എട്ടു പാര്‍ട്ടികള്‍ ഇന്ന് ധര്‍ണ നടത്തും
text_fieldsന്യൂദൽഹി: മഴക്കാല സമ്മേളനം അനിശ്ചിതത്വത്തിലാക്കി പാ൪ലമെന്റ് സ്തംഭിപ്പിക്കുന്നതിനെതിരെ കോൺഗ്രസ്-ബി.ജെ.പി ഇതര പാ൪ട്ടികൾ രംഗത്ത്. ഇടതും സ൪ക്കാറിനെ പുറമെനിന്ന് പിന്തുണക്കുന്ന സമാജ് വാദി പാ൪ട്ടി അടക്കം എട്ടു പാ൪ട്ടികൾ വെള്ളിയാഴ്ച പാ൪ലമെന്റിന് മുന്നിൽ ധ൪ണ നടത്തും. അതേസമയം, സി.എ.ജി റിപ്പോ൪ട്ടിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രധാന പ്രതിപക്ഷവും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിനാൽ വെള്ളിയാഴ്ചയും പാ൪ലമെന്റ് നടക്കാനിടയില്ല.
സമാജ് വാദി പാ൪ട്ടി, എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ഡി.പി, ഇടതുപാ൪ട്ടികളായ സി.പി.എം, സി.പി.ഐ, ഫോ൪വേ൪ഡ് ബ്ലോക്, ആ൪.എസ്.പി എന്നിവയാണ് സഭാ സ്തംഭനത്തിനെതിരെ ധ൪ണ നടത്തുന്നത്. അവ൪ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാടിന് എതിരാണ്. ഏഴു ദിവസവും തുട൪ച്ചയായി പാ൪ലമെന്റ് സ്തംഭിച്ചിട്ടും പ്രശ്നം തീ൪ക്കാൻ കോൺഗ്രസിന് താൽപര്യമില്ല. സഭ സ്തംഭിപ്പിക്കുകയെന്ന ഒറ്റ അജണ്ടയിൽ ബി.ജെ.പി മുന്നോട്ടു പോകുന്നതും അംഗീകരിക്കാനാവില്ല -പ്രതിഷേധിക്കുന്ന പാ൪ട്ടികളുടെ നേതാക്കൾ കുറ്റപ്പെടുത്തി.
ഖനന ലൈസൻസ് ക്രമക്കേട് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമാണ് സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ് യാദവ് മുന്നോട്ടുവെച്ചത്. സി.എ.ജി റിപ്പോ൪ട്ടിനെ തുട൪ന്ന് പാ൪ലമെന്റിൽ സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തങ്ങളെ പിന്തുണക്കുന്ന മുലായംസിങ് കളംമാറിയത് കോൺഗ്രസിന് ക്ഷീണമായി. ജയലളിതയും നവീൻ പട്നായിക്കും കൈവിട്ടത് ബി.ജെ.പിക്കും തിരിച്ചടിയായി. കോൺഗ്രസിതര, ബി.ജെ.പിയിതര കൂട്ടായ്മ ശക്തിപ്പെടാൻ ഈ മാറ്റം സഹായിക്കുമെന്ന പ്രതീക്ഷ ഇടതുപാ൪ട്ടികൾ പ്രകടിപ്പിക്കുന്നുണ്ട്.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും കടുംപിടിത്തങ്ങളോട് യു.പി.എയിലും എൻ.ഡി.എയിലും ഭിന്നതയുണ്ട്. എന്നാൽ, പ്രതിസന്ധി ഘട്ടത്തിൽ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. സഭാ സ്തംഭനം നീളുന്നതിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജിക്ക് എതി൪പ്പുണ്ട്. മുദ്രാവാക്യം മുഴക്കി സഭ സ്തംഭിപ്പിക്കുന്ന ബി.ജെ.പിക്കാ൪ക്കൊപ്പം നടുത്തളത്തിലിറങ്ങാൻ ജനതാദൾ-യു, ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ എൻ.ഡി.എ കക്ഷികൾ തയാറായിട്ടില്ല.
എങ്കിലും, കൽക്കരി പ്രശ്നത്തിൽ ധാ൪മിക ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി രാജി വെക്കണമെന്ന് പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യു ഇതാദ്യമായി ആവശ്യപ്പെട്ടത് ബി.ജെ.പിക്ക് ആശ്വാസം പക൪ന്നു. കൽക്കരി ഖനന ലൈസൻസ് നൽകിയതിലെ ക്രമക്കേടുകളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. മുലായവും ഈ ആവശ്യമാണ് ഉന്നയിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
