Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതിയ ആഗോളഭരണക്രമം...

പുതിയ ആഗോളഭരണക്രമം വേണം -മന്‍മോഹന്‍

text_fields
bookmark_border
പുതിയ ആഗോളഭരണക്രമം വേണം -മന്‍മോഹന്‍
cancel

തെഹ്റാൻ: പഴയകാല ശാക്തിക ചേരികൾക്കനുസരിച്ചുള്ള ആഗോളഭരണക്രമം കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് ലോക ഭരണനി൪വഹണം ആവിഷ്കരിക്കാൻ ചേരിചേരാ കൂട്ടായ്മ നേതൃത്വം നൽകണമെന്നും പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇറാൻ തലസ്ഥാനത്ത് ആരംഭിച്ച, 16ാം ചേരിചേരാ പ്രസ്ഥാന (നാം) ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ലോകത്തെ മുന്നോട്ടുനയിക്കുന്ന ഭരണസംവിധാനങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വാസയോഗ്യമായതും ഫലപ്രദവുമാക്കാൻ 'നാ'മിന് കഴിയണമെന്നും മൻമോഹൻ പറഞ്ഞു. ആഗോള ഭീകരവാദവും കൂട്ട നശീകരണായുധവ്യാപനവും സൈബ൪ സുരക്ഷിതത്വവുമെല്ലാം പരാമ൪ശിച്ച പ്രധാനമന്ത്രി, സിറിയ, ഫലസ്തീൻ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ അഭിസംബോധനയോടെയായിരുന്നു, വൻശക്തി ചേരികളിൽനിന്ന് മാറിനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ നാം ഉച്ചകോടി വ്യാഴാഴ്ച ആരംഭിച്ചത്. ഏതാനും ചില ശക്തികളുടെ മുഷ്കിൽനിന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ മോചിപ്പിക്കണമെന്ന് ഖാംനഇ ആഹ്വാനം ചെയ്തു.
120 അംഗങ്ങളും 17 നിരീക്ഷകരും ഉൾക്കൊള്ളുന്ന, ഐക്യരാഷ്ട്രസഭ കഴിഞ്ഞാൽ ഏറ്റവും വലിയ രാഷ്ട്രകൂട്ടായ്മയായ 'നാ'മിലെ പ്രമുഖ അംഗമായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ ശ്രദ്ധ പിടിച്ചുപറ്റി. അടുത്ത മൂന്നു വ൪ഷത്തേക്ക് കൂട്ടായ്മയെ നയിക്കുന്ന ഇറാന് പൂ൪ണ പിന്തുണ അ൪പ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. 'കൂട്ടായ ലോക ഭരണനി൪വഹണത്തിലൂടെ, നിലനിൽക്കുന്ന സമാധാനം' എന്ന ഉച്ചകോടിയുടെ തലക്കെട്ട് ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമ൪ഹിക്കുന്നുവെന്ന് മൻമോഹൻ ചൂണ്ടിക്കാട്ടി. 'ആഗോളഭരണക്രമം ചില പഴയ ശാക്തിക സമവാക്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും. ഇന്നത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ഈ ക്രമം അനുയോജ്യമല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ഈ ദൗ൪ബല്യം ലോകത്തിന്റെ സുരക്ഷിതത്വവും സാമ്പത്തിക അഭിവൃദ്ധിയും അപകടത്തിലാക്കുമെന്ന് ആശങ്ക ഉയ൪ന്നിരിക്കുകയാണ്. ലോകത്തെ നയിക്കാൻ പുതിയ സങ്കേതങ്ങൾ അത്യാവശ്യമായിരിക്കുന്നു. ആഗോള ഭീകരവാദവും കൂട്ടനശീകരണ ആയുധവ്യാപനവും കടൽകൊള്ളയുമെല്ലാം നേരിടണമെങ്കിൽ ഇത് അത്യാവശ്യമാണ്. അതുകൊണ്ട്, രക്ഷാസമിതി, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ സമൂല പരിഷ്കാരത്തിനായുള്ള പദ്ധതി അംഗീകരിക്കാൻ 'നാം' കൂട്ടായ്മ തയാറാകുമെന്ന് ഞാൻ ആശിക്കുന്നു' -മൻമോഹൻ പറഞ്ഞു.
സിറിയ, ഫലസ്തീൻ പ്രശ്നങ്ങളും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമ൪ശിച്ചു. 'ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന നിലയിൽ പശ്ചിമേഷ്യൻ, ഉത്തരാഫ്രിക്കൻ മേഖലയിലെ ജനാധിപത്യ മാറ്റങ്ങളെ ഇന്ത്യ പിന്തുണക്കും. എന്നാൽ, പുറത്തുനിന്നുള്ള ഇടപെടലുകളില്ലാതെയായിരിക്കണം ഈ മാറ്റങ്ങളെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സിറിയയുടെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. പ്രശ്നപരിഹാരത്തിനുവേണ്ടി, സാ൪വദേശീയമായി അംഗീകരിക്കപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിൽ 'നാം' ഒരു നിലപാട് സ്വീകരിക്കണം. സിറിയൻ ജനതക്ക് സ്വീകാര്യമായ പരിഹാരമാണ് ഇന്ത്യയുടെ താൽപര്യം. ഫലസ്തീൻ ജനതക്കൊപ്പമായിരുന്നു എല്ലാ കാലത്തും ചേരിചേരാ പ്രസ്ഥാനം. കാലങ്ങളായി യാതന അനുഭവിക്കുന്ന അവ൪ക്ക് അവരുടേതായ രാജ്യത്ത് അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയണം. എത്രയും പെട്ടെന്ന് ഇത് സാധ്യമാക്കാൻ യത്നിക്കുമെന്ന് 'നാം' പ്രതിജ്ഞ പുതുക്കണം' -അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, ഉച്ചകോടിയെ അഭിസംബോധന ചെയ്ത ഇറാൻ നേതാവ് ഖാംനഇ, തങ്ങളുടെ ആണവപദ്ധതി ഒരു രാജ്യത്തിനും ഭീഷണിയല്ലെന്ന് ഉറപ്പു നൽകുന്നതായും സിവിലിയൻ ആണവോ൪ജം എല്ലാവരുടെയും അവകാശമാണെന്നും വ്യക്തമാക്കി.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിക്കെത്തിയ മൻമോഹൻസിങ്, ഖാംനഇ, ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പാകിസ്താൻ പ്രസിഡന്റ് ആസിഫലി സ൪ദാരിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story