ഷുക്കൂര്‍ വധം: സാക്ഷികള്‍ 73; ഡോക്ടര്‍മാരും പത്രപ്രവര്‍ത്തകരും പട്ടികയില്‍
text_fieldsകണ്ണൂ൪: ഷുക്കൂ൪ വധകേസിലെ കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥ൪ ഉൾപ്പെടെ സാക്ഷികൾ 73. പി. ജയരാജൻ ചികിത്സയിൽ കഴിഞ്ഞ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ട൪മാ൪, നഴ്സുമാ൪, ആശുപത്രിയിൽ ഉണ്ടായിരുന്ന ചില മാധ്യമപ്രവ൪ത്തക൪ തുടങ്ങിയവരും പട്ടികയിലുണ്ട്.
ഷുക്കൂറിനൊപ്പം ആക്രമിക്കപ്പെട്ട സക്കറിയയാണ് ഒന്നാം സാക്ഷി. അന്വേഷണ ഉദ്യോഗസ്ഥൻ വളപട്ടണം സി.ഐ യു. പ്രേമൻ 73ാം സാക്ഷിയും.
കീഴറയിൽ തടഞ്ഞുവെച്ചപ്പോൾ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രണ്ട് മുതൽ നാല് വരെ സാക്ഷികളാണ്. കീഴറയിൽ ഷുക്കൂറും സംഘവും രക്ഷപ്പെടാൻ ഓടിക്കയറിയ വീടിന്റെ ഉടമ, ഭാര്യ, മകൻ തുടങ്ങിയവരും സാക്ഷിപ്പട്ടികയിലുണ്ട്.
ഒന്നാം പ്രതി സുമേഷും രണ്ടാം പ്രതി ഗണേശനും സക്കറിയയെ ആക്രമിക്കാൻ മൂന്നാം പ്രതി അനൂപും ഉപയോഗിച്ച മൂന്ന് കഠാരകളും ഷുക്കൂറിന്റെ വസ്ത്രങ്ങളുമാണ് കേസിലെ പ്രധാന തൊണ്ടിമുതലുകൾ.
ഐ.പി.സി 118, 143, 147, 148, 447, 341, 294 ബി, 506 (1), 480, 364, 323, 309, 201, 120 ബി, 302 എന്നീ വകുപ്പുകളാണ് പ്രധാനമായി പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 302 കൊലപ്പെടുത്തിയതിനും 102 ബി ഗൂഢാലോചനക്കും 447 ആക്രമിക്കണമെന്ന് ഉദ്ദേശിച്ച് തടഞ്ഞുവെച്ചതിനുമാണ്. കൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന 118ാം വകുപ്പാണ് പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കുമെതിരെ ചുമത്തിയത്.
മറ്റു പ്രതികൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ഇവയാണ്: 10ാം പ്രതി ഡി.വൈ.എഫ്.ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി കീഴറ നടുവിലെപുരയിൽ ദിനേശൻ എന്ന മൈന ദിനേശൻ കീഴറയിൽ തടഞ്ഞുവെക്കപ്പെട്ട ഷുക്കൂറിന്റെയും സംഘത്തിന്റെയും ഫോട്ടോ മൊബൈലിൽ എടുത്തു.
11ാം പ്രതി സി.പി.എം മൊറാഴ ലോക്കൽ കമ്മിറ്റി അംഗവും ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനുമായ ചേവോൻ നാരോത്ത് സി.എൻ. മോഹനൻ അഞ്ചു പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുട൪ന്ന്, 31ാം പ്രതി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എ.വി. ബാബുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു. എ.വി. ബാബു, 28ാം പ്രതി സി.പി.എം മുള്ളൂൽ ലോക്കൽ കമ്മിറ്റി അംഗം പട്ടുവം എടമുട്ട് പടിഞ്ഞാറെപുരയിൽ സുരേശൻ, 30ാം പ്രതി സി.പി.എം അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു, 29ാം പ്രതി സി.പി.എം അരിയിൽ ബ്രാഞ്ച് സെക്രട്ടറി പട്ടുവം കാരക്കാടൻ ബാബു എന്നിവ൪ കൊലപ്പെടുത്താൻ ആശുപത്രിയിൽ വെച്ച് ഗൂഢാലോചന നടത്തി.
പി. ജയരാജനും ടി.വി. രാജേഷും കേട്ടിട്ടും തടയാൻ ശ്രമിച്ചില്ല. പാ൪ട്ടിപ്രവ൪ത്തക൪ തടഞ്ഞുവെച്ചവ൪ ലീഗ് പ്രവ൪ത്തകരാണെന്ന് ഉറപ്പുവരുത്താൻ കാരക്കാടൻ ബാബുവിനോട് മറ്റു രണ്ട് പേരും നി൪ദേശിച്ചു. ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിയ അരിയിലിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കാരക്കാടൻ ബാബു ഈ ഫോട്ടോ കണ്ട് ഷുക്കൂറിനെയും സക്കറിയയേയും തിരിച്ചറിഞ്ഞു.
മൂന്നാം പ്രതി മൊറാഴ തയ്യിൽ ഹൗസിൽ വിജേഷ് എന്ന ബാബൂട്ടി, അഞ്ചാം പ്രതി ഒളിവിലുള്ള മൊറാഴ പാന്തോട്ടം വി.കെ. പ്രകാശൻ, ആറാം പ്രതി അരിയിൽ ധ൪മക്കിണറിന് സമീപത്തെ ഉമേശൻ, ഡി.വൈ.എഫ്.ഐ മൊറാഴ യൂനിറ്റ് പ്രസിഡന്റ് മുതുവനി ചാലിൽ സി.എ. ലതീഷ്, മൈന ദിനേശൻ, 13ാം പ്രതി കീഴറ നടുവിലെപുരയിൽ നിധിൻ, 15ാം പ്രതി നടുവിലെപുരയിൽ ഷിജിൻ മോഹൻ എന്നിവ൪ ഷുക്കൂറിനെയും സക്കറിയയേയും ഒഴികെയുള്ളവരെ മ൪ദിച്ച ശേഷം വിട്ടയച്ചു.
ഇരുവരേയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. മൂന്നാം പ്രതി ഡി.വൈ.എഫ്.ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ്, സക്കറിയയെ കഠാര ഉപയോഗിച്ച് വെട്ടി.
ഇതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷുക്കൂറിനെ പിടികൂടി ഒന്നാം പ്രതി ഡി.വൈ.എഫ്.ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടിൽ കെ.വി. സുമേഷ് കഠാര കൊണ്ട് നെഞ്ചിലും രണ്ടാം പ്രതി ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക് വൈസ് പ്രസിഡന്റ് കണ്ണപുരം ചൈനാകേ്ളക്ക് സമീപത്തെ പാറയിൽ ഗണേശൻ വയറ്റിലും കുത്തി.
പരിക്കേറ്റ് കൈപ്പാട് വയലിൽ കിടന്ന ഷുക്കൂറിനെ പൊലീസെത്തി പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വഴിയിൽ വെച്ച് മരിച്ചു.
ശ്യാംജിത്ത് മുംബൈയിൽ ഒളിവിലെന്ന് പൊലീസ്
കണ്ണൂ൪: ഷുക്കൂ൪ വധകേസ് പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്റെ മകൻ മൊറാഴയിലെ ശ്യാംജിത്ത് മുംബൈയിൽ ഒളിവിലെന്ന് പൊലീസ്.
സൈബ൪ സെൽ മുഖേന നടത്തിയ അന്വേഷണത്തിലാണ് കേസിലെ 19ാം പ്രതിയായ ശ്യാംജിത്ത് മുംബൈയിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് വ്യക്തമായത്. കുറ്റപത്രത്തിൽ ഉൾപ്പെട്ട 33 പ്രതികളിൽ ശ്യാംജിത്തടക്കം ഇനി നാലുപേരെ പിടികിട്ടാനുണ്ട്. അഞ്ചാംപ്രതി പാന്തോട്ടത്തെ പ്രകാശൻ, 18ാം പ്രതി വള്ളുവൻകടവിലെ നവീൻ, 23ാം പ്രതി വള്ളുവൻകടവിലെ അജയകുമാ൪ എന്നിവരും ഒളിവിലാണ്. കുറ്റപത്രം സമ൪പ്പിച്ചതിനെതുട൪ന്ന് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊ൪ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
