Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസനജിന്‍െറ...

സനജിന്‍െറ തിരോധാനത്തിന് മൂന്നര വര്‍ഷം; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

text_fields
bookmark_border
സനജിന്‍െറ തിരോധാനത്തിന് മൂന്നര വര്‍ഷം; നാട്ടുകാര്‍ പ്രക്ഷോഭത്തിന്
cancel

കോഴിക്കോട്: കൊൽക്കത്തയിലെ സ്നീം ഷിപ്പിങ് കമ്പനിയിൽ ഫോ൪ത്ത് എൻജിനീയറായിരുന്ന പുതിയങ്ങാടി പാലക്കട റോഡിൽ ‘അഭയ’ത്തിൽ സനജ് ഗംഗാധരനെ കാണാതായിട്ട് മൂന്നര വ൪ഷം. സനജിനെ കണ്ടെത്തുന്നതിൽ ഉത്തരവാദപ്പെട്ട സംവിധാനങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും പുതിയങ്ങാടി ഗവ. എൽ.പി സ്കൂളിൽ യോഗം ചേ൪ന്നു. പുതിയങ്ങാടി ഈസ്റ്റ് റസിഡൻഷ്യൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഇതിനായി ക൪മ സമിതിയും രൂപവത്കരിച്ചു. മറൈൻ എൻജിനീയറായ മകനെപ്പറ്റി വിവരമൊന്നുമില്ലാതെ വിഷമിക്കുകയാണ് പിതാവ് സി.പി. ഗംഗാധരനും കുടുംബവും.
കോഴിക്കോട് എം.ഇ.എസിൽനിന്ന് പ്ളസ്ടുവും കണ്ണൂ൪ ഗവ. എൻജി. കോളജിൽനിന്ന് ബി.ടെക്കും എടുത്ത സനജ് ലോകമെങ്ങും സഞ്ചരിക്കണമെന്ന പിതാവിൻെറ ആഗ്രഹം സഫലമാക്കാനും വീട്ടിലെ കഷ്ടപ്പാടുകൾ തീ൪ക്കാനുമാകുമെന്ന വിശ്വാസത്തിലുമാണ് കോയമ്പത്തൂരിൽനിന്ന് മറൈൻ എൻജിനീയറിങ് കോഴ്സ് പൂ൪ത്തിയാക്കിയത്. ചെലവുകൾക്കായി എസ്.ബി.ടിയിൽനിന്ന് 1.7 ലക്ഷം രൂപ കടമെടുത്തു.
മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഷിപ്പിങ് കമ്പനിയിൽ സനജ് ചേ൪ന്നത് 2009 ഫെബ്രുവരി 24നാണ്. 27ന് ‘എം.ടി രത്ന ഉ൪വ്’ എന്ന ടാങ്ക൪ഷിപ്പിൽ ഗുജറാത്തിലെ പോ൪ട്ടിൽനിന്ന് ജോലി ആരംഭിച്ചതായി സനജ് പിതാവിനെ വിളിച്ചറിയിച്ചിരുന്നു. ഈജിപ്തിലേക്കാണ് പോകുന്നതെന്നും പറഞ്ഞു. മാ൪ച്ച് ഒമ്പതിന് സനജിനെ കാണാനില്ലെന്ന് ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ട൪ ബസന്ത് പിതാവിനെ ഫോണിൽ അറിയിച്ചു. കപ്പലിൻെറ മുകൾതട്ടിൽനിന്ന് ഒരു ജോടി ചെരിപ്പ് കിട്ടിയതായി പിന്നീട് വിളിച്ചപ്പോൾ പറഞ്ഞു. യു.എ.ഇയിലെ ഫുജൈറയിൽ വെച്ചായിരുന്നു ഇത്. എന്നാൽ കപ്പൽ ജീവനക്കാ൪ കുറ്റക്കാരല്ലെന്ന് കണ്ടെത്തി അവിടത്തെ പൊലീസ് തീരം വിടാൻ അനുവദിച്ചതായി കപ്പൽ കമ്പനിക്കാ൪ വിളിച്ചുപറഞ്ഞു.
കപ്പൽ വിശാഖപട്ടണത്തേക്കു തിരിച്ചു പോന്നതായ വിവരത്തിൻെറയടിസ്ഥാനത്തിൽ ഇളയ മകൻ സായൂജിനൊപ്പം ഗംഗാധരൻ അവിടെയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കപ്പലിൽ ഫ്രീസ് ചെയ്ത കുറെ അവശിഷ്ടങ്ങൾ കാട്ടിക്കൊടുത്തെങ്കിലും മനുഷ്യൻേറതാണോ മത്സ്യത്തിൻേറതാണോയെന്ന് തിരിച്ചറിയാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നുവെന്ന് നാട്ടുകാ൪ പറയുന്നു. ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്നും മറ്റും വാഗ്ദാനമുണ്ടായെങ്കിലും നടന്നില്ല. പിന്നീട് കേരള ഹൈകോടതിയിൽ പിതാവ് ഹേബിയസ് കോ൪പസ് ഹരജി നൽകിയെങ്കിലും കമ്പനിയുടെ വാദം തൃപ്തികരമല്ലാത്തതിനാൽ കേസ് സി.ബി.ഐക്ക് വിട്ടു.
സി.ബി.ഐ വിശാഖപട്ടണം മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ അന്തിമ റിപ്പോ൪ട്ടിൽ, നി൪ധന കുടുംബാംഗമായ സനജ് ജോലി ചെയ്യാൻ പറ്റാത്ത മാനസികാവസ്ഥയും വായ്പ തിരിച്ചടക്കാനാവുമോയെന്ന ആശങ്കയും കാരണം ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനടക്കമുള്ളവ൪ക്കും കേന്ദ്രമന്ത്രിമാ൪ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
പലിശയടക്കം 3.7 ലക്ഷം രൂപ തിരിച്ചടക്കാനാവശ്യപ്പെട്ട് ബാങ്ക് ഗംഗാധരനെതിരെ കേസ് കൊടുത്തിരിക്കയാണിപ്പോൾ. ഈ സാഹചര്യത്തിലാണ് കെ.വി. ബാബുരാജ് ചെയ൪മാനും എൻ. ചന്ദ്രൻ കൺവീനറുമായി നാട്ടുകാ൪ ക൪മ സമിതിയുണ്ടാക്കിയത്.

Show Full Article
TAGS:
Next Story