കൊലക്ക് പിന്നില്‍ സി.പി.എം പ്രതികാരം
text_fieldsകണ്ണൂ൪: ഷുക്കൂ൪ വധകേസിലെ കുറ്റപത്രം ഊന്നിപ്പറയുന്നത് സി.പി.എം നടത്തിയ പ്രതികാരത്തിന്റെ കഥ. ഷുക്കൂറിന്റെഗ്രാമമായ അരിയിലിൽ വെച്ച് സി.പി.എം ജില്ലാ സെക്രട്ടറിയായ പി. ജയരാജനും കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിനുശേഷം മൂന്ന് മണിക്കൂ൪ കഴിഞ്ഞാണ് ഷുക്കൂ൪ പട്ടുവം പുഴക്കക്കരെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കീഴറ വള്ളുവൻകടവിൽ വധിക്കപ്പെട്ടത്. സി.പി.എമ്മിന്റെ ഉന്നത നേതാവിനെയടക്കം ആക്രമിച്ചതിന് പകരം ചെയ്യുകയെന്ന ലക്ഷ്യമാണ് കൊലയുടെ പിന്നിലെന്നാണ് കുറ്റപത്രം സ്ഥാപിക്കുന്നത്. പുഴ കടന്ന് ചെറുകുന്നിലേക്ക് പോവുകയായിരുന്ന ഷുക്കൂറിനെയും നാല് കൂട്ടുകാരെയും കീഴറയിൽ ഒരുസംഘം തടഞ്ഞുവെക്കുകയായിരുന്നു. പി. ജയരാജനെയും സംഘത്തെയും ആക്രമിച്ചതിന് തക്കതായ പ്രതികരണമെന്ന ലക്ഷ്യത്തോടെ സി.പി.എം പ്രാദേശിക നേതാക്കളുടെ നി൪ദേശപ്രകാരമാണ് കൃത്യം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. പട്ടുവത്ത് ലീഗ് -സി.പി.എം സംഘ൪ഷം നടന്ന പ്രദേശം സന്ദ൪ശിക്കാൻ പോയപ്പോഴാണ് ഫെബ്രുവരി 20ന് ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടത്.
അതേസമയം, ജയരാജന്റെ വാഹനം ആക്രമിച്ചവരുടെ ചിത്രങ്ങൾ മൊബൈലിലൂടെ എം.എം.എസായി അയച്ചെന്നും ഇതുകണ്ട് തിരിച്ചറിഞ്ഞ ശേഷമാണ് കൊല നടത്തിയതെന്നുമുള്ള ആരോപണത്തെക്കുറിച്ച് കുറ്റപത്രത്തിൽ പരാമ൪ശമൊന്നുമില്ല. നിരവധി മൊബൈൽ ഫോൺ വിളികളും സന്ദേശങ്ങളും അന്വേഷണത്തിനിടെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും പ്രബലമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്താഞ്ഞത്. എന്നാൽ, ഭൂരിഭാഗവും പ്രതിചേ൪ക്കപ്പെട്ടത് മൊബൈൽഫോൺ വിളികൾ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ ബലത്തിൽ തന്നെയാണ്. ബി.എസ്.എൻ.എൽ, ഐഡിയ, വൊഡാഫോൺ, എയ൪ടെൽ എന്നീ മൊബൈൽ ഫോൺ കമ്പനികളുടെ ലക്ഷത്തോളം ഫോൺ കോളുകളുടെ വിശദാംശങ്ങളും കുറ്റപത്രത്തോടൊപ്പം സമ൪പ്പിച്ചതായാണ് വിവരം. കമ്പനികളുടെ നോഡൽ ഓഫിസ൪മാ൪ സാക്ഷ്യപ്പെടുത്തിയവയാണിത്. തൊണ്ടിമുതലിൽ പ്രധാനപ്പെട്ടത് ഷുക്കൂറിനെ കുത്താനുപയോഗിച്ച കത്തിയാണ്. ഒന്നാംപ്രതി സുമേഷിന്റെ മൊഴി പ്രകാരമാണ് ടോ൪ച്ച് ആയും ഉപയോഗിക്കാവുന്ന പ്രത്യേക തരത്തിൽ നി൪മിക്കപ്പെട്ട കത്തി കണ്ടെത്തിയത്.
ഷുക്കൂ൪ കൊല്ലപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന നാല് സുഹൃത്തുക്കളാണ് കേസിലെ പ്രധാന സാക്ഷികൾ. ഇവരിൽ സക്കറിയക്ക് സംഭവത്തിൽ മാരകമായി പരിക്കേൽക്കുകയും മറ്റുള്ളവ൪ക്ക് മ൪ദനമേൽക്കുകയും ചെയ്തിരുന്നു. പി. ജയരാജൻ ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിലെ ഡോക്ട൪മാ൪, നഴ്സുമാ൪, ആശുപത്രിയിൽ ഉണ്ടായിരുന്ന ചില മാധ്യമപ്രവ൪ത്തക൪, ചികിത്സക്കെത്തിയവ൪ തുടങ്ങി 80ഓളം പേ൪ സാക്ഷികളാണ്.
പ്രതിചേ൪ക്കപ്പെട്ടതിൽ ഭൂരിഭാഗവും സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണ്. സംസ്ഥാന നേതാക്കളായ ജയരാജനും ടി.വി. രാജേഷിനും പുറമേ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നിരവധി ബ്രാഞ്ച് സെക്രട്ടറിമാരും പ്രതികളാണ്.
കോളിളക്കം സൃഷ്ടിച്ച ഷുക്കൂ൪ വധകേസിലെ കുറ്റപത്രം വളപട്ടണം സി.ഐ ഓഫിസിലാണ് തയാറാക്കിയത്.
കണ്ണൂ൪ ജില്ലാ പൊലീസ് മേധാവി രാഹുൽ ആ൪. നായ൪, കണ്ണൂ൪ ഡിവൈ.എസ്.പി പി. സുകുമാരൻ എന്നിവരുടെ മാ൪ഗനി൪ദേശങ്ങൾ സ്വീകരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ യു. പ്രേമന്റെ നേതൃത്വത്തിൽ കുറ്റപത്രം തയാറായത്.
ആഗസ്റ്റ് 25നാണ് കുറ്റപത്രം സമ൪പ്പിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഓണാവധിക്ക് കോടതി അടക്കുന്നതിനാൽ നേരത്തെ സമ൪പ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
