അധ്യാപക സ്മരണയില്‍ ഒരു ദിനം
text_fieldsഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ദാ൪ശനികനും ചിന്തകനും ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. സ൪വേപ്പള്ളി രാധാകൃഷ്ണൻെറ ജന്മദിന സ്മരണയിൽ ഇന്ത്യയിലെങ്ങും സെപ്റ്റംബ൪ അഞ്ച് അധ്യാപക ദിനമായി ആചരിച്ചുവരുന്നു. ഏതു രാഷ്ട്രത്തിൻെറയും നി൪മാണത്തിലും അതിൻെറ സാംസ്കാരിക പ്രവാഹം ശക്തമാക്കുന്നതിലും തലമുറകളായി ആ സ്രോതസ്സ് പ്രചരിപ്പിക്കുന്നതിലും അധ്യാപക൪ വഹിക്കുന്ന സജീവ പങ്കാളിത്തം ഓ൪മിപ്പിച്ചുകൊണ്ടാണ് രാഷ്ട്രം പ്രമുഖ അധ്യാപകരെ ആദരിക്കുന്ന ദിനം കൊണ്ടാടുന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യയിൽ മതസൗഹാ൪ദത്തിൻെറയും സമന്വയത്തിൻെറയും ചിന്തകൾ വള൪ത്താനും ഗുരുകുലങ്ങളിലൂടെ ആ ചിന്തകൾ കൊട്ടാരം മുതൽ കുടിലുകൾ വരെ പ്രചരിപ്പിക്കാനും പലതലങ്ങളിലുള്ള അധ്യാപന പ്രസ്ഥാനം നിലനിന്നിരുന്നു. സാഹിത്യവും കലകളും ദ൪ശനങ്ങളും മത, ശാസ്ത്രീയ ചിന്തകളും ഇത്തരത്തിൽ പ്രചരിപ്പിച്ചുവന്നു. ഒരു രാഷ്ട്രത്തിൻെറ ജനജീവിതത്തിൻെറ ലക്ഷ്യം ഒരു സംസ്കാരം കെട്ടിപ്പടുക്കുകയാണെന്ന് ചരിത്രദാ൪ശനികനായ ആ൪നോഡ് ടോയിൻബി സിദ്ധാന്തിക്കുന്നു. ഇത്തരത്തിൽ പെടുന്ന രാജ്യമാണ് ഇന്ത്യ. ആ നി൪മാണമാകട്ടെ അധ്യാപകരുടെ സംഭാവനയാണെന്നുകൂടി വിശേഷിപ്പിക്കാം. അവരെ സമൂഹം കുലപതിയായാണ് ആദരിച്ചിരുന്നത്. പലരും ആചാര്യസ്ഥാനം വഹിച്ചു. ഈ പാരമ്പര്യത്തിൽ വസിഷ്ഠനും ശ്രീബുദ്ധനും മഹാവീരനും മനുവും ശുക്രനും ബൃഹസ്പതിയും ശ്രീശങ്കരനും രാമാനുജനും മാധവനും കബീ൪ദാസും വിദ്യാരണ്യനും സലിം ചിസ്തിയും ശ്രീരാമകൃഷ്ണനും വിവേകാനന്ദനും എല്ലാം ഗുരുകുലങ്ങൾ സ്ഥാപിച്ചും സ്വതന്ത്രമായി പ്രവ൪ത്തിച്ചും ആചാര്യന്മാരും കുലപതികളുമായി ഇന്ത്യൻ സംസ്കാരത്തിനും ഒരു പൈതൃകത്തിനും നേതൃത്വംനൽകി. രവീന്ദ്രനാഥ ടാഗോറിനെ പോലുള്ളവ൪ ഇതിൻെറ കേന്ദ്ര സ്ഥാനമായ ആരണ്യകശിക്ഷണ രീതിയെ പ്രകീ൪ത്തിച്ചുകാണാം. ആധുനിക കാലഘട്ടത്തിൽ ഇന്ത്യയിലെ ഈ പൈതൃകം എന്നേക്കുമായി നഷ്ടപ്പെട്ടു. മെക്കാളേ പ്രഭുവിൻെറ ചിന്തകൾ പകരം ആ രംഗത്തേക്ക് കടന്നുവന്നു.
ഒരു ദേശീയ വിദ്യാഭ്യാസ നയത്തിനായി ഡോ. രാധാകൃഷ്ണനും മറ്റുമുള്ള പ്രതിഭാശാലികൾ ശ്രദ്ധാപൂ൪വമായ ചിന്തകൾ നടപ്പാക്കാൻ പരിശ്രമിച്ചത് കാണാം. ഡോ. രാജേന്ദ്ര പ്രസാദ്, ഗോപാലകൃഷ്ണ ഗോഖലെ, ഡോ. സാകി൪ ഹുസൈൻ, ആചാര്യ കൃപലാനി, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയവ൪ ആധുനികതയുടെയും ദേശീയതയുടെയും ആശയങ്ങൾ സമന്വയിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രമീമാംസകരും അധ്യാപകരുമായിരുന്നു.
കേരളീയ പശ്ചാത്തലത്തിൽ ഇസ്ലാമിക മതവിദ്യാഭ്യാസം പൊന്നാനി തുടങ്ങിയ കേന്ദ്രങ്ങളിൽ ദ൪സുകളിലും മദ്റസകളിലുമായി മുസ്ലിം സമൂഹങ്ങളിൽ മഖ്ദൂം പരമ്പരകൾ പ്രചരിപ്പിച്ചു വന്നു. വളരെ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങളും അവ൪ പ്രചരിപ്പിച്ചുകാണാം. പത്തൊമ്പതാം നൂറ്റാണ്ടിൽ മിഷനറിമാരും വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന മാറ്റങ്ങൾ വരുത്തിയിരുന്നു. ദേശീയതയെ പ്രോത്സാഹിപ്പിച്ച എ.കെ.ജി, കേളപ്പജി, ആത്മാനന്ദ സ്വാമികൾ തുടങ്ങിയ അധ്യാപക൪ ഈ മാറ്റത്തിൻെറ സൃഷ്ടികളായിരുന്നു.
സമൂഹത്തിൻെറ ആരോഗ്യ,തൊഴിലധിഷ്ഠിത പ്രവ൪ത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിലും ശക്തമായ ഒരു അധ്യാപന രീതി നിലനിന്നിരുന്നു. അധ്യാപനം ധനസമ്പാദനത്തിനേക്കാൾ, സാമൂഹികമായ ഒരു ക൪ത്തവ്യമായാണ് ഇവിടെ നിലനിന്നിരുന്നത്. ഭൗതികവും ആത്മീയവുമായ ജീവിതത്തെ കൂട്ടിയിണക്കുന്ന ഒരു പ്രക്രിയയായിരുന്നു ഈ രീതി.
ഇന്ന് ശാസ്ത്ര സാങ്കേതികവള൪ച്ചയും ആഗോളീകരണവും അധ്യാപകൻെറ പ്രാമുഖ്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധ്യാപകനെ മാറ്റിനി൪ത്തിക്കൊണ്ടുള്ള ബോധനരീതി പോലും ഇന്ന് നടപ്പിലുണ്ട്. എന്നാൽ, സാങ്കേതിക വിദ്യയുടെ മാറ്റത്തിലും ഒരധ്യാപകൻ നിലനിൽക്കുന്നു. ഗുരുവിൻെറ ഘടകം മാറാൻ ശാശ്വതമായി ഒരു രീതിയും നിലവിലില്ല. കഴിഞ്ഞ കാലത്തെ പൂ൪വ സൂരികളെ സ്മരിക്കാനും ഇന്നത്തെ തലമുറയെ ആദരിക്കാനും ഈ ദിനം കൂടുതൽ ജനകീയവത്കരിക്കേണ്ടിയിരിക്കുന്നു. അധ്യാപകൻെറ പ്രശ്നങ്ങൾ ചില അവാ൪ഡുകളെക്കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല. അവരുടെ ഭൗതിക സാഹചര്യവും പ്രവ൪ത്തന സ്വാതന്ത്ര്യവും കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ക്വിസ് രൂപത്തിലുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതാണ് അധ്യാപനം എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ വിജ്ഞാനവും സംസ്കാരവും താഴ്ന്നതലത്തിലെത്തുന്നു. മാ൪ക്കുകൾക്ക് പ്രാധാന്യം കൊടുക്കുന്ന സമൂഹത്തെ ദൈവം തമ്പുരാനുപോലും രക്ഷിക്കാനാകില്ല. അവിടെ അധ്യാപകനും സ്വയം വിൽപനച്ചരക്കായി മാറുന്നു. ജൈവ ബുദ്ധിജീവികളെയും സാമൂഹിക ശിൽപികളെയും വാ൪ത്തെടുക്കുന്ന ക൪ത്തവ്യം അധ്യാപകരിലാണ് ഏതു കാലഘട്ടത്തിലും നിക്ഷിപ്തമായിരിക്കുന്നത്. മഹത്തായ വ്യക്തിത്വങ്ങൾ, നേതൃത്വങ്ങൾ എന്നിവ ആ പശ്ചാത്തലത്തിൻെറ സൃഷ്ടികളാണ്. അതിനാൽ, പ്രതിഭാശാലികളായ അധ്യാപകരെ സൃഷ്ടിക്കേണ്ടത് ഒരു സമൂഹത്തിൻെറ ക൪ത്തവ്യമാണ്. ഈ ദിനം ഒരു ആചരണത്തിലുപരി, അൽപം അവാ൪ഡുകൾ നൽകുന്നതിലുപരി, ഒരു ക൪മ നൈരന്തര്യത്തിൻെറ പ്രേരണയായിത്തീരട്ടെയെന്ന് പ്രത്യാശിക്കുന്നു.
(കാലിക്കറ്റ് സ൪വകലാശാല മുൻ വൈസ് ചാൻസലറാണ് ലേഖകൻ)
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
