പന്തു കളിക്കാന്‍ പാദങ്ങളെന്തിന്...
text_fieldsബാഴ്സലോണ: കളിയെ മനസ്സിൽ ഉപാസിക്കുന്ന ബ്രസീലിലാണ് ഗബ്രിയേലിന്റെ ജനനം. ഏതൊരു ബ്രസീലിയൻ ബാലനെയും പോലെ ഫുട്ബാളിന്റെ ഗതിവിഗതികൾക്കൊപ്പം കണ്ണുപായിച്ചു വള൪ന്ന ഗബ്രിയേലിന് പക്ഷേ, അവരെപ്പോലെ പന്തടിച്ചു വളരാൻ വലിയൊരു തടസ്സമുണ്ടായിരുന്നു. പാദങ്ങളും പന്തും തമ്മിലുള്ള പാരസ്പര്യമാണ് ഫുട്ബാളിന്റെ അടിസ്ഥാനമെങ്കിൽ പാദങ്ങളില്ലാതെയാണ് കുഞ്ഞു ഗബ്രിയേൽ പിറന്നു വീണത്.
പന്തടിക്കാൻ പാദങ്ങളില്ലെങ്കിലും കളിയെ അത്രമേൽ ഇഷ്ടപ്പെട്ട ഗബ്രിയേൽ ദൃഢനിശ്ചയവും കഠിനാധ്വാനവും കൈമുതലാക്കി കളിമുറ്റത്തേക്കിറങ്ങുകയായിരുന്നു. പയ്യന്റെ ഇച്ഛാശക്തിക്കുമുന്നിൽ പന്ത് വഴങ്ങിക്കൊടുത്തപ്പോൾ അതിശയകരമായ പന്തടക്കവും ഷൂട്ടിങ് പാടവവുമൊക്കെ പാദങ്ങളില്ലെങ്കിലും ഗബ്രിയേൽ വശത്താക്കിയെടുത്തു. ഒപ്പം മികച്ച ഡ്രിബ്ലിങ്ങും ചേ൪ന്നപ്പോൾ ഒന്നാന്തരം കളിക്കാരനായി അറിയപ്പെട്ടു തുടങ്ങി. തന്റെ കളിമികവ് ബ്രസീലിലെ ഒരു ടെലിവിഷൻ ചാനലിനു മുമ്പാകെ പ്രദ൪ശിപ്പിച്ചതോടെയാണ് ഗബ്രിയേലിന്റെ കഥ പുറംലോകമറിഞ്ഞത്.
ബാഴ്സലോണയുടെ കുപ്പായമണിയുകയാണ് തന്റെ സ്വപ്നമെന്ന് ഈ ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയ 11കാരനായ ഗബ്രിയേലിന് മുന്നിൽ വൈകാതെ അതിനുള്ള അവസരം കൈവന്നു. വിധിയോട് മല്ലിട്ട് പന്തിനെ കീഴ്പ്പെടുത്തിയ ഈ കുരുന്നിനെ ക്ളബ് അധികൃത൪ സ്പെയിനിൽ തങ്ങളുടെ അക്കാദമിയിലേക്ക് ക്ഷണിച്ചു. അവിടെ കൊച്ചുതാരങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചപ്പോൾ ഗബ്രിയേൽ ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 'പാദങ്ങളില്ലെങ്കിലും നീക്കങ്ങളിലെ ഏകോപനവും കൃത്യതയുമൊക്കെ അതിശയിപ്പിക്കുന്നതാണ്'-ക്ളബിന്റെ സൈക്കോളജിസ്റ്റ് മൗറിഷേയാ സോറസ് പറഞ്ഞു. ഇതുപോലൊരു കുട്ടിയെ ആദ്യമായാണ് തങ്ങൾ ഇവിടെ കളിപ്പിക്കുന്നതെന്നു പറഞ്ഞ എഫ്.സി ബാഴ്സലോണ അക്കാദമി അഡ്മിനിസ്ട്രേറ്റ൪മാരിലൊരാളായ ജോക്വിം എസ്ട്രാഡ ഗബ്രിയേലിന്റെ കേളീവൈഭവത്തെ പ്രകീ൪ത്തിച്ചു. പാദങ്ങളില്ലാത്ത ഗബ്രിയേലിന്റെ കളിമിടുക്ക് ചുരുങ്ങിയ ദിവസത്തിനകം ആറു ലക്ഷത്തോളം പേരാണ് യൂട്യൂബിൽ ദ൪ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
