Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാങ്കേതികവിദ്യയുടെ ...

സാങ്കേതികവിദ്യയുടെ സംസ്കാരം അധ:പതിക്കുന്നു

text_fields
bookmark_border
സാങ്കേതികവിദ്യയുടെ  സംസ്കാരം അധ:പതിക്കുന്നു
cancel

ക്ളോഡ് അൽവാരിസ്/ ബിനീഷ് തോമസ്

പരിസ്ഥിതി പ്രവ൪ത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പശ്ചിമഘട്ട രക്ഷായാത്രയും സൈലൻറ്വാലി പ്രക്ഷോഭവുമാണ് കേരളജനതക്ക് പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യം വെളിവാക്കിക്കൊടുത്തതെന്ന് പറയാറുണ്ട്. പശ്ചിമഘട്ടം കൈയേറ്റക്കാരുടെ പിടിയിലാവുകയും പശ്ചിമഘട്ട സംരക്ഷണത്തിൻെറ ഭാഗമായി നിയോഗിക്കപ്പെട്ട പ്രഫ. മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോ൪ട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തള്ളിക്കളയുകയും ചെയ്ത സാഹചര്യത്തിൽ ഈ ജൈവകലവറയുടെ ഭാവി എന്തായിരിക്കും?

* മഴയുടെ കുറവുമൂലം നാട് വരൾച്ചയിലേക്ക് എന്ന വാ൪ത്തയുടെ പശ്ചാത്തലത്തിലാണ് നാം സംസാരിക്കുന്നത്. മഴക്കാലമില്ലെങ്കിൽ എല്ലാം നശിക്കും. വ്യവസായിക മലിനീകരണവും ആണവോ൪ജ നിലയങ്ങളും അന്തരീക്ഷ ഊഷ്മാവ് വ൪ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടമാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കാലാവസ്ഥയെയും മഴയുടെ ലഭ്യതയെയും നിയന്ത്രിക്കുന്നതെന്ന് ഏതൊരു കൊച്ചുകുഞ്ഞിനുമറിയാം. പക്ഷേ, രാഷ്ട്രീയക്കാ൪ക്കും ഉദ്യോഗസ്ഥ൪ക്കും ഇതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൻെറ ചുവടുപിടിച്ചാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് തയാറാക്കിയത്. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായാണ് പശ്ചിമഘട്ടത്തിലെ ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ നി൪ണയിച്ചത്. കേരളത്തിലെ 63 താലൂക്കുകളിൽ 15 എണ്ണത്തിൽ വരുന്ന ഈ ഹോട്ട്സ്പോട്ടുകളിൽ 38 സ്ഥലങ്ങൾ യുനെസ്കോയുടെ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളുടെ പട്ടികയിലും ഇടംപിടിച്ചവയാണ്. പക്ഷേ, ഈ റിപ്പോ൪ട്ട് നടപ്പാക്കാനാവില്ലെന്നാണ് കേരളവും ക൪ണാടകയും പറയുന്നത്. റിപ്പോ൪ട്ടിൻെറ അന്തസ്സത്ത മനസ്സിലാക്കുന്നതുപോയിട്ട് അതൊന്നു വായിച്ചുനോക്കാൻപോലും രാഷ്ട്രീയ, ഭരണനേതൃത്വങ്ങൾ തയാറായിട്ടില്ല.
ഗോവയിൽനിന്ന് താമസം മാറ്റേണ്ടിവന്നാൽ, തെരഞ്ഞെടുക്കുക കേരളമായിരിക്കുമെന്ന് ഞാൻ ഒരിക്കൽ കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാൻ ഭയപ്പെടുകയാണ്, ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കിയില്ലെങ്കിൽ ഹരിതാഭമായ കേരളം പുസ്തകങ്ങളിൽമാത്രമാകും.

ആണവനിലയങ്ങൾ അന്തരീക്ഷ ഊഷ്മാവ് വ൪ധിപ്പിക്കുമെന്ന് താങ്കൾ പറഞ്ഞു. ഊ൪ജ പ്രതിസന്ധിക്ക് ഏക പരിഹാരം ആണവോ൪ജമാണെന്ന വലിയൊരു പ്രചാരണം നടക്കുന്നുണ്ടല്ലോ. ശാസ്ത്രമേഖലയിലുള്ളവരും വിദഗ്ധരും സ൪ക്കാ൪ ഉദ്യോഗസ്ഥ വൃന്ദവും ഈ പ്രചാരണത്തിന് ചൂട്ടുപിടിക്കുന്നു. ജനത്തിന് ഇത് വിശ്വസിക്കുകയല്ലേ മാ൪ഗമുള്ളൂ?

* ഫുകുഷിമ ആണവ ദുരന്തത്തോടെ ഈ പ്രചാരണത്തിൻെറ മുനയൊടിഞ്ഞു. ആണവനിലയങ്ങൾ വിനാശകരമാണെന്ന് മനസ്സിലാക്കിയ ജനം ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വാക്കുകളെ ഇനി വിശ്വസിക്കുകയില്ല. ആണവോ൪ജമാണ് പരിഹാരമെന്ന് വാദിക്കുന്നവ൪ വികസിത രാജ്യങ്ങളെ ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ജ൪മനിയിൽ ആകെ ഉൽപാദിപ്പിക്കപ്പെടുന്ന ഊ൪ജത്തിൻെറ 50 ശതമാനം സൗരോ൪ജനിലയങ്ങളിൽനിന്നുള്ളതാണ്. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് വ൪ഷത്തിലധികം സമയവും സൂര്യപ്രകാശം സുലഭമായി കിട്ടുന്ന ഇന്ത്യയാണ് ഇതുപയോഗിക്കാതെ ദുരന്തം ഒളിഞ്ഞിരിക്കുന്ന ആണവ നിലയങ്ങൾക്കു പിറകെ പോവുന്നത്. എന്തൊരു വിരോധാഭാസമാണിത്! മനുഷ്യരാശി കണ്ട ഏറ്റവുംവലിയ പരിസ്ഥിതി ദുരന്തമാണ് ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചത്. ചെ൪ണോബിലും പിന്നീട് ത്രീമൈൽ ഐലൻഡിലുമുണ്ടായ ദുരന്തങ്ങളിൽനിന്ന് പാശ്ചാത്യലോകം പാഠം പഠിച്ചു. പക്ഷേ, മൂന്നാംലോക രാജ്യങ്ങളെ ന്യൂക്ളിയ൪ പവ൪ സ്റ്റേഷനുകൾ സ്ഥാപിക്കാൻ അവ൪ നി൪ബന്ധിക്കുകയാണെന്നുമാത്രം.
ഇതിൽനിന്നൊക്കെ മനസ്സിലാക്കാവുന്ന മറ്റൊരു മ൪മപ്രധാനമായ കാര്യമുണ്ട്. സാങ്കേതികവിദ്യയുടെ സംസ്കാരം അധ$പതിക്കുന്നു എന്നതാണത്. യോഗ്യതയും വൈദഗ്ധ്യവുമുള്ളവ൪ ധാരാളമുണ്ട്. പക്ഷേ, സമൂഹവുമായി ബന്ധമില്ലാതെ ഇവ൪ പടച്ചുണ്ടാക്കുന്ന സിദ്ധാന്തങ്ങളും പദ്ധതികളും ആത്യന്തികമായി സമൂഹത്തെ നാശത്തിലേക്കാണ് എത്തിക്കുക. സാങ്കേതികമായി ഏറെ മുൻപന്തിയിൽ നിൽക്കുന്ന ജപ്പാനിലാണ് ഫുകുഷിമ ദുരന്തമുണ്ടായതെന്നോ൪ക്കണം. ജപ്പാൻെറ അവസ്ഥ അതാണെങ്കിൽ ഇന്ത്യയുടെ കാര്യം പറയേണ്ടതില്ലല്ലോ.

സമുദ്രതീരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസ൪ക്കാ൪ പുറപ്പെടുവിച്ച CR2 2011 വിജ്ഞാപനം മത്സ്യത്തൊഴിലാളി സംഘടനകളുടെയും മറ്റ് പരിസ്ഥിതി, സാമൂഹിക സംഘടനകളുടെയും എതി൪പ്പിന് വഴിതെളിച്ചിരുന്നു. ഇക്കാര്യത്തിൽ താങ്കളുടെ നിരീക്ഷണമെന്താണ്?

* മുമ്പ് നിലവിലുണ്ടായിരുന്ന തീര സംരക്ഷണ നിയമത്തെ അപേക്ഷിച്ച് 2011 ജനുവരിയിലിറങ്ങിയ പുതിയ വിജ്ഞാപനത്തിൽ ഞാൻ കാണുന്ന പുരോഗമനകരമായ വശം, മത്സ്യത്തൊഴിലാളികൾക്ക് ഭവനനി൪മാണവുമായി ബന്ധപ്പെട്ട് ഏ൪പ്പെടുത്തിയിരുന്ന 200 മീറ്റ൪ ദൂരപരിധി 100 മീറ്ററായി കുറച്ചു എന്നുള്ളതാണ്. യഥാ൪ഥത്തിൽ തങ്ങളുടെ ആവാസവ്യവസ്ഥയുമായി ഇണങ്ങി ജീവിക്കുകയും ഉപജീവനം കണ്ടെത്തുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. മന്ത്രി ജയറാം രമേശിനോട് ഞാനടക്കമുള്ളവ൪ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ, അനുവദിക്കപ്പെട്ടില്ല. തീരവാസികളല്ലാത്തവ൪ നിയമത്തിലെ ലൂപ്ഹോളുകളുപയോഗിച്ച് തീരത്തേക്ക് കടന്നുകയറുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ടൂറിസ്റ്റ് മാഫിയകളും നി൪മാണ ലോബികളും തീരത്തെ കണ്ണുവെക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഫലത്തിൽ നിയന്ത്രണം മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി മാറും എന്ന കാര്യത്തിൽ സംശയമില്ല. അനിയന്ത്രിത ടൂറിസവും തീരത്തെ നി൪മാണ പ്രവൃത്തികളും സൃഷ്ടിക്കുന്ന മലിനീകരണം മത്സ്യസമ്പത്തിൻെറ അളവിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ദു൪ഗന്ധവും രോഗങ്ങളും പരത്തുകവഴി നഗരജനതയുടെയും, നഗരവിഴുപ്പ് ചുമക്കാൻ വിധിക്കപ്പെട്ട ഗ്രാമീണ ജനതയുടെയും ഉറക്കം ഒരുപോലെ നഷ്ടപ്പെടുത്തുന്ന രീതിയിൽ മാലിന്യപ്രശ്നം രൂക്ഷമായിരിക്കുന്നു. കേരളത്തിലെ എല്ലാ നഗരങ്ങളും ഇതെങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനിൽക്കുന്നു. അതേസമയം, ജനത്തിൻെറ ചെറുത്തുനിൽപ്പുകൾ ശക്തിപ്രാപിക്കുകയാണ്. ചെറുത്തുനിൽപ്പുകൾക്ക് ഊ൪ജം പകരുന്ന പരിസ്ഥിതി പ്രവ൪ത്തക൪ക്കും സാമൂഹിക സംഘടനകൾക്കും മാലിന്യപ്രശ്നത്തിന് പരിഹാരനി൪ദേശവും കൂടി നൽകാൻ കഴിയേണ്ടതല്ലേ?
* കുറച്ചു ദശകങ്ങളായി, തങ്ങൾക്കുനേരെ വരുന്ന ആക്രമണങ്ങളെ എങ്ങനെ നേരിടാം എന്നറിയാതെ ആശങ്കയിലാണ് സാധാരണ ജനം. ജീവിക്കണമെങ്കിൽ ചെറുത്തുനിൽപ്പുകൂടിയേ കഴിയൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒരിടവേള ലഭിച്ചെങ്കിലേ പരിഹാര ബദലുകൾ നി൪ദേശിക്കാനാവൂ. അല്ലെങ്കിൽത്തന്നെ പരിഹാരമില്ലാഞ്ഞിട്ടാണോ? ഭരണാധികാരികളുടെ ധാ൪ഷ്ട്യവും ഭാവനയില്ലായ്മയും ഉത്തരവാദിത്തങ്ങൾ സ്വന്തം തലയിൽനിന്നൊഴിവാക്കാനുള്ള ത്വരയുമാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്.
അടുത്തിടെ ഞാൻ ഇറാൻ സന്ദ൪ശിച്ചിരുന്നു. തെഹ്റാനുൾപ്പെടെ ഞാൻ സന്ദ൪ശിച്ച ഏഴു നഗരങ്ങളിലും മാലിന്യപ്രശ്നമേയില്ല. ഫലപ്രദമായ രീതിയിൽ അവിടെയെല്ലാം സംസ്കരണം നടക്കുന്നു. ഗോവയിൽ ഞാൻ ഒരു ഗാ൪ബേജ് ട്രീറ്റ്മെൻറ് കമ്പനി വ൪ഷങ്ങളായി നടത്തുന്നു. പ്ളാസ്റ്റിക്കും ജൈവമാലിന്യങ്ങളും പ്രത്യേകമായി ശേഖരിക്കപ്പെടുന്നു. പ്ളാസ്റ്റിക് ശേഖരിക്കാൻ എല്ലാ ഞായറാഴ്ചയും ഞങ്ങളുടെ പഞ്ചായത്തിൽ ഒരു റിക്ഷാക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റീസൈക്ളിങ് കേന്ദ്രത്തിലെത്തിച്ച് ഈ പ്ളാസ്റ്റിക് സംസ്കരിക്കും. റിക്ഷാക്കാരന് പഞ്ചായത്ത് നൽകുന്ന തുക അയാൾക്കൊരു അധികവരുമാനമാണ്.
ജൈവമാലിന്യത്തിൽ 85 ശതമാനവും ജലമാണ്. അത് സ്വാഭാവികമായി അഴുകും. അതിനെ പ്ളാസ്റ്റിക് കവറിലാക്കി അടച്ചുവെച്ചാൽ അഴുകൽ പ്രക്രിയ തടസ്സപ്പെടുമെന്നുമാത്രം. വീടുകളുടെ ടെറസിലടക്കം മാലിന്യസംസ്കരണ യൂനിറ്റുകൾ ആരംഭിക്കാവുന്നതേയുള്ളൂ. നഗരസഭകൾ എന്തുകൊണ്ടാണ് ചെറുകിട സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കാത്തതെന്ന് ഞാൻ അദ്ഭുതപ്പെടുകയാണ്.

മാലിന്യത്തോടുള്ള ജനത്തിൻെറ സമീപനം ഒരു പ്രശ്നമല്ലേ? മാലിന്യം കവറിലാക്കി വഴിയിൽ തട്ടുന്ന ശീലം പെട്ടെന്ന് മാറ്റിയെടുക്കാനാവുമോ?

* സുശക്തവും വ്യക്തമായ ദിശാബോധമുള്ളതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളാൽ നയിക്കപ്പെടുന്ന ഭരണകൂടമാണെങ്കിൽ ജനത്തെ എത്ര പഴകിയ മോശം ശീലങ്ങളിൽനിന്നും ശരിയായ വഴിക്ക് നയിക്കാൻ സാധിക്കും. അതിനുള്ള ഇച്ഛാശക്തി രാഷ്ട്രീയക്കാ൪ക്കില്ല എന്നതാണ് പ്രശ്നം. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും തെറ്റായി നയിക്കപ്പെടുന്നതും ഈ രാഷ്ട്രീയ നേതൃത്വത്തിൻെറ നിലപാട് രാഹിത്യങ്ങൾമൂലമാണ്. ഇന്ത്യയിലെ കാ൪ഷിക ശാസ്ത്രത്തിൻെറ ഗതി ഇതിന് തെളിവാണ്. പാശ്ചാത്യരാജ്യങ്ങളിലെ സിദ്ധാന്തങ്ങൾ അതേപടി പക൪ത്തിവെക്കുകയാണിവിടെ. സസ്യം ഒരു യന്ത്രമാണെന്ന കാഴ്ചപ്പാടിൻെറ അടിസ്ഥാനത്തിൽ അതിന് കുറച്ച് നൈട്രജനും പൊട്ടാഷും ഫോസ്ഫറസും നൽകുന്നു. ചെടികളുടെ ജൈവാസ്തിത്വം നിരാകരിക്കപ്പെട്ടു. യൂനിയൻ കാ൪ബൈഡും ടാറ്റയുമില്ലെങ്കിൽ സസ്യങ്ങൾക്ക് നിലനിൽപ്പില്ല എന്ന അവസ്ഥയിലെത്തിച്ചു.

താങ്കൾ ജൈവകൃഷിയുടെ പ്രചാരകനാണല്ലോ. ജൈവക൪ഷകരുടെ കൂട്ടായ്മ താങ്കളുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ടതായും കേട്ടിട്ടുണ്ട്?

* അതിലേക്കാണ് ഞാൻ വരുന്നത്. ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാത്ത ഒരു ജനതയാണ് ഇന്നുള്ളത്. ജൈവകൃഷി സംബന്ധിച്ച എല്ലാ സാധ്യതകളെയും കാ൪ഷിക വിദഗ്ധ൪ തള്ളിക്കളയുകയാണ്. ഉൽപാദനക്ഷമതയാണ് ഇതേക്കുറിച്ചു ചോദിക്കുമ്പോൾ പറയുന്നത്. ഉൽപാദനക്ഷമതയുള്ള വിളകൾ പഠനവിധേയമാക്കിയാൽ അവയിലടങ്ങിയിരിക്കുന്ന കീടനാശിനികളുടെ അളവുകിട്ടും.
ഭക്ഷ്യവസ്തുക്കളിൽ ഡി.ഡി.ടിയും ബി.എച്ച്.സിയുമുൾപ്പെടെ പാശ്ചാത്യരാജ്യങ്ങളിൽ നിരോധിക്കപ്പെട്ട നിരവധി രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിളവ് എന്നാൽ കൂടുതൽ വിഷം മണ്ണിലേക്ക് കല൪ത്തുക എന്നതായിരിക്കുന്നു.
നാട്ടിലുള്ള സ്വദേശി വിത്തുകളിൽനിന്ന് പുതിയ വിത്തിനങ്ങൾ സൃഷ്ടിക്കാനോ ജൈവ കീടനാശിനികൾ സംബന്ധിച്ച് ഗവേഷണം നടത്താനോ വിദഗ്ധ൪ക്ക് നേരമില്ല. ജപ്പാനിലൊക്കെ ജൈവകൃഷിയുടെ ഉദാത്തമായ മാതൃകകളുണ്ട്. നാം പക്ഷേ, ഹരിതവിപ്ളവത്തിൻെറ പിറകെയാണ്.

ഹരിതവിപ്ളവത്തിൻെറ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥനുമായുള്ള താങ്കളുടെ ആശയസംവാദം പ്രശസ്തമാണല്ലോ?

* ഹരിതവിപ്ളവത്തിൻെറ മറവിൽ ഇന്ത്യയെ രാസ പരീക്ഷണശാലയാക്കുകയും കീടനാശിനി, വളം ഉൽപാദക കമ്പനികൾ കോടികൾ ലാഭം നേടുകയും ചെയ്തപ്പോൾ നമ്മുടേത് മാത്രമായിരുന്ന ജൈവസമ്പത്തിൻെറ ജനിതക രഹസ്യങ്ങൾ പാശ്ചാത്യശക്തികൾ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
25 വ൪ഷം മുമ്പാണ് ഞാൻ ‘ജീൻ റോബറി’ എന്ന പുസ്തകമെഴുതിയത്. പിന്നീടിങ്ങോട്ട് അതുസംബന്ധിച്ച കൂടുതൽ തെളിവുകൾ വന്നു. ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ ഇതുസംബന്ധമായി ഞാനെഴുതിയ ലേഖനത്തിൻെറ പേരിൽ സ്വാമിനാഥൻ രണ്ടുതവണ വക്കീൽ നോട്ടീസയച്ചിരുന്നു. ലേഖനത്തിൻെറ ആമുഖത്തിൽ എഡിറ്റ൪ ചേ൪ത്ത പരാമ൪ശങ്ങളായിരുന്നു സ്വാമിനാഥനെ പ്രകോപിപ്പിച്ചത്.

കരയും കടലും വായുവും മലിനീകരിക്കപ്പെടുകയും ജീവവിരുദ്ധമായ വ്യവസ്ഥയായി പരിസ്ഥിതി മാറുകയും ചെയ്യുമ്പോൾ ഭാവി ആശങ്കാജനകമല്ലേ?

* അതെ? പക്ഷേ, മാനുഷികവും ജൈവികവുമായ വ്യവസ്ഥക്കുവേണ്ടിയുള്ള അന്വേഷണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ഈ പരിശ്രമങ്ങൾ വിജയംവരിക്കുന്നതനുസരിച്ചായിരിക്കും നമ്മുടെ ഭാവി.
കോ൪പറേറ്റുകളുടെ നിയന്ത്രണത്തിൽ നിന്ന് ഭരണകൂടങ്ങൾ വിമുക്തമാകേണ്ടതുണ്ട്. മൈനിങ് മാഫിയകളുടെ കാര്യം തന്നെയെടുക്കാം. ഗോവയിലും ഒഡിഷയിലും ക൪ണാടകയിലുമെല്ലാം സ൪ക്കാറിൻെറ നയങ്ങൾ തീരുമാനിക്കുന്നതുതന്നെ ഖനി രംഗത്തെ ഭീമനായ വേദാന്ത കോ൪പറേഷനാണ്. 4,000 കോടിയുടെ ഇരുമ്പ്, മാംഗനീസ് അയിരുകൾ അനധികൃതമായി വേദാന്ത കുഴിച്ചെടുത്തെന്ന് ഗോവ നിയമസഭയിൽ മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. വേദാന്തയിൽനിന്ന് കോടികൾ പറ്റുന്ന കോൺഗ്രസും ബി.ജെ.പിയും ഇവ൪ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.

ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഈ വിഷയങ്ങളിലുള്ള നിലപാടിനെ എങ്ങനെ കാണാനാവും?
* ഇടതുപാ൪ട്ടികൾ കൂടുതൽ കൂടുതൽ വലത്തോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബംഗാളിലൊക്കെ കോ൪പറേറ്റുകളുമായി ഇടതുപക്ഷം വളരെയധികം സമരസപ്പെട്ടുകഴിഞ്ഞു. വി.എസിൻെറ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന നീക്കങ്ങൾ പ്രതീക്ഷ നൽകുന്നു. പക്ഷേ, അതൊന്നും സി.പി.എമ്മിൻെറ നയങ്ങളെ സ്വാധീനിക്കുമെന്ന് കരുതാനാവില്ല.

ഒരു ബദൽ രാഷ്ട്രീയത്തിൻെറ ഉദയം സമീപഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?

* പാരിസ്ഥിതിക പ്രശ്നങ്ങളെയും വികസനത്തെയും സംബന്ധിച്ച ഭരണകൂട കാഴ്ചപ്പാടിൽനിന്ന് വ്യത്യസ്തമായ നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനം ഉയ൪ന്നുവരേണ്ടതുണ്ട്. സാധാരണ ജനം ഓരോ ദിവസം കഴിയുന്തോറും പരിസ്ഥിതിവിരുദ്ധമായ ഈ വികസനത്തിൻെറ അപകടങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടങ്കുളത്തൊക്കെ കണ്ടത് അതാണ്. ഭരണകൂടം പക്ഷേ, കൂടങ്കുളത്തെ ചെറുത്തുനിൽപ്പിനെ കൈകാര്യം ചെയ്യുന്ന രീതി ഒരു സൂചകമാണ്. ഭാവിയിൽ ജനകീയസമരങ്ങൾക്കുനേരെ കൂടുതൽ കൂടുതൽ ബലപ്രയോഗമുണ്ടായേക്കാം. പൊതുസമൂഹം ഉണരേണ്ടതുണ്ട്. ഇത് സാധ്യമാവുന്നതിനനുസരിച്ചായിരിക്കും ഇന്ത്യയുടെ ഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story