ആകാശ വിസ്മയങ്ങള്‍ ഭൂമിയെ പിളര്‍ത്തി
text_fieldsശിവകാശി: വലിയ ശബ്ദം കേട്ട് പടക്ക നി൪മാണ ശാലക്കരികിലേക്ക് ഓടിയെത്തിയതാണ് സമീപവാസിയായ സാന്തിജരാജ്. കിലോമീറ്ററകലെ പൊട്ടിത്തെറിക്കുന്ന വെടിമരുന്നിന്റെ ഭീകരതയോട് സുരക്ഷിതമായ അകലം അയാൾ അപ്പോഴും സൂക്ഷിച്ചിരുന്നു. ഏക്കറുകൾ പരന്നുകിടക്കുന്ന നി൪മാണ യൂനിറ്റിനെ ചുറ്റിവരിഞ്ഞ് കെട്ടിയ മുൾവേലിക്കുമപ്പുറം.
ഏറ്റവും അടുത്തുള്ള ഗോഡൗണിൽനിന്ന് ഏതാണ്ട് അര കിലോമീറ്റ൪ അകലം. ചുറ്റും നാട്ടുകാരൊരുപാട് കൂടിയിട്ടുണ്ട്. ചില൪ വേലികടന്ന് അകത്തേക്ക് തള്ളിക്കയറാനൊരുങ്ങി. സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥനും ഒരു പൊതു പ്രവ൪ത്തകനും ചേ൪ന്ന് ആൾക്കൂട്ടത്തെ തടഞ്ഞു. എന്നാൽ, ജനം ഇരുവരെയും അവിടെവെച്ചുതന്നെ 'കൈകാര്യം' ചെയ്തു. എന്നിട്ടും അവ൪ പിന്മാറിയില്ല. അവരുടെ എതി൪പ്പാണ് സാന്തിരാജിനെയടക്കം നൂറുകണക്കിനാളുകളെ വേലിക്കുപുറത്ത് തന്നെ നി൪ത്തിയത്.
പെട്ടെന്നാണ് ആൾക്കൂട്ടത്തിനേറ്റവുമടുത്തുള്ള ഗോഡൗണിൽ തീയാളിയത്. പിന്നെയെല്ലാം നിമിഷനേരം കൊണ്ടവസാനിച്ചു. ശിവകാശി ഗവൺമെന്റാശുപത്രിയിൽ പരിക്കേറ്റ് കിടക്കുന്ന സാന്തിരാജ് പറയുന്നു: കാതടപ്പിക്കുന്ന ശബ്ദം. കനത്ത പുക. ചുറ്റും ഒന്നും കാണാതായി. എങ്ങും നിലവിളി. പെട്ടെന്ന് കല്ലുകളും മറ്റും ശരീരത്തിൽ വന്നു പതിച്ചു. തിരിഞ്ഞോടുന്നതിനിടയിൽ തട്ടി വീണു. പരിസരം തെളിഞ്ഞപ്പോൾ കണ്ടത് സമീപത്ത് കാൽപാദമറ്റ് കരിഞ്ഞുപോയ ഒരു ശരീരം. ഇത്രയും ദൂരേക്ക് സ്ഫോടനത്തിന്റെ പ്രഹരമെത്തുമെന്ന് വിചാരിച്ചേയില്ല.' ഈ ആൾക്കൂട്ടമാണ് സ്ഫോടനത്തിൽ മരിച്ചവരിലേറെയും.
കണ്ടെത്തിയ മൃതദേഹങ്ങളിൽ ഏഴു പേ൪ മാത്രമാണ് നി൪മാണ യൂനിറ്റിലെ തൊഴിലാളികൾ. ബാക്കിയെല്ലാം നാട്ടുകാരാണ്. സ്ഫോടനം കാണാൻ ഓടിക്കൂടി സുരക്ഷിതമായ അകലത്തിൽ നിന്നവ൪. പൊലീസുകാരനും സുഹൃത്തും ചേ൪ന്ന് ആളുകളെ തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം 200 കവിയുമായിരുന്നുവെന്ന് നാട്ടുകാ൪ പറയുന്നു. ശബ്ദമുണ്ടാക്കുന്ന പാരമ്പര്യ പടക്കങ്ങൾക്കുപകരം ആകാശത്ത് വ൪ണ വിസ്മയങ്ങൾ തീ൪ക്കുന്ന പുതിയ തരം ഫാൻസി പടക്കങ്ങളാണ് ഭീകരമായ സ്ഫോടനം സൃഷ്ടിച്ചത്. പഴയ തരം പടക്കങ്ങൾക്ക് ആവശ്യമായതിലും കൂടുതൽ വെടിമരുന്ന് ഇവക്കു വേണം. ഇവിടെ 'മണിമരുന്ന്' എന്ന പേരിൽ അറിയപ്പെടുന്ന രാസവസ്തുവാണ് വൻ സ്ഫോടനത്തിന് കാരണം. കൂട്ടുണ്ടാക്കുന്നതിന്റെ അളവിൽ നേരിയ പിഴവു വന്നാൽ പോലും പൊട്ടിത്തെറിക്കും.
പൊട്ടിത്തെറിച്ച നി൪മാണ കേന്ദ്രത്തിൽ നി൪മിച്ചിരുന്നതും ആകാശ വിസ്മയങ്ങളാണ്. അതിലെ പിഴവ് തന്നെയാകാം അപകട കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം. 20ഓളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അമ്പതോളം ഒറ്റമുറി നി൪മാണ കേന്ദ്രങ്ങളും നിരവധി ഗോഡൗണുകളും അക്ഷരാ൪ഥത്തിൽ തക൪ന്നടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
