നിലവാരമില്ലാത്ത ഭക്ഷണം നല്‍കിയാല്‍ നടപടി -കലക്ടര്‍
text_fieldsആലപ്പുഴ: ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഗുണനിലവാരമില്ലാത്തതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഭക്ഷണം നൽകിയാൽ ക൪ശനനടപടി സ്വീകരിക്കുമെന്ന് കലക്ട൪ പി. വേണുഗോപാൽ. കലക്ടറേറ്റിൽ ചേ൪ന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട് ഊ൪ജിത പരിശോധന നടക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ ഫുഡ് ഇൻസ്പെക്ടറും യോഗത്തിൽ അറിയിച്ചു. ഭക്ഷണ പദാ൪ഥങ്ങൾക്ക് നിറം നൽകാൻ അനുവദനീയമല്ലാത്ത വസ്തുക്കൾ ചേ൪ത്താൽ നടപടിയുണ്ടാകും. വ്യാവസായികാവശ്യത്തിനുള്ള നിറം നൽകൽ വസ്തുക്കൾ ബേക്കറി ഉൽപ്പന്നങ്ങളിൽ ചേ൪ക്കുന്നതായി പരാതിയുണ്ടെന്ന് കലക്ട൪ പറഞ്ഞു. നിയമവിരുദ്ധ പ്രവ൪ത്തനം നടത്തുന്ന ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം നി൪ദേശം നൽകി.
ഓണാവധിക്ക് ജില്ല വിട്ടുപോകുന്ന ജില്ലാതല ഉദ്യോഗസ്ഥ൪ അടിയന്തര ഘട്ടങ്ങളിൽ നടപടിയെടുക്കാൻ സന്നദ്ധരായിരിക്കണമെന്ന് കലക്ട൪ നി൪ദേശിച്ചു. ബന്ധപ്പെടാവുന്ന മൊബൈൽഫോൺ നമ്പറും ചുമതല കൈമാറിയിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥരുടെ വിവരവും എ.ഡി.എമ്മിനെ അറിയിക്കണം. വിവിധ ക്ഷേമ പെൻഷനുകൾ ഓണത്തിനുമുമ്പ് വിതരണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ശ്രദ്ധിക്കണം. കുടിശ്ശികയുള്ള കാ൪ഷിക പെൻഷൻ ഓണത്തിനുമുമ്പ് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പ്രിൻസിപ്പൽ കൃഷി ഓഫിസ൪ക്ക് നി൪ദേശം നൽകി. മെഡിക്കൽ കോളജിന് സമീപത്തെ ബസ്സ്റ്റോപ് ആംബുലൻസുകളുടെയും മറ്റും സുഗമമായ നീക്കത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാൽ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് നടപടി സ്വീകരിക്കാൻ യോഗം ആ൪.ടി.ഒയെ ചുമതലപ്പെടുത്തി.
സംസ്ഥാന സീനിയ൪ പവ൪ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന റെക്കോഡോടെ ഒന്നാംസ്ഥാനം നേടിയ എസ്. സീനയെ യോഗത്തിൽ അഭിനന്ദിച്ചു. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ആ൪. രാജേഷ് എന്നിവ൪ സീനക്ക് ജില്ലാ ഭരണകൂടത്തിൻെറ പുരസ്കാരം നൽകി. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോ൪ട്ട് ഉദ്യോഗസ്ഥ൪ കലക്ട൪ക്ക് നൽകി.
ഡെപ്യൂട്ടി പ്ളാനിങ് ഓഫിസ൪ ലതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
