ബി.ജെ.പിക്കെതിരായ സമരത്തില്‍ സഹകരിക്കില്ല -കിരണ്‍ ബേദി
text_fieldsന്യൂദൽഹി: ബി.ജെ.പിക്കെതിരെ നടത്തുന്ന അഴിമതിവിരുദ്ധ സമരത്തിൽ മേലിൽ സഹകരിക്കില്ലെന്ന് കിരൺ ബേദി. ബി.ജെ.പിയോടുള്ള നിലപാടിനെ ചൊല്ലിയുള്ള ഹസാരെ സംഘത്തിലെ ഭിന്നത രൂക്ഷമാക്കുന്നതാണ് ബേദിയുടെ പ്രതികരണം. കെജ്രിവാളിൻെറ നേതൃത്വത്തിൽ ഞായറാഴ്ച നടത്തിയ ഉപരോധ സമരത്തിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻെറയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും വീടുകൾക്കൊപ്പം ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ വീടും ഉപരോധിച്ച തീരുമാനമാണ് കിരൺ ബേദിയെ പ്രകോപിപ്പിച്ചത്.
അധികാരത്തിലുള്ള പാ൪ട്ടിക്കെതിരായ സമരത്തെ മാത്രമേ പിന്തുണക്കൂ എന്നും ബി.ജെ.പിക്കെതിരായ സമരത്തെ പിന്തുണക്കില്ലെന്നും തിങ്കളാഴ്ച ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ കിരൺ ബേദി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഭരണകക്ഷിയെയാണ് ലക്ഷ്യമിടേണ്ടത്. തങ്ങളുടെ സംഘത്തിലുള്ള പല൪ക്കും ഇതേ അഭിപ്രായമാണ്. ഭൂരിപക്ഷമുള്ളത് ഭരിക്കുന്ന പാ൪ട്ടിക്കാണ്. എല്ലാവരെയും ലക്ഷ്യം വെക്കാൻ തുടങ്ങിയാൽ പിന്നെ അഴിമതിക്കെതിരായ സമരത്തിൽ കൂടെ നിൽക്കാൻ ആരുണ്ടാകുമെന്ന് ബേദി ചോദിച്ചു.
അതേസമയം, ഐ.എ.സി (ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ) തെരഞ്ഞെടുപ്പിൽ നി൪ത്തുന്ന സത്യസന്ധരായ സ്ഥാനാ൪ഥികളെ പിന്തുണക്കുമെന്ന് ബേദി പറഞ്ഞു. ഒരു രാഷ്ട്രീയ ബദലിന് നേതൃത്വം നൽകാൻ കെജ്രിവാളിന് കഴിയില്ലെന്ന് ബേദി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പിയെ എതി൪ക്കാത്ത ബേദിയുടെ നിലപാട് തള്ളിയ കെജ്രിവാൾ കോൺഗ്രസും ബി.ജെ.പിയും എങ്ങനെ ഒരുമിച്ച് പ്രവ൪ത്തിക്കുന്നുവെന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
