യു.എസ് ആക്ടിവിസ്റ്റ് റേച്ചലിന്റെ കൊല; ഇസ്രായേല്‍ സൈന്യത്തിന് പങ്കില്ലെന്ന് കോടതി
text_fieldsതെൽഅവീവ്: 2003ൽ ഇസ്രായേൽ സൈന്യത്തിന്റെ ബുൾഡോസറിന്റെ അടിയിൽപെട്ട് അമേരിക്കൻ ആക്ടിവിസ്റ്റ് റേച്ചൽ കോറി കൊല്ലപ്പെട്ടത് യാദൃച്ഛിക സംഭവമായിരുന്നുവെന്ന് ഇസ്രായേൽ കോടതി.
സംഭവം ഖേദകരമാണെങ്കിലും ഇസ്രായേൽ സ൪ക്കാറിന് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് ഹൈഫയിലെ പ്രാദേശിക കോടതി ജഡ്ജി ഓഡഡ് ഗെ൪ഷ൪ വ്യക്തമാക്കി.
സംഘ൪ഷമേഖലയിൽ തീവ്രവാദികളെ സഹായിക്കുകയായിരുന്നു റേച്ചലെന്നും ജഡ്ജി വിധിയിൽ വ്യക്തമാക്കി. ബുൾഡോസറിന്റെ ഡ്രൈവ൪ അവരെ കണ്ടിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് ആളുകളെ സൈന്യം നീക്കിയിരുന്നുവെന്നും അത് വകവെക്കാതെ റേച്ചൽ അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നുവെന്നും വിധിയിൽ പറഞ്ഞു. സൈന്യത്തിന്റെ അനാസ്ഥക്കെതിരെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ പ്രതിചേ൪ത്ത് റേച്ചലിന്റെ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് 2003ൽ ഇസ്രായേൽ സൈന്യം നടത്തിയ അന്വേഷണത്തിൽ റേച്ചലിന്റെ കൊലക്ക് ഉത്തരവാദികളായവരെ കുറ്റമുക്തരാക്കിയിരുന്നു. ഈ അന്വേഷണം പ്രഹസനമാണെന്ന് കോറി കുടുംബം വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ ഫലസ്തീനികളുടെ വീടുകൾ ഇസ്രായേൽ സൈന്യം പൊളിച്ചുമാറ്റുന്നതിനിടയിലാണ് റേച്ചൽ കൊല്ലപ്പെട്ടത്. അമേരിക്കയിലെ വാഷിങ്ടൺ സ്വദേശിയായ അവ൪ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവ൪ത്തകയായിരുന്നു. 23കാരിയായ റേച്ചൽ ഫലസ്തീൻ അനുകൂല ഇന്റ൪നാഷനൽ സോളിഡാരിറ്റി മൂവ്മെന്റ് അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
