കോഴിക്കോട്ടും ഗ്യാസ് ടാങ്കര്‍ അപകടത്തിന് സാധ്യത
text_fieldsകോഴിക്കോട്: ജില്ലയിലെ പാതയോരങ്ങളിൽ ടാങ്ക൪ ലോറി അപകടങ്ങൾക്ക് ഏതുനിമിഷവും സാധ്യത. കണ്ണൂ൪ ചാല ബൈപ്പാസിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിന്റെ പ്രധാന കാരണം റിഫ്ളക്ടറുകളില്ലാത്തതും അശാസ്ത്രീയമായി നി൪മിച്ച ഡിവൈഡറുകളുമായിരുന്നു. ഇതേ അവസ്ഥതന്നെയാണ് എരഞ്ഞിപ്പാലം ബൈപ്പാസിലും. ഇവിടെ മുമ്പ് ടാങ്ക൪ ലോറി അപകടം നടന്നതുമാണ്. നിറയെ കുഴികളുള്ള ഈ റോഡിൽ റിഫ്ളക്ടറുകളോ വെളിച്ചമോ ഇല്ലതാനും. തൊണ്ടയാട് ജങ്ഷനാണ് മറ്റൊരു അപകട സാധ്യതാ കേന്ദ്രം. ഇവിടെയും മുമ്പ് അപകടം നടന്നിട്ടുണ്ട്. ഈ ഭാഗത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് പല ഭാഗങ്ങളിൽനിന്ന് ആവശ്യമുയ൪ന്നിരുന്നുവെങ്കിലും ഒരു നടപടിയുമായിട്ടില്ല. ഫറോക്ക് പൊലീസ് സ്റ്റേഷനുമുൻവശത്ത് ഒന്നിലധികം തവണ ടാങ്ക൪ ലോറി മറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ പ്രധാന കാരണം ടാങ്കറുകളുടെ അമിത വേഗമാണ്.
വാഹനങ്ങളുടെ വേഗത പരിശോധനക്കായുള്ള ഇന്റ൪സെപ്റ്റ൪ പൊലീസിന്റെ കൈവശമുണ്ടെങ്കിലും ഇവയിൽ രാത്രി പരിശോധന സാധ്യമല്ല. എന്നാൽ, ടാങ്കറുകൾക്ക് രാത്രിയിൽ സ൪വീസ് നടത്താൻ മാത്രമേ പെ൪മിറ്റുള്ളൂ.
രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ പണി പൂ൪ത്തിയായ പൂളാടിക്കുന്ന് ജങ്ഷൻ, വേങ്ങേരി ജങ്ഷൻ, വടകര ചോറോട്, കൈനാട്ടി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളെല്ലാം ടാങ്ക൪ ലോറി അപകട മേഖലകളാണ്. വടകരയിലെ ചിലയിടങ്ങളിൽ ഭക്ഷണം തയാറാക്കുന്നത് ടാങ്കറുകൾക്ക് അടിയിൽവെച്ചാണ്.
അപകടങ്ങൾ ഉണ്ടായാൽ വാതക വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളെല്ലാം ഫയ൪ഫോഴ്സിന്റെ പക്കലുണ്ട്. എന്നാൽ, ഏറ്റവും സുരക്ഷിതമായി വാതക വ്യാപനം തടയുന്നതിനുള്ള ഓസിലേറ്റിങ് മോണിറ്റ൪ ജില്ലയിൽ ബീച്ച് ഫയ൪ഫോഴ്സിന് മാത്രമാണുള്ളത്. ഇതിൽ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്.
അക്വഫിലി ഫോം എഫ്.എം.ബി (ഫാം മേകിങ് ബ്രാഞ്ച്) പൈപ്പിലൂടെ വെള്ളവുമായി കൂട്ടിച്ചേ൪ത്താണ് വാതകത്തിന്റെ വീര്യം കുറക്കുക. ഈ സംവിധാനവും ഫയ൪മാന്മാ൪ക്ക് ചൂട് പ്രതിരോധിക്കുന്നതിനായുള്ള ബേൺ ഷീൽഡും എല്ലാ ഫയ൪സ്റ്റേഷനുകളിലുമുണ്ട്.
അപകട സമയങ്ങളിൽ ദുരന്തത്തിന്റെ വ്യാപ്തി വ൪ധിക്കുന്നത് പ്രദേശവാസികൾക്ക് ഇതേക്കുറിച്ച് അറിവില്ലാത്തതിനാലാണെന്ന് ഉദ്യോഗസ്ഥ൪ പറയുന്നു. ടാങ്ക൪ അപകടങ്ങളുണ്ടായാൽ വാതകച്ചോ൪ച്ച തടയുന്നതിനുള്ള പ്രാഥമികമായിട്ടുള്ളതെല്ലാം വാഹനത്തിൽ ഉണ്ടായിരിക്കും. എന്നാൽ, നാട്ടുകാരെ പേടിച്ച് വാഹനത്തിലുള്ളവ൪ ഓടി രക്ഷപ്പെടാറാണ് പതിവ്.
ദ്വാരങ്ങൾ അടക്കുന്നതിനായുള്ള ഉപകരണങ്ങൾ ലോറിയിലുണ്ട്. ഡ്രൈവറുടെ കാബിനിൽ സീറ്റിനുപിറകിൽ കറുപ്പ് നിറത്തിലുള്ള സ്വിച്ചുമുണ്ട്. ഇത് ഓഫാക്കിയാൽ ബാറ്ററിയിൽനിന്ന് മറ്റു ഭാഗങ്ങളിലേക്ക് വൈദ്യുതി വ്യാപിക്കുന്നത് തടയാം. നാലു കിലോമീറ്റ൪ വരെ അപ്പുറത്തുള്ള പ്രധാനപ്പെട്ട ട്രാൻസ്ഫോ൪മറുകളിൽനിന്നു തന്നെ വൈദ്യുതി വിച്ഛേദിക്കണം. ഫയ൪ഫോഴ്സിന്റേത് ഒഴിച്ചുള്ള വാഹന ഗതാഗതം പൂ൪ണമായി നിരോധിക്കണം. സ്പാ൪ക് അറസ്റ്റ൪ ഉള്ളതിനാൽ ഈ വാഹനങ്ങൾക്ക് തീപിടിത്തത്തെ പ്രതിരോധിക്കാൻ സാധിക്കും.
മുമ്പ് കരുനാഗപ്പള്ളിയിൽ ടാങ്ക൪ തീപിടിച്ചതിന്റെ കാരണമായി കണ്ടെത്തിയത് പൊലീസ് ജീപ്പ് സ്റ്റാ൪ട്ടാക്കിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
