പാളത്തില്‍ ബോംബ്: സന്തോഷ് പിടിയില്‍
text_fieldsകോട്ടയം: പിറവംറോഡ് റെയിൽവേ സ്റ്റേഷന് സമീപം പൈപ്പ് ബോംബ്വെച്ച സംഭവത്തിൽ ബോംബ് നി൪മാണത്തിന്സഹായിച്ച വെളിയനാട് എടയ്ക്കാട്ടുവയൽ മുട്ടശേരിൽ സന്തോഷ് (മാട്ടം സന്തോഷ് -35) പൊലീസ് പിടിയിൽ. തിങ്കളാഴ്ച രാവിലെ വെളിയനാട്ട് നാട്ടുകാരാണ് സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് ആറ് ഡിറ്റണേറ്ററുകളും അമോണിയം നൈട്രേറ്റും പിടിച്ചെടുത്തിട്ടുണ്ട്. സന്തോഷിന് സ്ഫോടകവസ്തുക്കൾ നൽകിയ ഇയാളുടെ അകന്ന ബന്ധു തൊടുപുഴ മേപ്രാൽ സ്വദേശി അനൂപും പൊലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി വീടിന് സമീപം മലയിലെ റബ൪ തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സന്തോഷ്.
പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമുണ്ട് മരത്തിൽകെട്ടിയാണ് തൂങ്ങിയത്. എന്നാൽ, മുണ്ടഴിഞ്ഞുവീണ് പരിക്കേറ്റു. പൊലീസിനെ ഭയന്ന് ഓടി മുള്ളുവേലിയിൽ കുടുങ്ങിയും പരിക്കേറ്റിരുന്നു. മുറിവും വിശപ്പും സഹിക്കാനാവാതെ സന്തോഷ് പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ വീട്ടിൽ വെള്ളംകുടിക്കാൻ എത്തിയപ്പോൾ വീട്ടുകാ൪ പഞ്ചായത്ത് മെംബറെയും മറ്റ് ആളുകളെയും അറിയിച്ചു. നാട്ടുകാരെത്തി സന്തോഷിനെ തടഞ്ഞുവെച്ചു.
മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് തലയോലപ്പറമ്പ് പൊലീസിന് കൈമാറി.
സന്തോഷിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് ബോംബ് നി൪മാണത്തിന് ഉപയോഗിച്ച ഡിറ്റണേറ്ററും അമോണിയം നൈട്രേറ്റും മറ്റും കണ്ടെത്തി. സന്തോഷ് നിരവധി മോഷണകേസുകളിൽ പ്രതിയാണ്.
വെളിയനാട് ഒരു വീട്ടിൽനിന്ന് സ്വ൪ണബിസ്കറ്റ് മോഷ്ടിച്ച കേസിൽ മൂന്നുവ൪ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. ഈകേസിൽ അപ്പീൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ബോംബ് നി൪മാണത്തിൽ സെന്തിലിനെ സഹായിച്ചത്.
മേസ്തിരിപ്പണിക്കാരനായ സന്തോഷ് ഭാര്യയുടെ ബന്ധു അനൂപിൽനിന്നാണ് ബോംബ് നി൪മാണത്തിനുള്ള സാമഗ്രികൾ ശേഖരിച്ചത്. അനൂപിൻെറ തൊടുപുഴ മേപ്രയിലെ വീടിന് സമീപം പാറമടയുണ്ട്. നാളുകളായി പ്രവ൪ത്തനം നി൪ത്തിവെച്ച ഈ പാറമടയിൽനിന്നാണ് സ്ഫോടകവസ്തുക്കൾ സന്തോഷ് കൈക്കലാക്കിയത്. ഇലക്ട്രിക് വയറിങ് ജോലികൾക്ക് പോയിട്ടുള്ള പരിചയമാണ് ബോംബുണ്ടാക്കാൻ ഇയാളെ സഹായിച്ചത്. കിണ൪ കുഴിക്കുന്ന ജോലിക്കുപോയി ഡിറ്റണേറ്റ൪ പ്രവ൪ത്തിപ്പിക്കുന്ന വിധവും സന്തോഷ് മനസ്സിലാക്കിയിരുന്നു. തോട്ടയുണ്ടാക്കി മീൻ പിടിക്കുന്ന പതിവും ഉണ്ടായിരുന്നു. സന്തോഷിൻെറ സമീപവാസിയും അകന്ന ബന്ധുവുംകൂടിയാണ് സെന്തിൽ.
സെന്തിൽ സമീപിച്ചപ്പോൾ ആദ്യം തോമസിൻെറ വീട് തോട്ട വെച്ച് തക൪ക്കാനായിരുന്നു ഇരുവരും പരിപാടിയിട്ടത്. പിന്നീട് തോട്ട തോമസിൻെറ വീടിന് സമീപം സ്ഥാപിച്ച് പൊലീസിൽ വിവരം അറിയിക്കാമെന്നും പദ്ധതിയിട്ടു.
റെയിൽവേ പാളത്തിൽ ബോംബ് സ്ഥാപിച്ച് അതുവഴി തോമസ് പിടിയിലായാൽ ആജീവനാന്തം കേസിൽ കുടുങ്ങുമെന്ന് കരുതിയാണ് ഈ രീതി പരീക്ഷിച്ചത്. എന്നാൽ, തോമസിന് വെച്ചത് സെന്തിലിനും സന്തോഷിനും തിരിഞ്ഞുകൊള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
