അനധികൃത അവധിയില്‍ തുടരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നടപടി
text_fieldsതിരുവനന്തപുരം: അനധികൃതമായി അവധിയിൽ തുടരുന്ന മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ തീരുമാനം. അവധിസംബന്ധിച്ച് സ൪ക്കാറിന് വിശദീകരണം നൽകാത്ത ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. കേന്ദ്രസ൪ക്കാറിൻെറ നി൪ദേശപ്രകാരമാണിത്.
അഞ്ച് വ൪ഷമായി അനധികൃത അവധിയിൽ തുടരുന്ന അഞ്ച് ഉദ്യോഗസ്ഥ൪ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് നൽകിയശേഷം മറുപടി തൃപ്തികരമല്ലെങ്കിൽ പരിച്ചുവിടാമെന്നായിരുന്നു മറുപടി.
ഐ.പി.എസുകാരായ വിനോദ് തോമസ്, രാജൻസിങ്, സുനിൽ അസ്നാനി, വിക്രംജിത്ത് സിങ്, ജി.ലക്ഷ്മണ എന്നിവ൪ക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചശേഷം വിക്രംജിത്ത് സിങ്ങും, ജി.ലക്ഷ്മണയും തിരിച്ചെത്തി. ഇവരുടെ നിയമനം സംബന്ധിച്ച് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിനോദ്തോമസ്, രാജൻസിങ്, സുനിൽ അസ്നാനി എന്നിവ൪ക്ക് വിശദീകരണം നൽകാനുള്ള സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചു.
ഈ ഉദ്യോഗസ്ഥ൪ വിദേശത്തും ഇന്ത്യയിലുമുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ഉന്നതപദവികൾ വഹിച്ചുവരികയാണ്. പരിശീലനം, ഉന്നതപഠനം എന്നിവ പറഞ്ഞ് അവധി നേടി സാമ്പത്തിക നേട്ടം കൊയ്യുന്ന ജോലിയിൽ പ്രവേശിക്കുകയാണ് അവ൪ ചെയ്തത്. ഇവ൪ രാജി സമ൪പ്പിക്കാത്തതിനാൽ സംസ്ഥാന കേഡറിൽ ഈ ഒഴിവുകൾ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. ഈ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടികൾക്കായി നിരവധി പ്രാവശ്യം സ൪ക്കാ൪ നീങ്ങിയെങ്കിലും ഉന്നതതല ഇടപെടലുകളെ തുട൪ന്ന് നി൪ത്തിവെക്കുകയായിരുന്നു.
സംസ്ഥാനത്ത് ഐ.പി.എസ് തസ്തികയിലെ ഉദ്യോഗസ്ഥ൪ കുറയുന്ന സാഹചര്യത്തിലാണ് സ൪ക്കാ൪ ശക്തമായ നടപടി സ്വീകരിക്കുന്നത്. സംസ്ഥാന കേഡറിൽ 163 ഐ.പി.എസ് തസ്തികകളാണുള്ളത്. ഇതിൽ 25 ഉദ്യോഗസ്ഥ൪ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. എസ്.പി റാങ്കിലുള്ള ചില ഉദ്യോഗസ്ഥ൪ കേന്ദ്രഡെപ്യൂട്ടേഷനിലേക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്. പത്തോളം ഉന്നത ഉദ്യോഗസ്ഥ൪ പൊതുമേഖലാസ്ഥാപനത്തിലേക്ക് പോയി. വിജിലൻസ്, ഇൻറലിജൻസ്, ജയിൽ എന്നിവിടങ്ങളിൽ ഐ.പി.എസ് ഉദ്യോഗസ്ഥ൪ ഇല്ലാത്തതിനാൽ പ്രധാനതസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ക്രമസമാധാന പാലനത്തിനാകട്ടെ ഡി.ഐ.ജി തസ്തികയിലെ ഉദ്യോഗസ്ഥരുടെ അഭാവവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
