തിരുവോണപ്പുലരി കാത്ത്....
text_fieldsമലപ്പുറം: തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി. അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്ന് നാടും നഗരവും ഉത്രാടപ്പാച്ചിലിലാകും. മഴ ആഘോഷത്തിൻെറ മാറ്റ് കുറക്കുമെന്ന് ആശങ്കയുണ്ടെങ്കിലും വിവിധ പരിപാടികളുമായി സംഘടനകളും ക്ളബുകളും രംഗത്തുണ്ട്. ഏതാനും ദിവസങ്ങളായി ഓണത്തിരക്കിലായിരുന്നു വിപണി.
പൊതുവെ എല്ലാ സാധനങ്ങൾക്കും വില ഉയ൪ന്നിട്ടും തുണിക്കടകളിലും ഇലക്ട്രോണിക്സ് കടകളിലും ഇക്കുറിയും വൻ തിരക്കായിരുന്നു. വീട്ടുപകരണങ്ങൾ വൻതോതിൽ വിറ്റുപോയതായി വ്യാപാരികൾ പറയുന്നു. അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നവരുടെ തിരക്കായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ. വില കൂടുതലാണെങ്കിലും നാടൻ പച്ചക്കറി വാങ്ങാൻ തിരക്കനുഭവപ്പെട്ടു. മറ്റ് ജില്ലക്കാരായ ഉദ്യോഗസ്ഥരെല്ലാം ഓണമാഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങി.
ഇക്കുറി കെ.എസ്.ആ൪.ടി.സിയുടെ സ്പെഷൽ സ൪വീസുകൾ നാമമാത്രമായിരുന്നു. ഇതിനാൽ ബസുകളിൽ വൻതിരക്കനുഭവപ്പെട്ടു. ട്രെയിനുകളിൽ ടിക്കറ്റ് റിസ൪വേഷൻ മാസങ്ങൾക്ക് മുമ്പ് തീ൪ന്നു. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂ൪ തുടങ്ങിയ നഗരങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് നാട്ടിലെത്താനും യാത്രാബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു. അവധിക്കാല തിരക്ക് കുറക്കാൻ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിലധികവും ചെന്നൈ കേന്ദ്രീകരിച്ചാണ്.
മലയാളികൾ കൂടുതൽ താമസിക്കുന്ന ബംഗളൂരുവിൽനിന്ന് സ്പെഷൻ ട്രെയിനുകൾ കുറവായിരുന്നു. കെ.എസ്.ആ൪.ടി.സി ഓണം പ്രമാണിച്ച് ജില്ലാ ആസ്ഥാനത്തുനിന്ന് രണ്ട് സ്പെഷൽ ബസുകൾ മാത്രമാണ് അനുവദിച്ചത്. അതും രണ്ട് ദിവസത്തേക്ക് മാത്രം. പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്ന് കൂടുതൽ സ്പെഷൽ സ൪വീസുകൾ ഏ൪പ്പെടുത്തിയിരുന്നു. കെ.എസ്.ആ൪.ടി.സിയുടെ അഭാവത്തിൽ സ്വകാര്യ ടൂറിസ്റ്റ് ബസുകളും യാത്രക്കാരെ പിഴിയുകയാണ്.
നാട്ടിലെത്തുന്നവരെ പിഴിയാൻ വിമാനകമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
