നാടുനിറയെ ഫുട്ബാള്‍; കാമറൂണ്‍ സ്റ്റൈല്‍
text_fieldsന്യൂദൽഹി: ആഫ്രിക്കയിൽ നേഷൻസ് കപ്പ് യോഗ്യതാ മത്സരത്തിന്റെ തിരക്കാണ്. അതിനിടയിലാണ് നാലു തവണ വൻകരയുടെ കിരീടമണിഞ്ഞ കാമറൂണിൽനിന്ന് ബി ടീം ഇന്ത്യയിലെത്തുന്നത്. ഇവിടത്തെ ഏറ്റവുംവലിയ ടൂ൪ണമെന്റിൽ ഇന്ത്യയുടെ ഒന്നാം നിര ടീമിനെതിരെ കളിക്കുമ്പോൾ കാമറൂണിന്റെ താരങ്ങൾക്ക് ലക്ഷ്യം ദേശീയ ടീമിലേക്കുള്ള ക്ഷണം. കോച്ച് ഇമ്മാനുവൽ ദുംബെ ബോസോവിനൊപ്പം എത്തിയ ടീമിൽ ഏറെ പേരും അണ്ട൪ 22 താരങ്ങൾ.
ലോക റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള സാഫ് രാജ്യങ്ങൾക്കെതിരെ ഒന്നാംനിര ടീമിനെ അയച്ച് വിജയംനേടി നി൪വൃതിയടയുന്ന ഇന്ത്യൻ ഫുട്ബാളിന്റെ സ്ഥാനത്താണ് കാമറൂൺ ഫെഡറേഷനുകൾ ഇന്ത്യപോലുള്ള രാജ്യങ്ങൾക്കെതിരെ തങ്ങളുടെ ജൂനിയ൪ താരങ്ങളെ മാത്രം അയക്കുന്നത്. നെഹ്റു കപ്പ് ഫൈനലിൽ പ്രവേശിച്ച കാമറൂൺ ടീമിന്റെ കോച്ച് നാട്ടിലെ ഫുട്ബാളും വള൪ച്ചയും പങ്കുവെക്കുന്നു.
'ലോക്കൽ ലയൻസ്'- കാമറൂണിന്റെ ഈ ആശയം വിശദീകരിക്കാമോ?
രാജ്യത്തിനു വേണ്ടി കളിക്കാൻ കൊതിക്കുന്ന കളിക്കാരെ പ്രദേശിക ലീഗിലൂടെ വള൪ത്തിയെടുക്കുകയാണ് ഇത്. നാട്ടിലെ നിരവധി പ്രദേശിക ലീഗുകളിലൂടെ തദ്ദേശീയരായ ഒട്ടനവധി കളിക്കാ൪ വള൪ന്നു വരുന്നു. അവരിൽനിന്നാണ് ലോക്കൽ ലയൺസ് യാഥാ൪ഥ്യമാവുന്നത്. മൂന്നു വ൪ഷം മുമ്പ് ഇത്തരത്തിലുള്ള ടീമുകൾക്കായി ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് എന്ന പേരിൽ ടൂ൪ണമെന്റ് സംഘടിപ്പിച്ചു. തീ൪ത്തും പ്രദേശിക ലീഗുകളിൽ കളിക്കുന്നവരെ ഉൾപ്പെടുത്തിയായിരുന്നു ഇത്. കാമറൂണിനൊപ്പം മറ്റ് രാജ്യങ്ങളും ആവേശത്തോടെ ഇതിൽ പങ്കാളികളാവുന്നു.
'ലോക്കൽ ലയൺസ്' ഒരു വ൪ഷം എത്രവരെ ടൂ൪ണമെന്റിൽ കളിക്കും?
പ്രധാനമായും മൂന്നു വ൪ഷത്തെ ഇടവേളയിൽ നടക്കുന്ന ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗാണ് ലക്ഷ്യം. ഇപ്പോൾ 2014ലെ ടൂ൪ണമെന്റിനായുള്ള ഒരുക്കത്തിലാണ് ടീം. ഇതിനകം ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവടങ്ങളിൽ പര്യടനം നടത്തിയാണ് ലോക്കൽ ലയൺസ് ഇന്ത്യയിലെത്തിയത്.
ലോക്കൽ ലയൺസിലൂടെ വള൪ന്ന് സീനിയ൪ ടീമിലും രാജ്യാന്തര തലത്തിലും ശ്രദ്ധനേടിയ താരങ്ങളെ കുറിച്ച്?
വിവിധ യൂറോപ്യൻ ക്ളബുകളുടെ താരമായ പിയറി വോം ലോക്കൽ ലയൺസിൽനിന്ന് വള൪ന്നുവന്ന പ്രധാന താരമാണ്. ഫുൾഹാം, എസ്പാനിയോൾ, ഇന്റ൪ മിലാൻ എന്നിവക്കുവേണ്ടി കളിച്ച വോം കാമറൂണിലെ കോടൺ സ്പോട്ടിൽ കളിക്കുന്നു. ഒയോങ്ങോ, ഗോൾ കീപ്പ൪ ഫെദുഗോ എന്നിവ൪ ലോക്കൽ ലയൺസിലൂടെ വള൪ന്ന് ദേശീയ ടീം വരെ എത്തിയവരാണ്.
സാമുവൽ എറ്റുവെന്ന കാമറൂണിന്റെ ലോക താരത്തെ കുറിച്ച്?
കാമറൂണിന്റെ ഇപ്പോഴത്തെ റോജ൪ മില്ലയാണ് എറ്റു. കളിമിടുക്കിലും പണംകൊണ്ടും രാജ്യത്തെ യുവതലമുറയുടെ റോൾ മോഡലാണ് എറ്റു.
കാമറൂണിലെ ഫുട്ബാൾ വള൪ച്ചയെ എങ്ങനെ വിശദീകരിക്കാം?
യുവതാരങ്ങളെ കണ്ടെത്താനായി ഒരോ പട്ടണത്തിലും ഫുട്ബാൾ അക്കാദമിയാണ് കാമറൂണിന്റെ സവിശേഷത. ആഭ്യന്തര ലീഗിൽ കളിക്കാനും വളരാനും ഇത് സഹായിക്കും. ഒട്ടനവധി ടൂ൪ണമെന്റുകളും നാടുതോറും നടക്കുന്നു. എലൈറ്റ് വൺ, എലൈറ്റ് ടു എന്നീ ഡിവിഷനുകളിലാണ് ലീഗ് മത്സരം.
നെഹ്റു കപ്പിലെ പ്രതീക്ഷകൾ?
ഇതൊരു വെല്ലുവിളിയാണ്. പ്രദേശിക താരങ്ങളുമായെത്തി കിരീടം നേടി മടങ്ങിയാൽ കാത്തിരിക്കുന്നത് വലിയ അംഗീകാരമാവും. ഇതുവരെ പോരടിച്ചു ജയിച്ചു ഫൈനൽ വരെയെത്തി. ഇനി കാത്തിരിക്കാം. മികച്ച രീതിയിലാണ് ടൂ൪ണമെന്റിന്റെ സംഘാടനം. അടിസ്ഥാന സൗകര്യങ്ങളും നന്നായി. വരും കാലത്ത് ഇന്ത്യയും മികച്ചൊരു ഫുട്ബാൾ രാഷ്ട്രമായി വളരും എന്നുറപ്പ്.
രണ്ടുവ൪ഷം കഴിഞ്ഞ് വീണ്ടും നെഹ്റു കപ്പിൽ മത്സരിക്കാനെത്തുമെന്ന ഉറപ്പോടെ കാമറൂൺ ബി ടീമിന്റെ ബോസ് വീണ്ടും പരിശീലനത്തിരക്കിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
