ലീഗിലെ കോഴവിവാദം രണ്ടംഗ സമിതി അന്വേഷിക്കും
text_fieldsകോഴിക്കോട്: പൊതുമരാമത്ത് വകുപ്പിൽ സ്ഥലംമാറ്റത്തിന് ലീഗ് നേതാവ് കോഴ വാങ്ങിയെന്ന ആരോപണം രണ്ടംഗ പാ൪ട്ടി സമിതി അന്വേഷിക്കും. ലീഗ് സംസ്ഥാന ട്രഷറ൪ പി.കെ.കെ. ബാവ, ജില്ലാ പ്രസിഡന്റ് ഉമ൪ പാണ്ടികശാല എന്നിവരാണ് അന്വേഷിക്കുക. ലീഗ് സെന്ററിൽ ചൊവ്വാഴ്ച നടന്ന ജില്ലാ സംഘടനാ കാര്യ സമിതിയിൽ ചൂടേറിയ ച൪ച്ചക്കൊടുവിലാണ് തീരുമാനം.
യോഗത്തിന്റെ ഭൂരിഭാഗവും വിവാദം കത്തിനിന്നു. ലീഗ് നേതൃത്വത്തിലെ ചില൪ പത്രങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വാ൪ത്ത നൽകിയതെന്ന് ആരോപണമുയ൪ന്നു. സംശയ നിഴലിലുള്ള നേതാവ് യോഗത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ രേഖകളുമായാണ് എത്തിയത്. കാര്യങ്ങൾ പാ൪ട്ടി യോഗം മനസ്സിലാക്കണമെന്നും മന്ത്രി നേരിട്ട് നടത്തിയതാണ് സ്ഥലംമാറ്റമെന്നുമുള്ളതായിരുന്നു വാദം. പാ൪ട്ടിയിൽ ഒരാൾക്കും സംഭവത്തിൽ പങ്കില്ലെന്ന നിലപാടിലാണ് ഔദ്യോഗികമായി യോഗം എത്തിയത്. എക്സി. എൻജിനീയറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ലീഗ് വിരുദ്ധ പത്രങ്ങൾ നടത്തുന്ന കുപ്രചാരണങ്ങളെ അവജ്ഞയോടെ തള്ളണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ സ൪ക്കാ൪ തലത്തിൽ നടത്തുന്നതാണെന്നും പാ൪ട്ടിക്ക് അതിൽ പങ്കില്ലെന്നും ഔദ്യോഗിക വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.
സ൪വീസിൽനിന്ന് പിരിയാൻ രണ്ടുമാസം മാത്രം ബാക്കിയുള്ള പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എൻജിനീയറെ വൻകോഴ ഇടപാടിലൂടെ സ്ഥലം മാറ്റിയെന്നാണ് ആക്ഷേപം. ജില്ലാ ലീഗ് ഭാരവാഹിയായ നേതാവ് ചില കരാറുകാ൪ക്കുവേണ്ടി പാ൪ട്ടി കമ്മിറ്റിയറിയാതെ നേരിട്ട് ഇടപെട്ടതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
