ആധി അണയാതെ ചാല; നാലുപേരുടെ നില ഗുരുതരം
text_fieldsകണ്ണൂ൪: ചാല ടാങ്ക൪ അപകടത്തിൽ പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മരിച്ച അഴീക്കൽ തീരദേശ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി. രാജൻെറ ഭാര്യ ഇന്ദുലേഖ (44), ഞായറാഴ്ച മരിച്ച നവനീതത്തിൽ പുഷ്പലതയുടെ ഭ൪ത്താവ് കുഞ്ഞികൃഷ്ണൻ (55), മകൻ വിനീത് (16), കഴിഞ്ഞ ദിവസം മരിച്ച ഹോമിയോ ഡോക്ട൪ ദേവി നിവാസിൽ കൃഷ്ണൻെറയും ദേവിയുടെയും മകൻ ഡോ. പ്രമോദ് (41) എന്നിവരാണ് ഗുരുതര നിലയിൽ കഴിയുന്നത്. പ്രമോദ് പരിയാരം മെഡിക്കൽ കോളജിലും മറ്റുള്ളവ൪ മംഗലാപുരത്തെ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. പൊള്ളലേറ്റ 41 പേരിൽ 19 പേരാണ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മരണവാ൪ത്തകളൊന്നും തേടിയെത്താത്തതിൻെറ ആശ്വാസമുണ്ടെങ്കിലും ചാല നിവാസികൾ അപകടത്തിൻെറ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും ആഭിമുഖ്യത്തിൽ ഇന്ന് പ്രദേശത്ത് ഹ൪ത്താൽ ആചരിക്കുന്നുണ്ട്. 11 മണിക്ക് ചാലയിലെ എടക്കാട് ബ്ളോക് ഓഫിസ് പരിസരത്ത് സ൪വകക്ഷി അനുശോചന യോഗം ചേരും.
അപകടത്തിന് ശേഷം പക൪ച്ച വ്യാധി ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ശുചീകരണ പ്രവ൪ത്തനങ്ങൾ സജീവമായിട്ടുണ്ട്. കടകളിലെ വസ്തുക്കൾ മഴയത്ത് ചീഞ്ഞളിഞ്ഞ് ദു൪ഗന്ധം വമിക്കുന്നുണ്ട്. അപകടത്തിൽപെട്ട ലോറിയുടെ അവശിഷ്ടങ്ങളും നീക്കി.
ദുരന്തമറിഞ്ഞ് ചൊവ്വാഴ്ച മുതൽ ചാലയിലേക്കുണ്ടായ ജനപ്രവാഹത്തിന് തിങ്കളാഴ്ച കുറവുണ്ടായെങ്കിലും പാടെ നിലച്ചിട്ടില്ല. ദുരന്ത ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പക൪ത്താനും മറ്റുമെത്തുന്നവരെ നാട്ടുകാ൪ കൈകാര്യം ചെയ്തു തുടങ്ങിയതോടെ ഇത്തരക്കാ൪ പിൻവലിഞ്ഞിട്ടുണ്ട്. ദുരന്തം നടന്ന വീടുകളിലും മറ്റും നിയന്ത്രണമില്ലാതെ ആളുകൾ പ്രവേശിക്കുന്നതും നാട്ടുകാ൪ തടയുന്നുണ്ട്. ചാല ദേവി നിവാസിൽ ഡോ.കെ.കെ. കൃഷ്ണൻ (73), ഭാര്യ ദേവി (54), മകൻ പ്രസാദ് (36), പ്രസാദിൻെറ സഹോദരൻ പ്രകാശൻെറ ഭാര്യ രഗിന(26), കൃഷ്ണൻെറ സഹോദരൻ ആ൪.സി ഹൗസിൽ ലക്ഷ്മണൻ(68), ഭാര്യ നി൪മല (55), റംലാസിൽ അബ്ദുൽ റസാഖ ്(55), ഭാര്യ റംലത്ത്(47), മക്കളായ റമീസ് (20), റിസ്വാൻ(13), നവനീതത്തിൽ പുഷ്പലത(45),അഴീക്കൽ തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രേവതിയിൽ പി. രാജൻ (50), മകൾ നിഹ രാജ്(19), വാഴയിൽ ഓമനയമ്മ(60),മക്കളായ രമ (40), ഗീത (36), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം കുളങ്ങര വീട്ടിൽ കേശവൻ (59), ഭാര്യ ശ്രീലത (47), ഞേറോളി അബ്ദുൽ അസീസ് (65) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നാലു പേരടക്കം 17 പേ൪ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
