തുടര്‍വായന തേടുന്ന ആത്മകഥ
text_fieldsകാലികപ്രസക്തിയുള്ള കുറേ ജീവിത ദ൪ശനങ്ങളുടെ സമാഹാരം- അതാണ് യഥാ൪ഥത്തിൽ ലളിതാംബിക അന്ത൪ജനത്തിൻെറ ആത്മകഥ. മുന്നിൽ നോക്കിയും കൂട്ടിക്കിഴിച്ചും തിളങ്ങുന്നതെല്ലാം സ്വജീവിതത്തിൻെറ പ്രതിനിധാനങ്ങളായ് മാറ്റിയും എഴുതപ്പെടാത്ത ജീവിതംപോലെതന്നെ സ്വാഭാവികമായ എഴുത്ത്. ഈ വായനാനുഭവം പക൪ന്നുതരുന്ന ശക്തി, നിലനിൽക്കുന്ന തടസ്സങ്ങൾക്കപ്പുറത്തേക്ക് സ്ത്രീശബ്ദത്തെ കൊണ്ടെത്തിക്കാനുള്ള ഒരു സമരാഹ്വാനമാവുന്നുണ്ട്. മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഒരു സ്ത്രീ അനുഭവിച്ച ജീവിത പരിസരങ്ങളിൽനിന്ന് ഏറെയൊന്നും വ്യത്യാസം ഇന്നത്തെ സ്ത്രീജീവിതത്തിനും വന്നിട്ടില്ലെന്ന യാഥാ൪ഥ്യത്തിൽനിന്നുകൊണ്ടാണ് ആത്മകഥയ്ക്ക് ഒരാമുഖത്തെക്കുറിച്ച് പറയേണ്ടത്.
‘തിരിഞ്ഞുനോക്കുമ്പോൾ’ എന്ന തലക്കെട്ടിൽ തുടങ്ങുന്ന ജീവിതവഴി വാക്ക൪ഥങ്ങൾകൊണ്ടും വാക്യഭംഗികൊണ്ടും വായനയെ മനോഹരമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട്. വായനയുടെ തുടക്കത്തിലേ, താനെഴുതിയ അപൂ൪ണമായ ഒരു ഗദ്യകവിതയിലൂടെ തൻെറ കനൽവഴികളിലെ പൊള്ളലും സ൪ഗപ്രണയവും വായനക്കാരിലെത്തിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു. ഒരു തുട൪വായന അനിവാര്യമാക്കുന്ന തുടക്കം. പിന്നീടുള്ള ഓരോ വാക്കും ഒരു ജീവിതത്തെത്തന്നെ ചേ൪ന്നു നടക്കാനുള്ള ക്ഷണങ്ങളാണ്.
ബാല്യത്തിലുടനീളം അമ്മ ആവ൪ത്തിക്കാറുണ്ടായിരുന്ന ഒരു അനുഭവസാക്ഷ്യം, ഒരു പെൺജന്മം താനായിരിക്കുന്ന പ്രദേശത്തും സമുദായത്തിലും ബന്ധനസ്ഥതന്നെയായിരിക്കുമെന്ന തിരിച്ചറിവ് ലളിതാംബിക എന്ന കൊച്ചു പെൺകുട്ടിക്ക് നൽകുകയായിരുന്നു. മദിരാശിയിലെങ്ങാനും പോയി ക്രിസ്തുമതത്തിൽപെട്ട ഒരു മദാമ്മയെ വിവാഹം ചെയ്ത് ഒരു പെൺകുട്ടിയുണ്ടായാൽ, ‘ആ കുട്ടിയെ മനുഷ്യസ്ത്രീയെപോലെ വള൪ത്താനെനിക്ക് സാധിക്കും’ എന്ന് സ്വപിതാവ് പറഞ്ഞത് ലളിതാംബികയുടെ ജന്മത്തിൽ, ഒരു പെൺപിറവിയിൽ, മനംനൊന്താണ്. എന്നാൽ, ധീരനായ ആ പിതാവ് മകളുടെ ബുദ്ധിവൈഭവത്തെയും ചിന്താശേഷിയെയും മനസ്സാ പ്രോത്സാഹിപ്പിക്കുകയും കേട്ട പഴികളെല്ലാം തൃണവത്കരിച്ച് ശക്തയായ ഒരു സ്ത്രീയായി അവളെ മാറ്റുന്നതിൽ വിജയിക്കുകയും ചെയ്തു. വിവാഹാനന്തരം ഭ൪ത്താവിൻെറ സ്നേഹസൗഹൃദങ്ങൾ ആസ്വദിച്ചുകൊണ്ടുതന്നെ സാമൂഹിക മുന്നേറ്റങ്ങളിൽ ശക്തമായ സാന്നിധ്യമാവാൻ ലളിതാംബിക അന്ത൪ജനത്തിന് കഴിഞ്ഞു.
താൻ ‘വലിയ പെണ്ണായപ്പോൾ’ പൊട്ടിക്കരഞ്ഞ ബന്ധുമിത്രാദികളിൽനിന്ന് ഒരിക്കൽപോലും ലഭിക്കാത്ത പ്രോത്സാഹനവും അംഗീകാരവും അന്ത൪ജനത്തെ തള൪ത്തിയില്ല. അഭ്യസിച്ച വിദ്യയുടെ വെളിച്ചത്തിൽ താൻ അനുഭവിക്കുന്നതെന്തെന്ന് തിരിച്ചറിയാനും അന്ത൪ജനത്തിന് കഴിഞ്ഞെന്നതാണ് യാഥാ൪ഥ്യം. സമൂഹവും സമുദായവും ‘സുരക്ഷയെക്കരുതി’, ഏൽപിച്ച വിലക്കുകളും അവയെ മറികടന്ന് മുന്നേറാൻ അഭിമുഖീകരിക്കേണ്ടിവന്ന നിരവധി പ്രശ്നങ്ങളും ഈ പുസ്തകത്തിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. ഇവയോരോന്നും അനുകരണീയമായ ധീര ദ൪ശനമാവുന്നിടത്താണ് ആത്മകഥക്ക് ഒരാമുഖം മഹനീയമാകുന്നത്.
കൃത്യമായ അടുക്കിവെക്കലുകളൊന്നും ഈ പുസ്തകത്തിലില്ല. ജീവിതം അതുതന്നെയാണല്ലോ- തുടക്കത്തിലും ഒടുക്കത്തിനുമിടയിൽ എത്രയോ തുടക്കങ്ങളും ഒടുക്കങ്ങളുമുള്ള ഒരു പുസ്തകം.
‘... ഒരു കലാകാരിയുടെ ജീവിതം മധുരംനിറഞ്ഞ നഞ്ചുപോലെ ഒരേസമയത്ത് ആസ്വാദ്യവും വേദനാജനകവുമായിരിക്കും’ എന്ന് പറയുന്നിടത്ത് എല്ലാം സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. ‘ആത്മകഥയ്ക്ക് ഒരാമുഖം’ സാമൂഹികജീവിയായ ഓരോ പെണ്ണിൻെറയും ജീവിതയാത്രക്ക് ഒരാമുഖവും വഴികാട്ടിയും സ൪വോപരി അവൾക്ക് ശക്തിപകരുന്ന അനുഭവസാക്ഷ്യവുമാണ്; കാലം നിഷ്പ്രഭമാക്കാത്ത, ഇനിയും തലമുറകൾ വായിക്കേണ്ടുന്ന ഒരു മഹദ്ഗ്രന്ഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
