വിജ്ഞാന വിരുന്നൊരുക്കി ബയോഡൈവേഴ്സിറ്റി പ്രത്യേക ട്രെയിന്‍ കൊച്ചിയില്‍
text_fieldsകൊച്ചി: രാജ്യത്തിൻെറ ജൈവ വൈവിധ്യം വിളിച്ചോതി സഞ്ചരിക്കുന്ന ശാസ്ത്ര പ്രദ൪ശനം കൊച്ചിയിലെത്തി. ശാസ്ത്രകുതുകികൾക്കും പരിസ്ഥിതി, ഭൗമ ശാസ്ത്ര വിദ്യാ൪ഥികൾക്കും സാധാരണക്കാ൪ക്കും വിജ്ഞാനത്തിൻെറ നീളൻ യാത്ര ഒരുക്കിയിരിക്കുന്ന ‘ബയോഡൈവേഴ്സിറ്റി സ്പെഷൽ ട്രെയിൻ സയൻസ് എക്സ്പ്രസ്’ എറണാകുളം സൗത്റെയിൽവേസ്റ്റേഷനിലാണ് സന്ദ൪ശക൪ക്ക് വിജ്ഞാന വിരുന്നൊരുക്കിയത്.
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ദൽഹി സഫ്ദ൪ജംഗ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പ്രദശന ട്രെയിൻ വിവിധ സ്റ്റേഷനുകൾ ചുറ്റിക്കറങ്ങി കന്യാകുമാരിയിൽ നിന്നാണ് വെള്ളിയാഴ്ച കൊച്ചിയിലെത്തിയത്. അടുത്ത നാല് ദിവസങ്ങളിൽ കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ ആസ്വാദകരെ കാത്തുകിടക്കും. കൊച്ചിയിലും കോഴിക്കോടും മാത്രമാണ് കേരളത്തിൽ പ്രദ൪ശനം.കൊച്ചിയിലെ പ്രദ൪ശനം കൊച്ചി സ൪വകലാശാല വി.സി രാമചന്ദ്രൻ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാ൪ന്ന ഭൂമിശാസ്ത്ര മേഖലകളായ ഹിമാലയ പ൪വതം, ഗംഗാനദീതടം, വടക്ക് കിഴക്കൻ പ്രദേശം, പശ്ചിമഘട്ടം, ഡക്കാൻ മേഖല, ദ്വീപുകൾ, കടൽത്തീരങ്ങൾ, വനമേഖലകൾ, മരുഭൂമികൾ എന്നിവ സംബന്ധിച്ച വിശദമായ ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും കാഴ്ചക്കാ൪ക്ക് പുതിയ അറിവുകൾ പകരുന്നതാണ്. ഈ മേഖലകളിലുള്ള ജീവികളുടെയും പക്ഷികളുടെയും ഉരഗങ്ങളുടെയും കീടങ്ങളുടെയും പറവകളുടെയും പ്രത്യേകതകളും ജീവിതരീതികളും വിവരിക്കുന്ന കുറിപ്പുകളും ഇവക്കൊപ്പമുണ്ട്. വ്യത്യസ്തയിനത്തിലുള്ള ചിത്രശലഭങ്ങളെ സ്റ്റഫ് ചെയ്ത് പ്രദ൪ശിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്തെ വിവിധ ഭൂപ്രദേശത്തുള്ളവ൪ക്കിടയിൽ കൃഷിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉത്സവങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള ചിത്രങ്ങളും വിവരണങ്ങളും ഉണ്ട്. ദേശീയ പാ൪ക്കുകൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങി സംരക്ഷിത ഭൂപ്രദേശങ്ങളെക്കുറിച്ചും വിശദമായി അറിയാൻ അവസരമുണ്ട്. പ്രകൃതിദുരന്തങ്ങൾക്കിടയാക്കുന്ന കാരണങ്ങളും പ്രകൃതി സംരക്ഷണത്തിൻെറ ആവശ്യകതയും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും സംഘാടക൪ നേരിട്ട് നടത്തുന്ന വിശദീകരണത്തിലൂടെയും സന്ദ൪ശകരിലേക്കെത്തുന്നു.
7516 കിലോമീറ്റ൪ നീളുന്ന തീരദേശത്തെയും സമുദ്ര ജീവികളെയും കുറിച്ച് പുത്തൻ അറിവുകൾ പ്രദ൪ശനം നൽകുന്നുണ്ട്. അന്തമാൻ നിക്കോബാ൪, ലക്ഷദ്വീപ് തുടങ്ങിയ ദ്വീപ സമൂഹങ്ങളിലെ വൈവിധ്യവും കാഴ്ചക്കാ൪ക്ക് മുന്നിൽ തെളിയുന്നു. മുത്തുച്ചിപ്പികളും പ്രത്യേകം പ്രദ൪ശിപ്പിച്ചിരിക്കുന്നു.
4000 വ൪ഷം മുമ്പ് ഇന്ത്യയിലെത്തിയ റാഗി മുതൽ ഓരോ ജനവിഭാഗത്തിൻെറ പ്രധാന ഭക്ഷ്യവസ്തുവായ ധാന്യങ്ങളുടെ ചിത്രങ്ങൾക്കും വിവരണങ്ങൾക്കും പുറമെ ചിന്ന പൊന്നി, ജീരിക സന്ന, കരിമുണ്ടുക തുടങ്ങി 30 ഇനം ധാന്യങ്ങൾ പ്രദ൪ശിപ്പിച്ചിട്ടുമുണ്ട്.പരിസ്ഥിതിയുമായി ബന്ധപ്പെട്ടവ മാതൃകകളുടെ സഹായത്തോടെയാണ് പ്രദ൪ശിപ്പിച്ചിട്ടുള്ളത്. ഒരു ടീ ഷ൪ട്ടുണ്ടാക്കുമ്പോൾ ഏഴ് കിലോ കാ൪ബൺഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നതടക്കം ടി.വി, വാഹനങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, പ്ളാസ്റ്റിക് ബോട്ടിൽ തുടങ്ങിയവയുടെ നി൪മാണവും ഉപയോഗവും മൂലം പുറന്തള്ളപ്പെടുന്ന കാ൪ബണിൻെറ കണക്കുകളും ചിത്രീകരിച്ചിട്ടുണ്ട്.
വിക്രം സാരാഭായി, എസ്. രാമാനുജൻ തുടങ്ങിയ പ്രഗല്ഭ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അവസാന ബോഗിയിൽ അധ്യാപക൪ക്കും കുട്ടികൾക്കും ശാസ്ത്ര -ഗണിത ശാസ്ത്ര പരിശീലനം നൽകാനും സംവിധാനമുണ്ട്.
2007ൽ പ്രധാന മന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം നി൪വഹിച്ച സഞ്ചരിക്കുന്ന ശാസ്ത്ര പ്രദ൪ശനം ഇതുവരെ 68,000 കിലോമീറ്ററാണ് പിന്നിട്ടത്. 64 ലക്ഷം പേ൪ സന്ദ൪ശിച്ച പ്രദ൪ശനം 220 സ്റ്റേഷനുകളിലായി 801 ദിവസങ്ങൾ പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
