വെള്ളാപ്പള്ളിയുടെ നിലപാട് സമുദായ സംവരണത്തിനെതിര് -സംവരണ സമുദായ മുന്നണി
text_fieldsആലപ്പുഴ: സംവരണം വലിയ വിഷയമല്ലെന്നും ജാതിക്കല്ല, നീതി നിഷേധിക്കപ്പെട്ട പാവങ്ങൾക്കാണ് നീതി ഉറപ്പാക്കേണ്ടതെന്നുമുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻെറ ഇപ്പോഴത്തെ നിലപാട് സമുദായ സംവരണത്തിന് എതിരാണെന്ന് സംവരണ സമുദായ മുന്നണി പ്രസിഡൻറ് വി. ദിനകരൻ. സംവരണത്തിൻെറ കടയ്ക്കൽ കത്തിവെക്കാനാണ് എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം. അതുകൊണ്ടാണ് ഇതിനോട് സംവരണ സമുദായങ്ങൾ യോജിക്കാത്തതെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സംവരണ സമുദായ മുന്നണിക്ക് പ്രസക്തിയില്ലെന്നാണ് ഇപ്പോൾ വെള്ളാപ്പള്ളി പറയുന്നത്. ആ മുന്നണി ശക്തമായി പ്രവ൪ത്തിച്ചതുകൊണ്ടാണ് നരേന്ദ്രൻ കമീഷൻ പാക്കേജ് അംഗീകരിപ്പിക്കാൻ കഴിഞ്ഞത്. ക്രീമിലെയ൪ കേസിൽ നിന്ന് എൻ.എസ്.എസ് പിൻവാങ്ങിയത് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന എസ്.ആ൪. സിൻഹോ കമീഷൻ റിപ്പോ൪ട്ടിൽ പ്രതീക്ഷ ഉള്ളതുകൊണ്ടാണ്. അല്ലാതെ എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം ശക്തിപ്പെടുത്താൻ വേണ്ടിയല്ല. എൻ.എസ്.എസിൻെറ താൽപ്പര്യം മനസ്സിലാക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് കഴിഞ്ഞിട്ടില്ല. ക്രീമിലെയ൪ കേസിൽ എൻ.എസ്.എസിന് ആത്മാ൪ഥത ഉണ്ടെങ്കിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോടതിയിൽ കൊടുത്ത കേസിൽ സാമ്പത്തിക സംവരണത്തിന് അനുകൂലമായി കക്ഷിചേ൪ന്ന എൻ.എസ്.എസ് അത് പിൻവലിക്കാൻ തയാറാകണം. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം സമ്മ൪ദം ചെലുത്തണം. ഏത് വിഭാഗത്തിൽപ്പെട്ടവരായാലും പാവപ്പെട്ടവ൪ക്ക് സാമ്പത്തിക സംവരണം നൽകണമെന്നാണ് മുന്നണിയുടെ അഭിപ്രായം.
അതേസമയം, സമുദായ സംവരണം അട്ടിമറിക്കാനുള്ള നീക്കം വ൪ധിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ പിന്നാക്ക, പട്ടികജാതി വ൪ഗ വിഭാഗങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
