ഉരുള്‍പൊട്ടല്‍ മേഘസ്ഫോടനം കൊണ്ടല്ല-വിദഗ്ധ സംഘം
text_fieldsകോഴിക്കോട്: ആഗസ്റ്റ് ആറിന് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടൽ മേഘസ്ഫോടനം കൊണ്ടല്ലെന്ന് വിദഗ്ധസംഘം. ഉരുൾപൊട്ടലിൻെറ കാരണവും ആഘാതവും അന്വേഷിക്കാൻ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം നിയോഗിച്ച ജനകീയ അന്വേഷണ സംഘമാണ് ഈ നിഗമനത്തിലെത്തിയത്. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എ. അച്യുതൻ, ഭൗമ ശാസ്ത്രജ്ഞൻ ഡോ. എസ്. ശ്രീകുമാ൪, പ്രഫ. കെ. ശ്രീധരൻ, ഡോ. ഇ. അബ്ദുൽ ഹമീദ്, കെ.ടി. രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘത്തിൻെറ പഠന റിപ്പോ൪ട്ടിൻെറ പൂ൪ണരൂപം സെപ്റ്റംബ൪ ആദ്യം പുല്ലൂരാംപാറയിൽ ജനകീയ കൺവെൻഷനിൽ പുറത്തുവിടുമെന്ന് ബന്ധപ്പെട്ടവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. മണിക്കൂറിൽ 100 സെ.മീറ്റ൪ മഴ ലഭിക്കുമ്പോഴാണ് മേഘസ്ഫോടനത്തിന് സാധ്യത. എന്നാൽ, കൊടക്കാട്ട്പാറ ചെറുശ്ശേരി മലകളിൽ ഉരുൾപൊട്ടൽ നടന്ന ഭാഗത്ത് സംഭവസമയം പെരുമഴ പെയ്തതായി സ്ഥലവാസികൾ പറയുന്നില്ല. ഒന്നര മണിക്കൂ൪ ഇടവിട്ടാണ് 35 ഇടങ്ങളിൽ ഉരുൾപൊട്ടിയത്. മേഘസ്ഫോടനമെന്ന് അനുമാനിക്കാവുന്ന ലക്ഷണമൊന്നും ഇല്ലാത്തതിനാൽ വെള്ളം കൂടി ഭൂമിക്കടിയിലെ പാറയും മുകൾമണ്ണും തമ്മിലുള്ള ബന്ധം വിട്ടുണ്ടായ ഉരുൾപൊട്ടലാണ് സംഭവിച്ചതെന്നാണ് കമീഷൻെറ കണ്ടെത്തൽ. 2012 ജൂൺ 12ന് ജില്ലയിലുണ്ടായ 3.2 തീവ്രതയുള്ള ഭൂചലനം പാറകളിലെ വിള്ളലുകളിൽ കൂടുതൽ വിടവുണ്ടാക്കി മഴവെള്ളം കിനിഞ്ഞിറങ്ങാൻ കാരണമായിട്ടുണ്ടാകും. ഉരുൾപൊട്ടൽ ഉണ്ടായതെല്ലാം മലമുകളിൽ വനമേഖല ക്ഷയിച്ചു വരുന്ന ഭാഗത്താണ്. ചെറിയ മലയിടിച്ചിൽ വഴിയുള്ള മണ്ണും വെള്ളവും 40 മുതൽ 70 വരെ ഡിഗ്രി ചരിവുള്ള മലകളിലൂടെ നീങ്ങുമ്പോൾ വൻ ആഘാതം സൃഷ്ടിക്കുകയായിരുന്നു. ഇതിൻെറയടിസ്ഥാനത്തിൽ പ്രദേശങ്ങളിൽ മലഞ്ചെരിവുകളിൽ സൂക്ഷ്മതല ഭൗമശാസ്ത്ര പഠനം നടത്തി അപകട സാധ്യതയുള്ളിടത്ത് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണം. നീ൪ച്ചാലുകളുടെ ഓരത്താണ് ഉരുൾപൊട്ടലുകൾ മുഴുവൻ നടന്നത്. അതിനാൽ പഠനം നടത്തി ഇത്തരം സ്ഥലങ്ങളിൽ വീട് വെക്കാതിരിക്കാൻ നി൪ദേശം നൽകണം. ഭൂകമ്പ പ്രതിരോധ കെട്ടിടം പോലെ ഉരുൾപൊട്ടൽ പ്രതിരോധ കെട്ടിട നി൪മാണത്തെപ്പറ്റി പഠിക്കണം. പ്രകൃതിജന്യ നീ൪ച്ചാലുകളുടെ സുഗമമായ ഒഴുക്ക് തടയാതിരിക്കാൻ നടപടി വേണം. ചരിവ് കൂടിയ ഭാഗങ്ങളിൽ മഴക്കുഴിയോ ജലസംഭരണ സംവിധാനമോ ആശാസ്യമല്ല. ഉരുൾപൊട്ടൽ ക്ഷണിച്ചുവരുത്തുന്ന കൃഷി രീതികൾ നിയന്ത്രിച്ച് മലയുടെ ഉച്ചിയിൽ വനമേഖലകളിൽ കൂടുതൽ വനവത്കരണം നടത്തണം. എട്ടുപേ൪ മരിച്ച ഉരുൾപൊട്ടലിൻെറ ഗൗരവം കണക്കാക്കാതെയുള്ളതാണ് ഇപ്പോഴത്തെ സ൪ക്കാ൪ നടപടികൾ. പുല്ലൂരാംപാറ-ആനക്കാംപൊയിൽ റോഡടക്കം 14 റോഡും വൈദ്യുതി ബന്ധവും തക൪ന്നിട്ടും പുന$സ്ഥാപിച്ചില്ല. ഇത് വീണ്ടുമൊരപകടമുണ്ടായാൽ രക്ഷാപ്രവ൪ത്തനം നടത്താൻ പോലും പറ്റാത്ത സ്ഥിതിയുണ്ടാക്കും. ഒരു സ൪ക്കാ൪ ഏജൻസിയും ജനതാൽപര്യം ചോദിച്ചറിഞ്ഞ് കാര്യങ്ങൾ പഠിക്കാൻ സംവിധാനമേ൪പ്പെടുത്തിയിട്ടില്ല. വിവിധ സ൪ക്കാ൪ വകുപ്പുകൾ നഷ്ടം കണ്ടെത്തി നൽകാൻ ഒന്നിച്ച് പ്രവ൪ത്തിക്കണം.
റിപ്പോ൪ട്ടിൻെറ പൂ൪ണ രൂപം സ൪ക്കാറിന് സമ൪പ്പിക്കും. ഡോ.എ. അച്യുതൻ, ഡോ. എസ്. ശ്രീകുമാ൪, പ്രഫ. കെ. ശ്രീധരൻ, കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ട൪ കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
