തിരൂ൪: റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും മൂലം ചമ്രവട്ടം പാലം വഴി വാഹനങ്ങൾ കുറയുന്നു. പാലത്തിന് ഇരു ഭാഗത്തും റോഡുകൾ തക൪ന്നതോടെ കാറുകളുൾപ്പെടെ ചെറുകിട വാഹനങ്ങൾ ഇതുവഴി യാത്ര ഉപേക്ഷിക്കുകയാണ്. ചമ്രവട്ടം ജങ്ഷൻ, ബി.പി അങ്ങാടി, തിരൂ൪, താനൂ൪ തുടങ്ങിയിടങ്ങളിലെ ഗതാഗതക്കുരുക്ക് സമയ നഷ്ടമുണ്ടാക്കുന്നതായി ഡ്രൈവ൪മാ൪ ചൂണ്ടിക്കാട്ടുന്നു.
പുതുപൊന്നാനി മുതൽ തിരൂ൪ വരെ 22 കിലോമീറ്റ൪ ദൂരത്തിനുള്ളിൽ ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് വ്യാപകമായി തക൪ന്നിട്ടുണ്ട്. ചമ്രവട്ടം ജങ്ഷൻ മുതൽ പാലം വരെ റോഡ് കുണ്ടും കുഴിയും നിറഞ്ഞു. വാഹനങ്ങളുടെ അടിഭാഗം റോഡിൽ തട്ടി കേടു പറ്റുന്നത് പതിവാണ്. ലോറികളുടെ അമിത വേഗത റോഡിൻെറ തക൪ച്ചക്ക് ആക്കം കൂട്ടുന്നതായി നാട്ടുകാ൪ പറയുന്നു. നരിപ്പറമ്പിൽ പാലത്തിന് സമീപം ഏറെ ദൂരം വെള്ളക്കെട്ടുണ്ടായിരുന്നത് അടുത്തിടെ മണ്ണിട്ടുയ൪ത്തി പരിഹരിച്ചിരുന്നു. എന്നാൽ, ഉപരിതലം ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുകയാണ്.
തിരൂ൪ റോഡും ചമ്രവട്ടം പാലം റോഡും സംഗമിക്കുന്ന ഭാഗത്ത് റോഡ് തക൪ച്ചക്ക് പുറമെ വെള്ളക്കെട്ടുമുണ്ട്. ആഴ്ചകളായി കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി വിടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാ൪ ഇവിടെ വാഴ നട്ടിട്ടുണ്ട്. പാലം മുതൽ ആലിങ്ങൽ ജങ്ഷൻ വരെ പലയിടത്തും റോഡിൽ കുഴികൾ അപകടം സൃഷ്ടിക്കുന്നു. തിരൂ൪ പൊറ്റത്ത് പടി, വടക്കെ അങ്ങാടി, ബി.പി അങ്ങാടി ഭാഗങ്ങളിലും റോഡ് പരക്കെ തക൪ന്നിട്ടുണ്ട്. ചമ്രവട്ടം ജങ്ഷൻ മുതൽ താനൂ൪ വരെ റോഡുകൾ ഇടുങ്ങിയതായതിനാൽ നേരത്തെത്തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡ് തക൪ച്ച കൂടിയായതോടെ കുരുക്ക് മുറുകി. താനൂ൪ റെയിൽവേ മേൽപാലം നി൪മാണം നടക്കുന്നതിനാൽ ഇപ്പോൾ വാഹനങ്ങൾ പോകുന്ന ഗ്രാമീണ റോഡുകളും തക൪ന്ന നിലയിലാണ്.
ചമ്രവട്ടം പാലം ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ റോഡുകൾ നവീകരിക്കാനും കവലകളിലെ കുരുക്കഴിക്കാനും 50 കോടിയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിലേക്ക് പിന്നീട് 20 കോടി രൂപ കൂടി അനുവദിച്ചെങ്കിലും ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിയുമുണ്ടായിട്ടില്ല.
ചമ്രവട്ടം ജങ്ഷനിലെത്തുന്ന വാഹനങ്ങൾ ഇപ്പോൾ രാവിലെ പടിഞ്ഞാറെക്കര അഴിമുഖത്തെ ജങ്കാറിനെയും രാത്രി ദേശീയപാതയെയുമാണ് ആശ്രയിക്കുന്നത്. സമയനിഷ്ഠ പാലിക്കാൻ സാധിക്കാത്തത് കെ.എസ്.ആ൪.ടി.സിയെയും വലക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2012 10:24 AM GMT Updated On
date_range 2012-08-31T15:54:09+05:30റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും; ചമ്രവട്ടം പാലം വഴി വാഹനങ്ങള്‍ കുറയുന്നു
text_fieldsNext Story