ഇന്ത്യ- ഇംഗ്ളണ്ട് കൊച്ചി ഏകദിനം ഡേ നൈറ്റ്
text_fieldsകൊച്ചി: ഇന്ത്യ- ഇംഗ്ളണ്ട് ഏകദിന ക്രിക്കറ്റ് മത്സരത്തിന് കൊച്ചി വേദിയാകുന്നു. അടുത്ത വ൪ഷം ജനുവരി 15 ന് കലൂ൪ ജവഹ൪ലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഡേ നൈറ്റ് മത്സരം. ഇത് എട്ടാം തവണയാണ് രാജ്യാന്തര മത്സരത്തിന് കൊച്ചി വേദിയാകുന്നതെങ്കിലും ആദ്യത്തെ ഡേ നൈറ്റ് മത്സരമാണ് ഇത്.
രണ്ട് മാസത്തിനകം ഗ്രൗണ്ടിന്റെയും പിച്ചിന്റെയും നി൪മാണം പൂ൪ത്തിയാകുമെന്ന് കെ.സി.എ സെക്രട്ടറി ടി.സി. മാത്യു, പ്രസിഡന്റ് ടി.ആ൪. ബാലകൃഷ്ണൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ദേവ്ധ൪ ട്രോഫി ചാമ്പ്യൻഷിപ്പിനും ഇക്കുറി കൊച്ചി വേദിയാകുന്നുണ്ട്. മാ൪ച്ച് 10 മുതൽ 13 വരെ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. രഞ്ജി ട്രോഫി മത്സരങ്ങൾ ഇത്തവണ നവംബ൪ 17 മുതൽ പെരിന്തൽമണ്ണ കെ.സി.എ സ്റ്റേഡിയത്തിൽ നടക്കും. അണ്ട൪ 25 സി.കെ. നായിഡു, അണ്ട൪ 19 കോക് ബെഹ൪ ടൂ൪ണമെന്റുകൾക്ക് തലശ്ശേരി കെ.സി.എ സ്റ്റേഡിയവും വേദിയാകും.
2014 ന് മുമ്പ് സംസ്ഥാനത്തെ 14 ജില്ലയിലും ഫസ്റ്റ്ക്ളാസ് മത്സരങ്ങൾക്ക് അനുയോജ്യമായ ഗ്രൗണ്ടുകൾ നി൪മിക്കാൻ പദ്ധതിയുണ്ട്. വയനാട് കൃഷ്ണഗിരിയിൽ അസോസിയേഷൻ നി൪മിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നി൪മാണം പൂ൪ത്തിയായി. ദേശീയ തലത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുതകുന്ന തരത്തിൽ തിരുവനന്തപുരത്ത് രണ്ട് സ്റ്റേഡിയം നി൪മിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ഇഞ്ചുറി മാനേജ്മെന്റ് സെന്ററുകൾ തുറക്കും.
ടിക്കറ്റ് വിൽപ്പനയിൽ കൃത്രിമം കാണിച്ചെന്ന കെ.സി.എക്കെതിരായ അഴിമതിയാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സെക്രട്ടറി പറഞ്ഞു. ഐ.പി.എൽ ആദ്യമത്സരത്തിന് 5000 ടിക്കറ്റുകളും രണ്ടാം മത്സരത്തിൽ 9,000 ടിക്കറ്റുകളും മാത്രമാണ് വിറ്റത്. എന്നാൽ, അനധികൃതമായി നിരവധി പേ൪ ഗാലറിയിലും സ്റ്റേഡിയത്തിലും പ്രവേശിച്ചിട്ടുണ്ട്. ഇതിൽ കെ.സി.എക്ക് പങ്കില്ല. തെളിവുകളില്ലാത്തതിനാൽ ഒരു കേസ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
