Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോടനാട്...

കോടനാട് ആനക്കൊട്ടില്‍ നവീകരിക്കും -മന്ത്രി

text_fields
bookmark_border
കോടനാട് ആനക്കൊട്ടില്‍ നവീകരിക്കും -മന്ത്രി
cancel

കോടനാട്-കൊച്ചി: ശോച്യാവസ്ഥയിലായ കോടനാട് ആനക്കൊട്ടിൽ പുനലൂ൪ ഡിവിഷനിൽനിന്ന് തമ്പകംതടി കൊണ്ടുവന്ന് നവീകരിക്കുമെന്ന് വനംമന്ത്രി കെ.ബി. ഗണേഷ് കുമാ൪. കോടനാട് കപ്രിക്കാട്ട് അഭയാരണ്യം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻെറ നി൪മാണപ്രവ൪ത്തനങ്ങൾക്ക് ഉടൻ തുടക്കംകുറിക്കുമെന്നും മന്ത്രി പറഞ്ഞു. അഭയാരണ്യത്തിനായി തയാറാക്കിയ മാസ്റ്റ൪ പ്ളാനിൽ ചില ഭേദഗതികൾ വരുത്താനുണ്ട്. മാസ്റ്റ൪ പ്ളാൻ അംഗീകരിച്ചാലുടൻ പദ്ധതി പ്രവ൪ത്തനപഥത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
മലയാറ്റൂ൪ വനം ഡിവിഷൻെറ പുതിയ ഓഫിസ് മന്ദിരത്തിൻെറ ശിലാസ്ഥാപനം കോടനാട് നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കാട്ടിൽനിന്ന് നാട്ടിലിറങ്ങി അപകടത്തിൽപ്പെടുന്ന വന്യജീവികളുടെ സംരക്ഷണകേന്ദ്രമെന്ന നിലയിലാണ് അഭയാരണ്യം വിഭാവനം ചെയ്തത്. ഒപ്പം ടൂറിസം പ്രധാന്യമുള്ള കേന്ദ്രമായി അഭയാരണ്യത്തെ വികസിപ്പിക്കും. കപ്രിക്കാട്ടിന് സമീപത്തെ തുരുത്തിലേക്ക് തൂക്കുപാലം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂ൪ മൃഗശാല പുത്തൂരിലെ 360 ഏക്ക൪ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സെപ്റ്റംബറിൽ മുഖ്യമന്ത്രി തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 120 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക. 150 കോടി ചെലവിൽ ഏഷ്യയിലെ ഏറ്റവും ആധുനിക മൃഗശാലയാണ് പുത്തൂരിൽ രൂപം കൊള്ളുക. മൃഗശാല രൂപകൽപ്പനയിൽ വിദഗ്ധനായ ആസ്ട്രേലിയയിലെ ജോൺ കോയുടെ സഹായം ഇതിനായി സ൪ക്കാ൪ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നാട്ടിലിറങ്ങി നാശം വിതക്കുന്ന ആനകളെ പിടികൂടി ആനക്കൊട്ടിലിൽ കൊണ്ടുവരുന്നതും വനം വകുപ്പിൻെറ പരിഗണനയിലുണ്ട്. കാട്ടിനകത്ത് വെള്ളമില്ലാത്തതാണ് വന്യമൃഗങ്ങളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇതിന് പരിഹാരമായി വനത്തിനുള്ളിൽ തടയണകൾ നി൪മിച്ചുവരികയാണ്.
കാട്ടിനകത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിച്ച് ഈ പ്രദേശം വനമായി നിലനി൪ത്തുന്നതിന് 85 കോടി യുടെ പദ്ധതിക്ക് കേന്ദ്ര സ൪ക്കാ൪ അനുമതി നൽകിയിട്ടുണ്ട്. വയനാട് മേഖലയിൽ ഇതിനകം മൂന്ന് ഗ്രാമങ്ങൾ ഒഴിപ്പിച്ച് ആറു കോടി ചെലവിൽ പുനരധിവാസം നടപ്പാക്കി.
ഈ ഗ്രാമങ്ങളിലെ പാടങ്ങൾ തടയണ കെട്ടി തടാകങ്ങളാക്കാനും നടപടി സ്വീകരിച്ചു. ഇതിന് ചുറ്റുമുള്ള പ്രദേശം വനമാക്കി മാറ്റുകയാണ് ലക്ഷ്യം.
സംരക്ഷണകേന്ദ്രങ്ങളിലെ വന്യമൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമല്ലാത്തത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക കൃഷിപദ്ധതി നടപ്പാക്കും. കപ്രിക്കാട്ട് എട്ടേക്ക൪ സ്ഥലത്ത് ആനപ്പുല്ല് വെച്ചുപിടിപ്പിക്കാൻ നി൪ദേശം നൽകിയിട്ടുണ്ട്. ആനപ്പിണ്ടത്തിൽനിന്ന് കടലാസുണ്ടാക്കുന്ന പദ്ധതി കോടനാട്ടേക്ക് കൂടി വ്യാപിപ്പിക്കും. കോടനാട്ട് കൂടുതൽ ആനകളെ എത്തിക്കാനാകുമെങ്കിലും ആവശ്യത്തിന് പാപ്പാന്മാരെ കിട്ടാത്തതാണ് വെല്ലുവിളി.
ഒരാനയെ സംരക്ഷിക്കാൻ രണ്ട് പാപ്പാന്മാരെ വേണം. വനംവകുപ്പിന് വേണ്ടി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യന്ന പാപ്പാന്മാ൪, മുതല വള൪ത്തുകാ൪, പാമ്പ് സംരക്ഷക൪ എന്നിവരെ സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ദേവസ്വങ്ങൾക്ക് കീഴിലുള്ള ആനകൾ കടുത്ത പീഡനത്തിനിരയാകുന്നത് തുടരുകയാണ്. ഗുരുവായൂരിലെ ആനകളുടെ സംരക്ഷണത്തിന് 4.25 കോടിയുടെ പദ്ധതി തയാറാക്കി നൽകിയിട്ട് നാലു മാസമായെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോൾ കോടതി ദേവസ്വത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. വനം വകുപ്പിൽ ആനകളെ ഉപദ്രവിക്കുന്ന പാപ്പാന്മാരുണ്ടെങ്കിൽ അവരെ പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു.
സാജു പോൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. വനശ്രീ വിപണനകേന്ദ്രം കെ.പി. ധനപാലൻ എം.പിയും വനശ്രീ ഉൽപ്പന്നങ്ങളുടെ വിപണനം ടി.യു. കുരുവിള എം.എൽ.എയും ഉദ്ഘാടനം ചെയ്തു. നക്ഷത്രവനത്തിൻെറ ഉദ്ഘാടനം ജോസ് തെറ്റയിൽ എം.എൽ.എ നി൪വഹിച്ചു. പി.പി. തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. ഫോറസ്റ്റ് മുൻ പ്രിൻസിപ്പൽ ചീഫ് കൺസ൪വേറ്റ൪ ടി.എം. മനോഹരൻ, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ലഭിച്ച സി.എസ്. രാമകൃഷ്ണൻ, യു. സജീവ്കുമാ൪ എന്നിവ൪ക്ക് മന്ത്രി കെ.ബി. ഗണേഷ്കുമാ൪ ഉപഹാരങ്ങൾ നൽകി.
പ്രിൻസിപ്പൽ ചീഫ് കൺസ൪വേറ്റ൪ ആ൪. രാജരാജവ൪മ, കൂവപ്പടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പോൾ ഉതുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വൈ. പൗലോസ്, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസ൪വേറ്റ൪ ഡോ.ബി.എസ്. കോറി, ചീഫ് കൺസ൪വേറ്റ൪ (സെൻട്രൽ സ൪ക്കിൾ) ജുപിഡി പ്രസാദ് എന്നിവ൪ പങ്കെടുത്തു.

Show Full Article
TAGS:
Next Story