'നാം' ഉച്ചകോടി സമാപിച്ചു : ഇറാന്റെ ആണവ അവകാശത്തിന് പിന്തുണ
text_fieldsതെഹ്റാൻ: സമാധാനപരമായ ഊ൪ജാവശ്യങ്ങൾക്കായി ആണവ സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്താൻ ഏതൊരുരാജ്യത്തെപോലെ ഇറാനും അവകാശമുണ്ടെന്ന് തെഹ്റാനിൽ സമാപിച്ച ചേരിചേരാരാഷ്ട്ര പ്രസ്ഥാന (നാം) 16ാമത് ഉച്ചകോടി പ്രഖ്യാപിച്ചു. 120 രാഷ്ട്രങ്ങൾക്ക് അംഗത്വമുള്ള 'നാം' ഒരാഴ്ചയായി തെഹ്റാനിൽ മൂന്ന് സെഷനുകളിലായാണ് സമ്മേളനം ചേ൪ന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഉച്ചകോടി അന്തിമ പ്രഖ്യാപനം പുറത്തുവിട്ടത്.
ഏകപക്ഷീയ ഉപരോധ നടപടികളെ അപലപിച്ച പ്രഖ്യാപനം, സ്വതന്ത്ര ഫലസ്തീൻ രൂപവത്കരണത്തിനും ഫലസ്തീന്റെ യു.എൻ അംഗത്വ ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു. ലോകത്തെ അണ്വായുധ മുക്തമാക്കാൻ ആഹ്വാനം ചെയ്ത 'നാം' പ്രഖ്യാപനം മനുഷ്യാവകാശ സംരക്ഷണത്തിനായി ലോക രാജ്യങ്ങളെ ആഹ്വാനം ചെയ്തു. ഇസ്ലാമോഫോബിയ എന്ന ഇസ്ലാമിനെതിരായ ഭീതി പൂണ്ട പ്രചാരങ്ങളെയും വംശീയതയെയും ശക്തമായി എതി൪ക്കുന്നതായി പ്രഖ്യാപനം വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മു൪സി തുടങ്ങി 30 രാഷ്ട്രത്തലവന്മാ൪ സംബന്ധിച്ച ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ഇറാൻ പ്രസിഡന്റ് അഹ്മദി നെജാദ് അധ്യക്ഷത വഹിച്ചു.
ഇസ്രായേലിന്റെയും അമേരിക്കയുടെയും വിമ൪ശങ്ങൾ കൂസാതെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ തെഹ്റാനിലെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത് ഇറാന്റെ നയതന്ത്രവിജയമായി നിരീക്ഷക൪ വിലയിരുത്തി. അതേസമയം, ആണവപ്രശ്നത്തിലെ വാഗ്വാദങ്ങൾ അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ ബാൻ കി മൂൺ ഇറാൻ അധികൃതരോടാവശ്യപ്പെട്ടു.
മധ്യപൗരസ്ത്യദേശത്തെ ആണവമുക്തമാക്കാൻ ആഹ്വാനംചെയ്ത ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ രക്ഷാസമിതിയെ ഉടച്ചുവാ൪ക്കാനും ആഹ്വാനംചെയ്തു. രക്ഷാസമിതിയിൽ വൻശക്തി രാഷ്ട്രങ്ങളുടെ സ്വേച്ഛാധികാര നടപടികളാണ് അരങ്ങേറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
