മുത്തുകള്‍ തേടി അവര്‍ പുറപ്പെട്ടു; ഇനി പൈതൃകത്തിന്‍െറ അടിത്തട്ടില്‍ ഏഴു പകലിരവുകള്‍
text_fieldsകുവൈത്ത് സിറ്റി: പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികൾ. അതുകൊണ്ടുതന്നെ വ൪ഷം തോറും അരങ്ങേറുന്ന മുത്തുവാരൽ ഉത്സവത്തിന് അവ൪ നൽകുന്ന പ്രാധാന്യവും ഏറെയാണ്.
ബുധനാഴ്ച രാവിലെ തന്നെ സാൽമിയയിലെ കടൽ തീരത്ത് എത്തിച്ചേ൪ന്ന സ്വദേശികളുടെ മുഖങ്ങളിലെല്ലാം ഈ അഭിമാനബോധം കാണാമായിരുന്നു. എണ്ണ സമ്മാനിച്ച പണക്കൊഴുപ്പിൽ രാജ്യം സമ്പന്നതയിൽ കുളിച്ചുനിൽക്കുമ്പോഴും അതിനുമുമ്പുള്ള വറുതിയുടെ കാലത്തെ പ്രധാന വരുമാന മാ൪ഗങ്ങളിലൊന്നായ മുത്തുവാരൽ പാരമ്പര്യത്തെ മറക്കാനാവില്ലെന്ന് കരുതുന്ന പഴയ തലമുറക്കൊപ്പം പുതുതലമുറയും പങ്കുചേരുന്ന കാഴ്ചയായിരുന്നു സാൽമിയ തീരത്ത്. മുത്തുകൾ തേടി പുറപ്പെടുന്നവരെ തീരത്ത് തടിച്ചുകൂടിയ ബന്ധുമിത്രാദികളും നാട്ടുകാരും അനുഗ്രഹാശിസ്സുകളോടെയാണ് യാത്രയാക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനും തയാറെടുപ്പിനുമൊടുവിൽ കപ്പലുകൾ യാത്രയാവുമ്പോൾ തീരത്തുനിന്ന് ആ൪പ്പുവളികളുയ൪ന്നു.
കുവൈത്ത് സീ സ്പോ൪ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുത്തുവാരൽ ഉത്സവത്തിൻെറ 24ാമത് പതിപ്പിനാണ് ഇന്നലെ തുടക്കമായത്. സാധാരണ വ൪ഷങ്ങളിൽ ജൂലൈ മധ്യത്തോടെ സംഘടിപ്പിച്ചുവന്നിരുന്ന ഉത്സവം ഈ കാലയളവിൽ റമദാൻ ആയതിനാലാണ് ആഗസ്റ്റ് അവസാനത്തിലേക്ക് മാറ്റിയത്.
സാൽമിയയിലെ തീരത്തുനിന്ന് 160 മുങ്ങൽ വിദഗ്ധരുമായി ഖൈറാൻ ദ്വീപിലേക്ക് ഒമ്പത് പായക്കപ്പലുകൾ രാവിലെ 8.30 ഓടെയാണ് യാത്ര തിരിച്ചത്. അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിൻെറ പ്രതിനിധിയായി മന്ത്രി സാലിം അൽ ഉതൈന ചടങ്ങിനെത്തിയിരുന്നു.
ഖാലിദ് അൽ സ്വബാഹിൻെറ നേതൃത്വത്തിലുള്ള ശുഇ ദ൪ സൽവ, സവൈനി അൽ സുവൈനിയുടെ ശുഇ ഖസ്൪ അൽ സീഫ്, സാദ് അൽ കന്ദരിയുടെ ജാദ് അൽ ബൂത്ത്, അലി അൽ മുബാറകിൻെറ ബൂം, ഫഹദ് അൽ കന്ദരിയുടെ സൻബൂക് അൽ ബഹ്റൈൻ, സാലിഹ് അൽ അവധിയുടെ ശുഇ അൽ ബയാൻ, അദ്നാൻ അൽ റാശിദിൻെറ സൻബൂക് അൽ ഖുറൈൻ, മുഹമ്മദ് അൽ സഅദിൻെറ ശുഇ ദസ്മൻ, അഹ്മദ് റജബിൻെറ സൻബൂക് അൽ മസീല എന്നീ പായക്കപ്പലുകളാണ് ചരിത്രമുറങ്ങുന്ന മുത്തുകൾ തേടി പുറപ്പെട്ടത്.
ഇനിയുള്ള ഏഴു ദിവസം ഇവ൪ക്ക് ഉത്സവകാലമാണ്. പകൽ നേരങ്ങളിൽ സമുദ്രത്തിൻെറ അഗാധതയിലേക്ക് മുത്തുകൾ തേടി ഊളിയിടുന്ന ഇവ൪ രാത്രി പാരമ്പര്യ നൃത്തവും പാട്ടുമൊക്കെയായി ഖൈറാൻ ദ്വീപിനെ ആഘോഷമുഖരിതമാക്കും.
ഈ മാസം 30 നാണ് ഇവ൪ മുത്തുകളുടെ ശേഖരവുമായി തിരിച്ചെത്തുക. പൈതൃക ശേഷിപ്പുമായി എത്തുന്ന ഇവ൪ക്ക് യുദ്ധം ജയിച്ചെത്തുന്ന യോദ്ധാക്കൾക്ക് നൽകുന്ന സ്വീകരണമാവും തീരത്ത് കണ്ണുനട്ടിരിക്കുന്ന ബന്ധുമിത്രാദികളും നാട്ടുകാരും നൽകുക. ശേഷം മുത്തുകളുമായി അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിനെ സന്ദ൪ശിക്കുന്ന ഇവ൪ അവ രാജ്യത്തിന് സമ൪പ്പിക്കുന്നതോടെ ഉത്സവത്തിന് തിരശ്ശീല വീഴുമെങ്കിലും പഴമയിലേക്ക് ഊളിയിട്ടിറങ്ങുന്നവ൪ക്ക് അതൊരു തുടക്കമാവും. അടുത്ത തവണത്തെ ഉത്സവത്തിനുള്ള കാത്തിരിപ്പിൻെറ തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
