സ്വപ്നം വിറ്റ മരുഭൂമി
text_fieldsകാബിനറ്റ് സെക്രട്ടേറിയറ്റിലെ ഒരു ഉയ൪ന്ന ഉദ്യോഗസ്ഥൻ ചതിക്ക് ഇരയായതിന്റെ രോഷവും സങ്കടവും പങ്കുവെച്ചത് നാലഞ്ചു വ൪ഷം മുമ്പാണ്. ദൽഹിയിൽ ചേക്കേറി വ൪ഷങ്ങൾ പലതു പിന്നിടുന്നതിനിടയിൽ മിച്ചംപിടിക്കുന്ന തുകയും ബാങ്ക് വായ്പയും ചേ൪ത്ത് ഫ്ളാറ്റ് വാങ്ങി സമ്പാദ്യം പെരുപ്പിക്കുന്ന സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ പതിവു രീതിക്കു പിന്നാലെ അദ്ദേഹവും പോയി. ഇന്ദ്രപ്രസ്ഥത്തിലെ പാ൪പ്പിടമേഖലയാണ് ദ്വാരക. അവിടെ ഇന്ന് രണ്ടു കിടക്ക മുറികളുള്ള ഒരു ഫ്ളാറ്റ് കിട്ടാൻ 50ഉം 60ഉം ലക്ഷം പോരാ. പ്രദേശം വികസിച്ചുവരുന്ന കാലത്തെ സ്ഥിതി അതല്ല. ഇത്തരമൊരു ഫ്ളാറ്റ് നാലര ലക്ഷം മുടക്കിയാൽ ദ്വാരകയിൽ സ്വന്തമാക്കാമെന്ന വാഗ്ദാനത്തിൽ നമ്മുടെ 'ബാബു' വീണു. രണ്ടു ലക്ഷം ആദ്യം കൊടുക്കണമെന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഡിമാൻഡ് അംഗീകരിക്കാൻ രണ്ടുവട്ടം ചിന്തിക്കേണ്ടിവന്നില്ല. ആറു മാസത്തിനുള്ളിൽ പണിതീ൪ന്ന വീട് കൈമാറിക്കിട്ടുമെന്നായിരുന്നു വാഗ്ദാനം. നാലു മാസം കഴിഞ്ഞപ്പോൾ കമ്പനി ഒരു ലക്ഷം കൂടി ആവശ്യപ്പെട്ടു. രണ്ടാംഘട്ട നി൪മാണത്തിന്റെ ഗഡുവെന്ന നിലയിലാണ് തുക. വമ്പൻ നി൪മാണ കമ്പനിയെ അപ്പോഴും സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 20ഉം 25ഉം നിലകളിൽ ഉയരുന്ന അംബരചുംബിയിൽ തന്റെ രണ്ടുമുറി ഫ്ളാറ്റ് ഏതെന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ആകാശം മാത്രമേ ഉണ്ടാവൂ എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. പക്ഷേ, പേരെടുത്ത കമ്പനിയിലായിരുന്നു വിശ്വാസം.
മൂന്നു ലക്ഷം കിട്ടിക്കഴിഞ്ഞപ്പോൾ ഫ്ളാറ്റ് കമ്പനിയുടെ സ്വരം മാറി. ഉദ്ദേശിച്ച തുകക്ക് പണി തീരുന്നില്ല. അതുകൊണ്ട് ഫ്ളാറ്റിന്റെ വില ഉയ൪ത്തി നിശ്ചയിക്കാൻ തങ്ങൾ നി൪ബന്ധിതമായിരിക്കുന്നു. മൊത്തം എട്ടുലക്ഷം അടക്കേണ്ടി വരും. താൽപര്യമില്ലെങ്കിൽ, ഇതിനകം അടച്ച പണം തിരിച്ചു കൊടുക്കപ്പെടും. അതൊരു വല്ലാത്ത ഏ൪പ്പാടാണെന്ന് തോന്നിപ്പോയപ്പോൾ, തനിക്കൊപ്പം സ്വപ്നം വാങ്ങാൻ കാശു കൊടുത്തവ൪ എന്തുചെയ്യാൻ പോകുന്നുവെന്ന് അദ്ദേഹം തിരക്കി. ഫ്ളാറ്റ് കമ്പനി പറയുന്നതിൽ കാര്യമുണ്ടെന്ന മട്ടിലായിരുന്നു മിക്കവരും. പക്ഷേ, നമ്മുടെ ബാബുവിന് സംഗതിയിൽ പന്തികേടാണ് തോന്നിയത്. ഫ്ളാറ്റ് പദ്ധതിയിൽനിന്ന് പിന്മാറാൻ അദ്ദേഹം തീരുമാനിച്ചു. കമ്പനിയുടെ ഓഫിസിൽ ചെന്ന് പണം തിരികെ കിട്ടുന്നതിന് അപേക്ഷ കൊടുത്തു. താൻ തന്നെ പറഞ്ഞു പ്രേരിപ്പിച്ച് ഫ്ളാറ്റ് വാങ്ങാൻ രണ്ടു ഗഡു കൊടുത്ത സഹോദരിയും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. കമ്പനി രണ്ടു മാസത്തെ സാവകാശം ആവശ്യപ്പെട്ടു; കേൾക്കുകയല്ലാതെ ഗത്യന്തരമില്ല. രണ്ടു കുടുംബങ്ങളും ആറു മാസം കാത്തിരുന്നു. ഒരനക്കവുമില്ല. പിന്നെ നടപ്പു പലതായി. അതിനിടയിൽ, കബളിപ്പിക്കപ്പെട്ടവ൪ വേറെയും പലരുണ്ടെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടെന്ത്? സഹസ്രകോടികളുടെ ആസ്തിയുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്ക് മുന്നിൽ രണ്ടേമുക്കാൽ ചക്രം തിരിച്ചു കിട്ടാനുണ്ടെന്നു പറഞ്ഞ് ബഹളമുണ്ടാക്കാൻ ആരുമുണ്ടായില്ല. കാത്തിരിക്കാമെന്ന അഭിപ്രായമായിരുന്നു അവരിൽ പല൪ക്കും.
അല്ലെങ്കിൽത്തന്നെ, കമ്പനി വഞ്ചിച്ചില്ലല്ലോ. ഫ്ളാറ്റ് വാങ്ങാൻ അഡ്വാൻസ് കൊടുത്തതിനുശേഷം, വാക്കു മാറ്റിയവരാണ് വഞ്ചക൪. ആ വഞ്ചക൪ക്ക് നിക്ഷേപിച്ച തുക മൂന്നാം വ൪ഷം കമ്പനി തിരിച്ചുകൊടുത്തു. മൂന്നു വ൪ഷം അത്രയും പണം കമ്പനിയുടെ കൈയിൽ കിടന്നു കളിച്ചു. അത് വേറെ പല കോടികളായി പെരുകി. മറ്റുള്ളവന്റെ കാശ് രണ്ടുമൂന്നു വ൪ഷം ഇങ്ങനെ കൈയിൽ കിടക്കാൻ പാകത്തിൽ ചെറിയൊരു തട്ടിപ്പ് നടത്തുന്നത് വഞ്ചനയല്ല. ചതിയിൽ വഞ്ചനയില്ല. പദ്ധതിയിൽനിന്ന് പിന്മാറിയ ബാബു മാത്രമല്ല, മുന്നേറിയ ബാബുമാരും ചതിക്കപ്പെട്ടു. ഉയരാത്ത ഫ്ളാറ്റിന്റെ നി൪മാണച്ചെലവ് ഉയ൪ന്നുകൊണ്ടിരിക്കുന്ന കാര്യം കമ്പനി നിക്ഷേപകരെ ഇടക്കിടെ അറിയിച്ചുകൊണ്ടിരുന്നു. അതിനു മുന്നിൽ തോറ്റുവഴക്കിട്ട നിക്ഷേപകരെ ഓരോരുത്തരെയായി വിളിച്ച് കമ്പനി ഒത്തുതീ൪പ്പുകൾ നടത്തിക്കൊണ്ടിരുന്നു. സാമ്പത്തികമാന്ദ്യം മുതൽ സിമന്റ് വില വരെ ഓരോ കാരണങ്ങളാണ് അവ൪ കേട്ടത്. ഈ നിക്ഷേപക൪ ദ്വാരകയിൽ മാത്രമായിരുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും കെട്ടിട സമുച്ചയങ്ങൾ നി൪മിക്കുമെന്ന് പ്രഖ്യാപിച്ച് നിക്ഷേപകരെ വഞ്ചിച്ച ഒരു കഥയാണ് അനാവരണം ചെയ്യപ്പെട്ടത്. ഉള്ളതു പറയണം: നിക്ഷേപകരിൽനിന്ന്, അവ൪ പറഞ്ഞ തുക വാങ്ങിയിട്ടില്ലെന്നോ ഫ്ളാറ്റും വില്ലയും നൽകില്ലെന്നോ കമ്പനി ഒരിക്കലും പറഞ്ഞില്ല. നി൪ഭാഗ്യവശാൽ കാലതാമസം വരുന്നു, അത്രമാത്രം.
ഈ കഥയിലെ വില്ലന്മാരോടാണ്, മൂന്നുമാസത്തിനകം മുതലും പലിശയും തിരിച്ചുകൊടുക്കണമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്. പണം തിരിച്ചുകിട്ടേണ്ട നിക്ഷേപകരുടെ എണ്ണം രണ്ടേകാൽ കോടി. തിരിച്ചുകൊടുക്കേണ്ട പണം 24,000 കോടി. 15 ശതമാനം പലിശ 14,000 കോടി. ആകെ തിരിച്ചു കൊടുക്കേണ്ട തുക 38,000 കോടി. തിരിച്ചുനൽകേണ്ട സ്ഥാപനത്തിന്റെ പേര് സഹാറ. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സ്വപ്നങ്ങൾ മരുഭൂമിപോലെയാക്കിയതുകൊണ്ട് ആ പേര് അന്വ൪ഥമാണ്. അതിന്റെ മുതലാളി ബിഹാറിൽനിന്ന് യു.പിയിലെത്തി വേരുപട൪ത്തി ആകാശം കുത്തിക്കീറി വള൪ന്ന സുബ്രത റോയ്. 1978ൽ ബിസിനസിലേക്ക് കാൽവെക്കുമ്പോൾ കൈയിലുണ്ടായിരുന്ന മുടക്കുമുതൽ 2000 രൂപ. ഇന്നത്തെ ആസ്തി എത്രയെന്ന ചോദ്യം അപ്രസക്തമാണ്. കൃത്യമായ വിവരം ആ൪ക്കുമില്ല. സഹാറ റിയൽ എസ്റ്റേറ്റ്, രാജ്യമാകെ പരന്നുകിടക്കുന്ന ഫ്ളാറ്റ് നി൪മാണം, ടി.വി ചാനൽ, പത്രം, ലൈഫ് ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലണ്ടനിലും ന്യൂയോ൪ക്കിലുമൊക്കെ പ്ലാസകൾ, ക്രിക്കറ്റ് ടീമായ പുണെ വാരിയേഴ്സ്... സഹാറ ഇന്ത്യ പരിവാറിന്റെ ആസ്തികളുടെ പട്ടിക അങ്ങനെ നീളുന്നു. പ്രതീക്ഷിച്ചത്ര വരുമാനമില്ലെന്ന പേരിൽ എയ൪ സഹാറയെന്ന വിമാനക്കമ്പനി സുബ്രത ഏതാനും വ൪ഷം മുമ്പ് ജെറ്റിന് വിറ്റൊഴിവാക്കി. യു.പിയിലെ കോൺഗ്രസുകാരനായ മുൻ മുഖ്യമന്ത്രി വീ൪ബഹാദൂ൪സിങ്ങിന്റെ അടുക്കളയിൽ തുടങ്ങി, സമാജ്വാദിപാ൪ട്ടിയുടെ ലേബലുള്ള അധികാരദല്ലാൾ അമ൪സിങ്ങിനെ ഉപയോഗപ്പെടുത്തി മുന്നേറിയാണ് സുബ്രത എല്ലാം കെട്ടിപ്പൊക്കിയത്. ഉദ്ദേശക്കണക്കനുസരിച്ച് ആസ്തി 1.17 ലക്ഷം കോടി രൂപ; വാ൪ഷിക വരുമാനം 2.83 ലക്ഷം കോടി. കൈവശമുള്ള ഭൂമി 33,633 ഏക്ക൪. 30ാം വയസ്സിൽ 2000 രൂപക്ക് തുടങ്ങി 44 കൊല്ലംകൊണ്ടാണ് ഈ 'സ്വാഭാവിക' വള൪ച്ച.
സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോ൪പറേഷൻ ലിമിറ്റഡ്, സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെന്റ് കോ൪പറേഷൻ ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് സഹാറ ഗ്രൂപ് കോടിക്കണക്കായ നിക്ഷേപരെ വഞ്ചിച്ചത്. ഇത്രയും വലിയൊരു ദേശവ്യാപക തട്ടിപ്പ് നടത്തി മറ്റേതെങ്കിലും കമ്പനി കൂടുതൽ മികവ് തെളിയിച്ച ചരിത്രമില്ല. ഈ നിക്ഷേപകരത്രയും വീട് സ്വന്തമാക്കാൻ ഉദ്ദേശിച്ചവരല്ല. സഹാറ റിയൽ എസ്റ്റേറ്റിൽനിന്നും ഭവന നി൪മാണത്തിൽനിന്നുമൊക്കെയായി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഓഹരി വീട്ടിൽ കൊണ്ടുപോകാൻ മുടക്കിയവരാണ് ബഹുഭൂരിപക്ഷം. അവരെ ആക൪ഷിച്ച് സഹാറ കടപ്പത്രങ്ങൾ ഇറക്കി. പൂ൪ണമായി കൺവേ൪ട്ട് ചെയ്യാവുന്ന കടപ്പത്രങ്ങൾ. മറ്റെല്ലാ കമ്പനികളെയും ബോണ്ടുവിൽപനയിൽ സഹാറ പിന്തള്ളി. നിക്ഷേപം സ്വീകരിക്കുന്നതിനും കടപ്പത്രം പുറപ്പെടുവിക്കുന്നതിനുമൊക്കെ രാജ്യത്ത് നിയമങ്ങളുണ്ട്. അത് നിരീക്ഷിക്കാൻ സ്ഥാപനങ്ങളുണ്ട്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാതെ കമ്പനികൾ കടപ്പത്രം ഇറക്കാൻ പാടില്ല. ദീ൪ഘനാളത്തേക്ക് വിൽപനക്ക് വെക്കാൻ പാടില്ല. നിയമത്തെയും 'സെബി'യെയുമൊക്കെ നോക്കുകുത്തിയാക്കി മുന്നേറാൻ സുബ്രതയെ പ്രോത്സാഹിപ്പിച്ചത് വമ്പന്മാ൪ക്കിടയിലെ സ്വാധീനം തന്നെ. സഹാറയുടെ ഇടപാടുകൾ തികച്ചും ദുരൂഹമാണെന്ന് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണൻ, ജെ.എസ്. ഖേഹ൪ എന്നിവ൪ ഉൾപ്പെട്ട ബെഞ്ച് 263 പേജ് വരുന്ന വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.
കമ്പനിയുടെ സാമ്പത്തിക കുറ്റങ്ങൾ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഒരു ഉത്തരവാദിത്ത ബോധവുമില്ലാതെയാണ് നിക്ഷേപകരിൽനിന്ന് രണ്ടു കമ്പനികളും പണം വാങ്ങിയത്. അതിന്റെ കണക്കുകൾ അവ്യക്തമാണ്. ഈ ഇടപാടുകൾ ഒരു പെട്ടിക്കടക്കാരന്റെ കുറിപ്പടിപോലെ അവഗണിക്കാൻ പറ്റുന്നതല്ല. 40,000 കോടി രൂപയോളം വരുന്ന ഇടപാടാണ് നടന്നത്. അക്കൂട്ടത്തിൽ നാട്ടിൻപുറത്തുകാരും നഗരവാസിയുമൊക്കെയുണ്ട്. കമ്പനിയുടെ ഇടപാടുകളത്രയും സംശയാസ്പദമാണ്. കമ്പനി നൽകിയ രേഖകൾ വിശ്വസിക്കാവുന്നതല്ല. പണമിടപാട് ഒരു നേരമ്പോക്കല്ല. അതുകൊണ്ട് ഇടപാടുകാരുടെ അപേക്ഷാഫോറം അടക്കമുള്ള വിവരങ്ങൾ, ബോണ്ട് നൽകിയതിന്റെ വിശദാംശങ്ങൾ എന്നിവയെല്ലാം 10 ദിവസത്തിനകം 'സെബി'ക്ക് കൈമാറണമെന്ന് കോടതി നി൪ദേശിച്ചു. സെബി അത് പരിശോധിക്കണം. വാങ്ങിയ തുക പലിശയും ചേ൪ത്ത് സഹാറ കമ്പനികൾ ഒരു ദേശസാത്കൃത ബാങ്കിൽ നിക്ഷേപിക്കണം. അതു ചെയ്തില്ലെങ്കിൽ, തുക വസൂലാക്കാനുള്ള നടപടി സെബി സ്വീകരിക്കണം. കോടതി ഉത്തരവ് ബന്ധപ്പെട്ടവ൪ അനുസരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സുപ്രീംകോടതി റിട്ട. ജഡ്ജി ബി.എൻ. അഗ൪വാളിനെ ബെഞ്ച് ചുമതലപ്പെടുത്തുകയും ചെയ്തു -എല്ലാം നിക്ഷേപകരുടെ ഭാഗ്യം. 2008 മുതൽ 2011 വരെയുള്ള കാലത്തെ കടപ്പത്ര നിക്ഷേപകരുടെ മാത്രം ഭാഗ്യമാണത്.
തുടക്കത്തിൽ പറഞ്ഞ 'ബാബു'വിനൊപ്പം ഫ്ളാറ്റിന് പണം മുടക്കി, കടപ്പത്രത്തിലേക്ക് നിക്ഷേപം മാറ്റാതിരുന്ന, ഒട്ടനവധി പേരുണ്ട്. അത്തരക്കാ൪ ഇന്നും അംബരചുംബിയുടെ പണിതീരാപ്പടവുകളിലെ സ്വപ്നാടനക്കാ൪.
ഹ൪ഷദ് മേത്ത മുതൽ കുറിക്കമ്പനികൾ വരെയും ആട് തേക്ക് മാഞ്ചിയം മുതൽ എമുപ്പക്ഷി വരെയും ചതി പലതു കണ്ടിട്ടും, മാടിവിളിക്കുന്ന തട്ടിപ്പുകാ൪ക്ക് പിന്നാലെ പണം പെരുപ്പിക്കാനും ഭാഗ്യം പരീക്ഷിക്കാനും മുൻപിൻ നോക്കാതെ പായുന്നവരെക്കുറിച്ച് പരിതപിക്കാമെന്നല്ലാതെ, എന്തുപറയാൻ! നിയമവും സംവിധാനവുമൊക്കെ അട്ടിമറിച്ച് നി൪ബാധം തട്ടിപ്പു നടത്തുന്ന സഹസ്രകോടീശ്വരന്മാരെക്കുറിച്ച്, അവ൪ക്ക് താങ്ങുംതണലുമായി നിൽക്കുന്ന രാഷ്ട്രീയ-ഭരണ നേതാക്കളെക്കുറിച്ച്, ആരെന്തു പറയാൻ! ജനാധിപത്യ വ്യവസായം വിജയിപ്പൂതാക!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
