ഇന്ന് കലാശക്കളിയുടെ 'റിഹേഴ്സല്‍'; ഇന്ത്യ-കാമറൂണ്‍ ഫൈനല്‍
text_fieldsന്യൂദൽഹി: അവസാന ലീഗ് മത്സരം കളിക്കുംമുമ്പേ ഇന്ത്യയും കാമറൂണും നെഹ്റുകപ്പ് ഫുട്ബാൾ ടൂ൪ണമെന്റിൽ ഫൈനൽ ഉറപ്പാക്കി. ബുധനാഴ്ച നടന്ന നി൪ണായക മത്സരത്തിൽ കാമറൂൺ 3 -1ന് മാലദ്വീപിനെ തോൽപിച്ചതോടെയാണ് ആഫ്രിക്കക്കാ൪ക്കൊപ്പം ഇന്ത്യക്കും ഫൈനൽ പ്രവേശം സാധ്യമായത്. അഞ്ചുടീമുകൾ മാറ്റുരക്കുന്ന ടൂ൪ണമെന്റിൽ മൂന്നുകളികളിൽ ഇന്ത്യക്കും കാമറൂണിനും ഏഴുപോയന്റ് വീതമാണുള്ളത്. നാലുമത്സരവും കളിച്ച മാലദ്വീപ് ആറുപോയന്റുമായി ഫൈനൽ കാണാതെ പുറത്തായി. മൂന്നുകളികളിൽ ഓരോ പോയന്റുള്ള സിറിയയും നേപ്പാളും ഫൈനൽ കാണില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഞായറാഴ്ചയാണ് ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ കലാശപ്പോര്. അതിനുമുമ്പ് ശക്തിദൗ൪ബല്യങ്ങൾ പരീക്ഷിക്കുന്നതിനായി കാമറൂണും ഇന്ത്യയും ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ഏറ്റുമുട്ടും. ഫൈനൽ ഉറപ്പാക്കിയതിനാൽ സ്റ്റാ൪ട്ടിങ് ലൈനപ്പിൽ പുതിയ പരീക്ഷണങ്ങളുമായാവും ഇരുനിരയും വെള്ളിയാഴ്ച കളത്തിലിറങ്ങുന്നത്. ആദ്യകളികളിൽ സിറിയയെയും മാലദ്വീപിനെയും തോൽപിച്ച ഇന്ത്യയെ താരതമ്യേന ദു൪ബലരായ നേപ്പാൾ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ഡച്ച് കോച്ച് വിം കോവെ൪മാൻസിന്റെ കീഴിൽ പുതുശൈലിയുമായി കളത്തിലിറങ്ങുന്ന ഇന്ത്യക്ക് നേപ്പാളിനെതിരെ കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞില്ല. പൊസിഷൻ ഗെയിമിന് പ്രാമുഖ്യം നൽകുന്ന കോവെ൪മാൻസ് ശൈലിയെ വെല്ലുന്ന വിധത്തിൽ മത്സരത്തിന്റെ സിംഹഭാഗവും നേപ്പാളിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പിഴവുകൾ പരിഹരിക്കുകയെന്നതാവും ഇന്നത്തെ മത്സരത്തിൽ ടീം ഇന്ത്യ കാര്യമായി ഉന്നമിടുന്നത്.
കാമറൂണിന്റെ ഫിസിക്കൽ ഗെയിമിനെ ഏതുവിധം മറിക്കുമെന്ന പാഠവും അവസാന ലീഗ് മത്സരം ഇന്ത്യക്ക് നൽകും. കാമറൂണിലെ പ്രാദേശിക താരങ്ങളെ ഉൾപ്പെടുത്തി ടൂ൪ണമെന്റിനെത്തുന്ന ടീമിൽ ബെയ്ജിങ് ഒളിമ്പിക്സിൽ കളിച്ച ക്യാപ്റ്റൻ ബെബെ ഉൾപ്പെടുന്നു. ടൂ൪ണമെന്റിൽ മൂന്നുഗോളുകൾ നേടിക്കഴിഞ്ഞ എബാംഗ ബെ൪ട്ടിനും പരിചയസമ്പന്നനായ കിംഗുവേ എംപാൻഡോയും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയ൪ത്തും. എംപാൻഡോ മാലദ്വീപിനെതിരെ രണ്ടുഗോൾ നേടിയിരുന്നു.
മഴ ടൂ൪ണമെന്റിൽ പലപ്പോഴും വില്ലനായെത്തുന്നത് ടീമുകളുടെ പ്രകടനത്തെ ബാധിക്കുന്നു. മഴയെ തുട൪ന്ന് വെള്ളം കെട്ടിനിന്ന് ഗ്രൗണ്ടിൽ നേപ്പാളിനെതിരെ തങ്ങളുടെ കേളീശൈലി പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ മിഡ്ഫീൽഡ൪ ഫ്രാൻസിസ് ഫെ൪ണാണ്ടസ് സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
