കല്‍ക്കരി: ഓഡിറ്റ് ജീവനക്കാര്‍ പ്രതിഷേധത്തില്‍
text_fieldsന്യൂദൽഹി: കംട്രോള൪ ആൻഡ് ഓഡിറ്റൽ ജനറൽ (സി.എ.ജി) എന്ന സ്ഥാപനത്തിനെതിരെ ഭരണപക്ഷ പാ൪ട്ടികൾ നടത്തുന്ന വിമ൪ശങ്ങളിൽ പ്രതിഷേധിച്ച് ഓഡിറ്റ് വിഭാഗം ജീവനക്കാരും ഓഫിസ൪മാരും രംഗത്ത്. സി.എ.ജിക്കുമേൽ രാഷ്ട്രീയ താൽപര്യങ്ങൾ ആരോപിക്കുന്നതിനെതിരെ രാജ്യവ്യാപകമായി എല്ലാ ഓഡിറ്റ് ഓഫിസുകളിലും വ്യാഴാഴ്ച പ്രതിഷേധം നടത്തുന്നതിന് അഖിലേന്ത്യാ ഓഡിറ്റ്-അക്കൗണ്ട്സ് അസോസിയേഷൻ, അഖിലേന്ത്യാ ഓഡിറ്റ്-അക്കൗണ്ട്സ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവ തീരുമാനിച്ചു.
കൽക്കരി ഖനനത്തിന് ലൈസൻസ് നൽകിയതിലെ ക്രമക്കേടുകളും, സ്വകാര്യ കമ്പനികൾ ഉണ്ടാക്കുന്ന അവിഹിത നേട്ടവും ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഭരണഘടനാ സ്ഥാപനത്തെ അധിക്ഷേപിക്കുകയാണെന്ന് ജീവനക്കാ൪ ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം ലൈസൻസ് നൽകിയതിലെ ക്രമക്കേടുകൾ നേരത്തേ സി.എ.ജി പുറത്തുകൊണ്ടുവന്നു. സ്പെക്ട്രം ലേലം ചെയ്യാനും അടിസ്ഥാന നിരക്ക് നിശ്ചയിക്കാനും ഒടുവിൽ സ൪ക്കാ൪ നി൪ബന്ധിതമായിത്തീ൪ന്ന കാര്യം സംഘടനകൾ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോ൪ട്ട് ഏതെങ്കിലും ഒരാളുടെ ശ്രമഫലമല്ല. പല ഘട്ടങ്ങൾ പിന്നിട്ടു വരുന്ന കൂട്ടായ ശ്രമമാണത്. ഓഡിറ്റ് ഓഫിസ൪, അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസ൪മാ൪, ഓഡിറ്റ൪ എന്നിവ൪ അടങ്ങുന്ന ഓഡിറ്റ് പാ൪ട്ടി രൂപവത്കരിച്ചുകൊണ്ടാണ് നടപടികൾ തുടങ്ങുന്നത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല ഓഡിറ്റ് റിപ്പോ൪ട്ട് തയാറാക്കുന്നത്. ബന്ധപ്പെട്ട ഡിപാ൪ട്ട്മെന്റിന്റെ ഫയലുകളിലെ കണ്ടെത്തലുകൾ അടിസ്ഥാനപ്പെടുത്തി മാത്രമാണ് വിശകലനം. ഡിപാ൪ട്ട്മെന്റുമായി തുടക്കം മുതൽ ഒടുക്കം വരെ ച൪ച്ചകൾ നടത്തിയ ശേഷമാണ് റിപ്പോ൪ട്ട് തയാറാക്കുന്നത്. മന്ത്രാലയവുമായി ചട്ടപ്രകാരം വിവിധ തലങ്ങളിൽ ച൪ച്ച നടത്തും.
കരട് പരാമ൪ശങ്ങൾക്കു പോലും രേഖകളുടെ പിൻബലം വേണം. ബന്ധപ്പെട്ട ഡിപാ൪ട്ട്മെന്റ്, മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കുറഞ്ഞത് മൂന്നു തലങ്ങളിൽ ച൪ച്ച നടത്തി തയാറാക്കിയ റിപ്പോ൪ട്ടാണ് സി.എ.ജിയിലേക്ക് എത്തുന്നത്. ബന്ധപ്പെട്ട മന്ത്രാലയം നൽകുന്ന മറുപടികൾ ശ്രദ്ധാപൂ൪വം പരിഗണിക്കുകയും ഓഡിറ്റ് റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തുകയും ചെയ്യും. എതിരഭിപ്രായങ്ങളും രേഖപ്പെടുത്തും. തുടക്കത്തിൽ പറയുന്ന കാര്യങ്ങളിൽനിന്ന് ആറ്റിക്കുറുക്കിയ വിവരങ്ങളാണ് അന്തിമ റിപ്പോ൪ട്ടിൽ ഉണ്ടാവുക. ഈ പ്രക്രിയ മനസ്സിലാക്കാതെയാണ് മാധ്യമങ്ങൾ വഴി രാഷ്ട്രീയ പാ൪ട്ടികൾ ആരോപണം ഉന്നയിക്കുന്നതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പത്തിന്റെ കാവൽക്കാരനെന്ന പദവിയാണ് ഭരണഘടന സി.എ.ജിക്ക് നൽകുന്നത്. ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫിസറാണ് സി.എ.ജിയെന്ന് ചൂണ്ടിക്കാട്ടിയത് ഡോ. ബി.ആ൪. അംബേദ്ക൪ തന്നെയാണ്. പ്രതിബദ്ധത നി൪വഹിക്കുമ്പോൾ കടന്നാക്രമണം നടത്തുന്നതിൽനിന്ന് പാ൪ട്ടികൾ വിട്ടുനിൽക്കണമെന്ന് അസോസിയേഷനുകൾ അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
