഞ്ഞും കുടിയൊഴിപ്പിക്കാനാവാതെ സ൪ക്കാ൪ അട്ടംനോക്കിനിൽക്കുമ്പോൾ പുതിയ റവന്യൂഭൂമിയും സ്വകാര്യ വ്യക്തികൾക്ക് ‘എമ൪ജ്’ ചെയ്യാൻ വിട്ടുകൊടുക്കുന്നതിനെ ശക്തമായി എതി൪ത്തുകൊണ്ട് യു.ഡി.എഫിലെതന്നെ യുവ എം.എൽ.എമാരും വി.എം. സുധീരനെപ്പോലുള്ള ആക്ടിവിസ്റ്റുകളും രംഗത്തുവന്നത് വെറുതെയല്ല. കെ.എസ്.ഐ.ഡി.സിയും ഇൻകെലും ഗവൺമെൻറ് നോഡൽ ഏജൻസികളായി രംഗത്തുണ്ടെന്നും അറിഞ്ഞിടത്തോളം അവ൪ക്കൊക്കെ 10, 20 ശതമാനം മാത്രമേ ഓഹരി വിഹിതം ലഭിക്കുകയുള്ളൂവെന്നും വാ൪ത്തയുണ്ട്. വൻ ഭൂമാഫിയയുടെയും ഷൈലോക്കുമാരുടെയും കോ൪പറേറ്റ് ഭീമന്മാരുടെയും കൈകളിലേക്ക് കേരളത്തിലെ അവശേഷിക്കുന്ന റവന്യൂ ഭൂമികൂടി വെച്ചുകൊടുക്കുന്നതിലെ അപകട സാധ്യത പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. (മാവൂരിൽ ഫാക്ടറി സ്ഥാപിക്കാൻ ബി൪ലക്ക് പാട്ടത്തിന് നൽകിയ 260ഓളം ഏക്ക൪ ഭൂമി ഫാക്ടറി അടച്ചുപൂട്ടി വ൪ഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാൻ സ൪ക്കാറിന് കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയായിരിക്കും എമ൪ജിങ് കേരളയിൽ വൻകിട സ്ഥാപനങ്ങൾക്ക് പാട്ടത്തിന് കൊടുക്കുന്ന ഭൂമിക്കുമുണ്ടാവുക.)
വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നം ഇതിനകംതന്നെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞതാണ്. അതോടൊപ്പം ‘എമ൪ജിങ് കേരള’ക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം വൻ പ്രഹേളികയായിത്തന്നെ അവശേഷിക്കും. പദ്ധതികളുടെ സ്വകാര്യവത്കരണമാണ് അതിലേറെ ഭീഷണമായിത്തീ൪ന്നിട്ടുള്ളത്. സഞ്ചാരസ്വാതന്ത്ര്യവും പ്രവേശസ്വാതന്ത്ര്യവും ടോൾ ബൂത്തുകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥിതിവിശേഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഭൂഷണമല്ലതന്നെ. ജനസാന്ദ്രത മുറ്റിനിൽക്കുന്ന കേരളത്തിൻെറ സ്വതന്ത്രഗമനത്തെ തടുത്തുനി൪ത്തിയാൽ സംഭവിക്കുന്നത് വൻ സ്ഫോടനമായിരിക്കും. നിലവിലുള്ള റെയിൽവേ മേൽപാലങ്ങളിലെ ടോൾ ബൂത്തുകൾതന്നെ വൻ പ്രതിഷേധത്തിനും സംഘ൪ഷങ്ങൾക്കും ഇടവരുത്തുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഇതിനെക്കാൾ മാരകമാണ്. മാവൂ൪ ഗ്വാളിയോ൪ റയോൺസ് കേരള വനങ്ങളിലെ മുളങ്കാടുകൾ വെട്ടിവിഴുങ്ങിയും ഉച്ഛിഷ്ട രാസവസ്തുക്കൾ ചാലിയാറിലൊഴുക്കിയും സൃഷ്ടിച്ച പരിസ്ഥിതി ആഘാതങ്ങളും ആരോഗ്യപ്രശ്നങ്ങളും മറക്കാറായിട്ടില്ല. എഫ്.എ.സി.ടിയും തഥൈവ. അത്തരം അന്തരീക്ഷ, പരിസര മലിനീകരണം നിയന്ത്രിക്കാനോ ശാസ്ത്രീയമായി പരിഷ്കരിക്കാനോ മാറിമാറി വന്ന ഭരണകൂടങ്ങൾക്കൊണ്ടൊന്നും ആയിട്ടില്ല. പൊതുമേഖലക്ക് മുൻതൂക്കം നൽകുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ട കൊച്ചി മെട്രോ, തിരുവനന്തപുരം മോണോ റെയിൽ തുടങ്ങിയ പദ്ധതികളും എമ൪ജിങ്ങിൽ ഉൾപ്പെടുത്തി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഏതായാലും എതി൪ക്കപ്പെടേണ്ടതുതന്നെയാണ്. കേരള ഗെയിൽ ഗ്യാസ് ലിമിറ്റഡ് (കെ.ജി.ജി.എൽ), വിഴിഞ്ഞം പദ്ധതി എന്നിവയും സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. പാണക്കാട് ആരോഗ്യ വിദ്യാഭ്യാസ ഹബ് എന്നൊരു ബൃഹത്പദ്ധതിയും ഇതോടൊപ്പമുണ്ട്. ഗവൺമെൻറ് സ്ഥാപനമായ ഇൻകെലിൻെറ കൈയിലുള്ള പാണക്കാട്ടെ 183 ഏക്ക൪ ഭൂമിയാണ് ഇതിനായി കണ്ടുവെച്ചിട്ടുള്ളത്.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ (എ.എം.യു) മലപ്പുറം ഓഫ് കാമ്പസിന് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നൽകാമെന്നു പറഞ്ഞ ഈ ഭൂമി പിന്നീട് വ്യവസായ വകുപ്പ് സ്വകാര്യ കമ്പനിക്ക് വ്യവസായികാവശ്യത്തിന് അനുവദിച്ചുവെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അലീഗഢ് കാമ്പസ് നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് മുസ്ലിം സംഘടനകളുടെ സമ്മ൪ദഫലമായി പെരിന്തൽമണ്ണയിൽ മലവാരപ്രദേശത്ത് സ്ഥലം എടുക്കാമെന്ന് സ൪ക്കാ൪ തീരുമാനിച്ചത്. ഭൂവുടമകൾ കോടതിയെ സമീപിച്ചതോടെ പ്രശ്നം സങ്കീ൪ണമായി. പിന്നീട് അന്നത്തെ വൈസ് ചാൻസല൪ ഡോ. അബ്ദുൽ അസീസിൻെറയും മുസ്ലിം സംഘടനാ നേതാക്കളുടെയും ശ്രമഫലമായി പരിഹരിക്കപ്പെട്ടതിനു ശേഷമാണ് വൈകിയെങ്കിലും എ.എം.യു മലപ്പുറം കാമ്പസ് സ്ഥാപിക്കാനായത്. അന്ന് ഏതോ സ്വകാര്യ നിക്ഷേപകരുമായി കൂട്ടുകച്ചവടത്തിന് കണ്ടുവെച്ച അതേസ്ഥലമാണ് ആരോഗ്യ-വിദ്യാഭ്യാസ കേന്ദ്രത്തിനായി ഇപ്പോൾ നി൪ദേശിക്കപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ പേരിൽ നേടിയെടുക്കാവുന്ന നേട്ടങ്ങളും ആനുകൂല്യങ്ങളും ഏറ്റവുമേറെ അറിയുന്ന വ്യക്തിയാണ് ‘എമ൪ജിങ് കേരള’ക്ക് ചുക്കാൻ പിടിക്കുന്നത്!
നോ൪ക്കയുടെ പങ്കാളിത്തമാണ് ‘എമ൪ജിങ് കേരള’യിലെ ഫലിതബിന്ദു. കേരള പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫും ഉദ്യോഗസ്ഥ പ്രമുഖരും പലവുരു ഗൾഫ്നാടുകളിൽ വരുകയും ഗൾഫ് പ്രവാസികൾക്ക് നിക്ഷേപ സാധ്യതകളുള്ള വൻ പദ്ധതികൾ ‘എമ൪ജിങ്ങി’ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. പക്ഷേ, ഇന്ത്യയിലെ കോ൪പറേറ്റ് കമ്പനികളെയും വിദേശരാഷ്ട്രങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളെയും മാത്രം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ മുഴുവനും. ചെറിയ സംഖ്യകൾ സമാഹരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന പദ്ധതികൾ ഒന്നുംതന്നെ ഈ ആഘോഷപ്പന്തലിൽ വിളമ്പുന്നില്ലതന്നെ. പുനരധിവാസം, യാത്രാപ്രശ്ന പരിഹാരം തുടങ്ങിയ നൂറുനൂറായിരം സങ്കീ൪ണതകളിൽ വീ൪പ്പുമുട്ടുന്ന ഗൾഫ് പ്രവാസിക്ക് ചിലപ്പോൾ പടിഞ്ഞാറൻ ദൊരന്മാരുടെ പഠിപ്പും പാപ്പാസുമില്ലായിരിക്കാം. നാട്ടിൽ പട്ടിണിയും വറുതിയും ഇല്ലായ്മ ചെയ്യുന്നതിൽ അവ൪ അ൪പ്പിക്കുന്ന സേവനം അമൂല്യമാണ്. പക്ഷേ, അവരെ പൊന്നാട അണിയിക്കാനോ അവാ൪ഡ് നൽകാനോ നേരാംവണ്ണം ഒന്ന് മുഖം കാണിക്കാൻ പോലുമോ ഭരണാധികാരികൾക്കും ബ്യൂറോക്രാറ്റുകൾക്കും സന്മനസ്സുണ്ടാവാറില്ല. എമ൪ജിങ് കേരളയിലും സംഭവിക്കുന്നത് ക്രൂരമായ ഈ അവഗണനതന്നെ.
കേരളത്തിൻെറ സ൪വതോമുഖമായ വികസനത്തിന് ആരും എതിരല്ല. പക്ഷേ, ജനസാന്ദ്രതയും പരിസ്ഥിതിയും ആവാസവ്യവസ്ഥയും പ്രകൃതിസംരക്ഷണവും പരിഗണിച്ചുകൊണ്ടായിരിക്കണം വികസനം. മാലിന്യനി൪മാ൪ജനത്തിന് ആധുനിക സംവിധാനങ്ങൾ ദരിദ്രരാഷ്ട്രങ്ങൾവരെ സ്വീകരിക്കുമ്പോൾ ചേലോറയും പെട്ടിപ്പാലവും വിളപ്പിൽശാലയും നമ്മുടെ ദുരിതകേന്ദ്രങ്ങളായി തുടരുന്നു. മാലിന്യനി൪മാ൪ജനത്തിന് ആസൂത്രിതമായ ആധുനിക സംവിധാനങ്ങൾക്കായി സ൪ക്കാ൪ പദ്ധതികൾ ആവിഷ്കരിക്കുകയാണെങ്കിൽ ‘മൈക്രോ ഫിനാൻസിങ്ങി’ൻെറ അത്യുദാത്ത മാതൃകയായി വെയ്സ്റ്റ് മാനേജ്മെൻറ് പദ്ധതി നമുക്ക് അവതരിപ്പിക്കാം. പ്രവാസികളുടെ പങ്കാളിത്തത്തോടെ ആ സംരംഭം വിജയിപ്പിക്കാവുന്നതാണ്. നഗര-ഗ്രാമസഭകൾ ഭവനങ്ങളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പിരിച്ചെടുക്കുന്ന കോടികളുടെ നികുതിവരുമാനത്തിൻെറ ചെറിയൊരു വിഹിതം നിക്ഷേപക൪ക്ക് ഡിവിഡൻറായി നീക്കിവെക്കുന്നതിലൂടെ അവ൪ക്കും അത് സ്ഥിരം വരുമാനമാകും. റോഡ്, റെയിൽ വികസനത്തിനും ഇത്തരം സംരംഭങ്ങൾ സ൪ക്കാ൪ ആഭിമുഖ്യത്തിൽ നടപ്പിൽ വരുത്തുകയാണെങ്കിൽ അതിൽ എല്ലാ പ്രവാസികളും സഹകരിക്കും. ലോകബാങ്കിൻെറയും എ.ഡി.ബിയുടെയും മുന്നിൽ പിച്ചപ്പാളയുമായി നിൽക്കേണ്ട ഗതികേട് ഒഴിവാക്കുകയും ചെയ്യാം.
‘എയ൪ കേരള’ എന്ന സ്വപ്നപദ്ധതിയെക്കുറിച്ച് നോ൪ക്ക വൈസ് ചെയ൪മാൻ എം.എ. യൂസുഫലി ഒരു വാ൪ത്താസമ്മേളനത്തിൽ പറഞ്ഞതോ൪ക്കുന്നു. അദ്ദേഹത്തിന് ദേശീയ സ൪ക്കാറിലും വിദേശ ഭരണാധികാരികളിലുമുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസികളുടെ യാത്രാദുരിതം ഒരു പരിധിവരെ പരിഹരിക്കാൻ എയ൪ കേരളക്ക് കഴിയും.
ഇന്ത്യയിൽനിന്ന് പടിഞ്ഞാറൻ നാടുകളിലേക്കുള്ളതിനെക്കാൾ വ൪ധിച്ച യാത്രാക്കൂലിയാണ് ഗൾഫിലേക്ക് ഇന്ത്യയുടെ ദേശീയ ‘ശകട’മടക്കമുള്ള വിമാനക്കമ്പനികൾ ഈടാക്കുന്നത്. വിമാനകമ്പനികളുടെ നഷ്ടം പരിഹരിക്കുന്ന സെക്ടറാണ് കേരളമെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. എമ൪ജിങ് കേരളക്ക് ജനപങ്കാളിത്തവും ബഹുജനാടിത്തറയും ഉണ്ടാക്കാൻ ഉപരിസൂചിത പദ്ധതികൾ പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കാം. ചുരുക്കത്തിൽ, നമ്മുടെ കൊച്ചുകേരളത്തിൻെറ കരയും കായലും മണ്ണും വിണ്ണും ബഹുരാഷ്ട്ര കുത്തകകൾക്കും ആ൪ത്തിമൂത്ത കമ്പനികൾക്കും തീറെഴുതാതിരിക്കാൻ ഭരിക്കുന്നവ൪ ശ്രദ്ധിച്ചാൽ വരുംതലമുറക്ക് അത് പ്രയോജനപ്പെടും. സിംഗൂരും നാന്ദേഡും നാം മറക്കരുത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story